നീലംബം എന്ന നാട്ടുപേര് ഇന്ന് തൃക്കരിപ്പൂര്‍ ദേശക്കാര്‍ മറന്ന് തുടങ്ങി. തൃക്കരിപ്പൂര്‍ ഇല്ലായിരുന്നു. നീലംബം മാത്രമേ ഉണ്ടായിരുന്നുള്ളു. മുന്‍പുണ്ടായിരുന്ന തൊന്നും ഇന്ന് അത് പോലെ ഇല്ല.
എങ്കിലും ചിലത് അത് പോലെ നില നില്‍ക്കണമെന്ന് നമ്മള്‍ സ്വാര്‍ത്ഥമായി മോഹിക്കുന്നുണ്ട്.
നീലംബത്തിന്റെ തെയ്യപ്പൊലിമയില്‍ കര്‍ണ്ണമൂര്‍ത്തിയോളം ഗരിമയാര്‍ന്ന വ്യക്തിത്വമില്ല…..
തങ്കയം, നീലംബം ദേശത്തിലെ ഒരു ചെറിയ പ്രദേശമാണ്. മറ്റ് യാതൊരു പ്രത്യേകതയും ഇല്ലാത്ത ഗ്രാമം.
പക്ഷേ ഉത്തര മലബാറിന്റെ തെയ്യപ്പെരുമയില്‍ തങ്കയം കച്ചും ചുരികയും ഇരുപത്തിയൊന്ന് ആചാരക്കുറിയുമണിഞ്ഞ് കടുത്തിലയെന്ന തിരുവായുധമേന്തി മസ്തകമുയര്‍ത്തി നില്‍ക്കുന്നു…..
മേടം 21 , 22 23, 24 തീയ്യതികളില്‍ നാട്ടിലെത്താതിരിക്കാനാകില്ല. തെക്കും കരകര്‍ണ്ണമൂര്‍ത്തിയെന്ന ദൈവപ്പാതിയെ കണ്ട് മതിവരാത്ത ദിനങ്ങള്‍…
കളിയും ചിരിയും കുന്നിനകത്ത് ലോകറെ കൂടെയും അന്തിയുറക്കും കഞ്ഞീം ആനിടിപ്പടിഞ്ഞാറ്റയിലുമുള്ള ഒരു നാട്ട് ദൈവമായി കര്‍ണ്ണമൂര്‍ത്തിയുടെ ദേവായനങ്ങള്‍ …
തങ്കയം മാടത്തിന്‍ കീഴിലെ തെയ്യവിചാരം കലയുടെയും സംസ്‌ക്കാരത്തിന്റെയും തമസ്‌ക്കരിക്കപ്പെട്ടു പോയ ചരിത്രങ്ങളുടെ ഛത്രങ്ങള്‍ ചൂടിയാണ് നില്‍ക്കുന്നത്…
സവര്‍ണ്ണതയുടെ എല്ലാ കെട്ടുപാടുകള്‍ക്കുള്ളില്‍ നിന്നും പൊരുതി മുന്നേറുന്ന മാനവിക സംസ്‌ക്യതിയുടെ അടരുകളെ തെയ്യ ചരിത്ര നിര്‍മ്മാതാക്കള്‍ ബോധപൂര്‍വ്വം നിരാകരിക്കുകയായിരുന്നു….
ഇവിടെ ചേര്‍ത്തിട്ടുള്ള ചിത്രം കാണുന്നതു പോലെ അത്ര സുഖമുള്ള ഒന്നല്ല.
പയ്യന്നൂരില്‍ നിന്നും ആറ് കിലോ മീറ്റര്‍ അകലെയുള്ള തങ്കയം മാടത്തിന്‍ കീഴിലേക്ക് തെയ്യക്കാരന്‍ തിളക്കുന്ന തീവെയിലില്‍ ഓടുകയാണ്..
തെക്കുംകര ബാബൂ കര്‍ണ്ണമൂര്‍ത്തിയാണ് തെയ്യത്തിലെ ഈ ഓട്ടക്കാരന്‍.
നീലംബം ചക്രത്തിലേറി തൃക്കരിപ്പൂരിലേക്കോടിക്കയറിയിട്ടും തെയ്യം അതിന്റെ പഴയ സഞ്ചാര വേഗതയില്‍ തന്നെയാണ്….
വേഗത്തില്‍ വാഹനമോടിച്ച് പോകുന്നതിനായി വഴിയിലുടനീളം വെട്ടിപൊളിച്ച റോഡിന് മുകളിലൂടെയാണ് പഴയ കാലത്തെ കെട്ടി വലിച്ച് കാളക്കൂറ്റനെ പോലെ തെയ്യം ഓടുന്നത്…
ചെരുപ്പിട്ട് നടക്കാന്‍ പോലും പ്രയാസം….
കൂടെയുള്ളവരും ഇതെഴുതുന്നയാളും വാഹനങ്ങളിലകമ്പടി സേവിക്കുമ്പോള്‍ തെയ്യത്തിന് കാല് വെന്ത് പാഞ്ഞേ പറ്റൂ…..
