| Thursday, 19th September 2019, 11:55 am

മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കും ; ഉടന്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കും. ഇബ്രാഹിം കുഞ്ഞിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുണ്ടെന്ന് വിജിലന്‍സ് അറിയിച്ചു. പണമിടപാടു സൂചിപ്പിക്കുന്ന തെളിവും വിജിലന്‍സിന് ലഭിച്ചതായാണ് വിവരം.

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണ് നടന്നതെന്ന് ടി.ഒ സൂരജ് പറഞ്ഞിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരവെയായിരുന്നു സൂരജിന്റെ പ്രതികരണം.

ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. പാലം നിര്‍മാണം നടന്ന സമയത്ത് റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലും കിറ്റ്‌കോയിലും ചുമതലകളുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം ഉടന്‍ പിടിയിലായേക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗൂഢാലോചനയില്‍ പങ്കെടുത്തവരടക്കം ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അഴിമതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി ഒ സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്നാണ് അവസാനിക്കുന്നത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് അവധിയായതിനാല്‍ കൊച്ചിയില്‍ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങിലാകും സൂരജ് അടക്കമുള്ളവരെ കൊണ്ടുവരിക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതികളുടെ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കുറ്റപ്പെടുത്തി സൂരജ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സത്യവാങ്ങ് മൂലം നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more