തെക്കുംകര കര്‍ണ്ണമൂര്‍ത്തി പാരമ്പര്യത്തിലെ വമ്പരില്‍ വമ്പനും മുമ്പരില്‍ മുമ്പനുമായ തെയ്യമാണ് വൈരജാതന്‍. തെക്ക് നിന്ന് വടക്കോട്ട് സഞ്ചരിച്ച പടനായരായ കമ്പിക്കാനത്ത് നായരായിട്ടാണ് തെയ്യം ഭുമിയില്‍ ജന്‍മമെടുത്തത്.
ചെറുവത്തൂരാണ് ആരുഢം.
മൂത്ത നായരാണെങ്കിലും വലിയ വീട്ടില്‍ മാപ്പിളയാണ് ഉറ്റ ചങ്ങാതി.
കീഴാളനായ വണ്ണാനാണ് നായരായി മാറുന്നത്.
തെയ്യത്തില്‍ കറുത്ത കര്‍ണ്ണമൂര്‍ത്തി കച്ചും ചുരികയും ഇരുപത്തിയൊന്ന് ആചാരക്കുറിയുമണിഞ്ഞാല്‍ നായരായി.
അതു വരെ കര്‍ണ്ണമൂര്‍ത്തി കുമ്പിട്ട് പ്രണമിച്ച പ്രഭുക്കളൊക്കെ കമ്പിക്കാനത്ത് നായരായ കര്‍ണ്ണമൂര്‍ത്തിയെ തിരിച്ച് വണങ്ങും.
അങ്ങേയറ്റത്തെ ആദരവോടെ എതിരേല്‍ക്കും….
തെയ്യമായി ഉറഞ്ഞാടിയാല്‍ തനിക്ക് മുന്നിലെത്തുന്ന എല്ലാ സവര്‍ണ്ണരെയും തെയ്യം അടിച്ച് വീഴ്ത്തും…
ജാതീയത അടിമുടി അളിഞ്ഞ് നാറിയ സാംസ്‌ക്കാരിക ബോധ്യങ്ങള്‍ക്ക് വടക്കേ മലബാറിലെ തെയ്യങ്ങളുടെ ഈ മറിമായം തിരിയണമെന്നില്ല.
തങ്കയം മാടത്തിന്‍ കീഴിലെ പുന്തുരുത്തി കാരണവര്‍ ഒരു വീരപുരുഷനെ തെയ്യമെന്ന അധസ്ഥിത ശരീരത്തില്‍ പ്രതിഷ്ഠിച്ച നവോത്ഥാനം ചരിത്രത്തിലാവിയായിപ്പോകാനെന്തേ കാരണം….
അരുവിയില്‍ മുങ്ങിയ ഗുരുദേവന്‍ കല്ലെടുത്തപ്പോള്‍ ജീവിതത്തിന്റെ ആഴക്കാടലില്‍ മുങ്ങി മുത്തെടുത്ത പൂന്തുരുത്തി പൊതുവാളെന്ന ചരിത്ര പുരുഷ നും ഇവിടെ ഉണ്ടായിട്ടുണ്ട്….
അടിമുടി സവര്‍ണ്ണതയുടെ ബരണിക്കൊടം പടര്‍ത്തിയ തെയ്യം ജാതീയത എങ്ങിനെ കീഴ്‌മേല്‍ മറിക്കുന്നുവെന്ന് തെക്കും കര ബാബു കര്‍ണ്ണമൂര്‍ത്തി ഇന്ന് വൈകുന്നേരം കാണിച്ചു തരും….
പയ്യന്നൂരില്‍ നിന്നും തെയ്യം ദേശീയ പാതയുടെ എകീകരിച്ച വഴിയിലൂടെയല്ല ഓടുന്നത്. കര്‍ണ്ണമൂര്‍ത്തിയുടെ പ്രാക്തന സ്മൃതികളില്‍ അതിന്റെ മഞ്ഞു പോകാത്ത സഞ്ചാപഥം ഖേപ്പെടുത്തീട്ടുണ്ട്. മരിച്ച് പോയ എല്ലാ കര്‍ണ്ണമൂര്‍ത്തി മാരടെയും പാദമുദ്രകള്‍ പതിഞ്ഞ തെയ്യത്താരയിലൂടെയാണ് സഞ്ചരിച്ചെത്തുന്നത്. അതിരില്ലാത്ത നായര്‍ക്ക് അതിര് വെക്കാന്‍ നിങ്ങളാരെന്ന് തെയ്യം ചൊദിക്കുന്നതിന് അര്‍ത്ഥങ്ങള്‍ പലതാണ്. വിവേചനത്തിന്റെ അതിരുകള്‍ തെയ്യം തച്ച് തകര്‍ക്കുന്നത് ഇന്ന് വൈകുന്നേരം നേരിട്ട് കാണാം….
ഫോട്ടോ: വരുണ്‍ അടുത്തില