| Tuesday, 13th June 2017, 10:15 am

വിഴിഞ്ഞം തുറമുഖ പദ്ധതി കരാറുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നത് നഗ്നമായ അഴിമതി; ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞ കരാറില്‍ നടത്തിയ മാറ്റങ്ങളെല്ലാം സംസ്ഥാനത്തിന് ധനനഷ്ടമുണ്ടാക്കുന്നതും അദാനി ഗ്രൂപ്പിന് വന്‍ ലാഭമുണ്ടാക്കുന്നതുമാണെന്ന് സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍.

നഗ്‌നമായ അഴിമതിയാണ് ഈ കരാറുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നും ഇത്രയധികം മാറ്റങ്ങള്‍ വരുത്തിയ സാഹചര്യത്തില്‍ ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി പുതിയ ടെന്‍ഡര്‍ വിളിക്കേണ്ടതായിരുന്നു എന്ന് സി.എ.ജി. പറയുന്നതിന്റെ കാരണം അതാണെന്നും വി.എസ് പറയുന്നു.

വിഴിഞ്ഞം തുറമുഖപദ്ധതിക്കായി അദാനി ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധവും വന്‍ സാമ്പത്തികനഷ്ടം വരുത്തിവെയ്ക്കുന്നതുമാണ് എന്നാണ് സി ആന്‍ഡ് എ.ജി.യുടെ റിപ്പോര്‍ട്ട്. എന്നാല്‍ വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് വി.എസ്. സര്‍ക്കാരിന്റെ കാലത്തെ കരട് കരാറുമായി തന്റെ സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ താരതമ്യം ചെയ്യാന്‍ തയ്യാറുണ്ടോ എന്നാണ് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു ചോദിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ചോദ്യംകേട്ടാല്‍, ആരോ അദ്ദേഹത്തെ അങ്ങനെ താരതമ്യം ചെയ്യുന്നതില്‍നിന്ന് വിലക്കി എന്നുതോന്നുമെന്നും വി.എസ് മാതൃഭൂമിയിലെഴുതിയ “അഴിമതി തുറമുഖം” എന്ന ലേഖനത്തില്‍ പറയുന്നു.


Dont Miss സ്മൃതി ഇറാനിക്ക് നേരെ വളകളെറിഞ്ഞ് പ്രതിഷേധം; എറിഞ്ഞയാളുടെ ഭാര്യയ്ക്ക് വള സമ്മാനമായി നല്‍കാമെന്ന് മന്ത്രി 


സ്മാര്‍ട്ട് സിറ്റി കരാറുകളുടെ താരതമ്യം ചാര്‍ട്ടുവരച്ച് ഞങ്ങള്‍ ജനസമക്ഷം അവതരിപ്പിച്ചതാണ്. ജുഡീഷ്യല്‍ കമ്മിഷന്റെയും ജോലി അതല്ല. സി.എ.ജി. കണ്ടെത്തിയ അഴിമതിക്ക് ഉത്തരവാദികളായവര്‍ ആരൊക്കെ എന്നതാണ് ഇനി അറിയാനുള്ള പ്രധാനകാര്യമെന്നും വി.എസ് പറയുന്നു.

വിഴിഞ്ഞം കരാര്‍ സംസ്ഥാനസര്‍ക്കാരും അദാനിയുമായി നടത്തിയ ചര്‍ച്ചയിലൂടെ രൂപപ്പെട്ട കരാറല്ലെന്നും മറിച്ച്, ആഗോള ടെന്‍ഡര്‍വ്യവസ്ഥകള്‍ പ്രകാരമുള്ള കരാറാണ് എന്നാണ് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നത്. കരാറില്‍ പിന്നീട് ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നും, അങ്ങനെ മാറ്റംവരുത്തുന്നത് നിയമപ്രകാരം സാധ്യമല്ല എന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ടെന്‍ഡര്‍വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി, അദാനി ഗ്രൂപ്പിന് നല്‍കിയ ആനുകൂല്യങ്ങള്‍ സി.എ.ജി. അക്കമിട്ട് നിരത്തുന്നുണ്ടെന്നും വി.എസ് വ്യക്തമാക്കുന്നു.


Dont Miss ‘തൊഴില്‍ ചെയ്യുന്ന സ്ത്രീകളെ ഭയപ്പെടുത്തി അടുക്കളയിലേക്ക് തിരിച്ചയക്കാനാണ് നിങ്ങളുടെ മോഹമെങ്കില്‍ അത് നടക്കില്ല’; ‘അടിവസ്ത്രം ഇട്ട് വാര്‍ത്ത വായിക്കാന്‍’ പറഞ്ഞ മതപുരോഹിതന്റെ വായടപ്പിച്ച് അവതാരകയുടെ മറുപടി


പദ്ധതിപ്രദേശത്തിന്റെ 30 ശതമാനം സ്ഥലം എസ്റ്റേറ്റ് ഡെവലപ്മെന്റ് എന്നപേരില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനു നല്‍കിയത് അദാനിക്കുവേണ്ടി വരുത്തിയ മാറ്റമായിരുന്നു.

യൂസര്‍ഫീ പിരിക്കാനുള്ള സ്വകാര്യകമ്പനിയുടെ അവകാശം 30 വര്‍ഷത്തില്‍നിന്ന് 40 വര്‍ഷമാക്കി ഉയര്‍ത്തിക്കൊടുത്തത് അദാനിക്ക് പദ്ധതി നല്‍കിയശേഷമാണ്.

ഈ ഇളവ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍വന്ന മറ്റു നാല് കമ്പനികള്‍ക്ക് നല്‍കിയിരുന്നില്ല. തടയണ നിര്‍മിക്കുന്നതിന്റെയും മത്സ്യബന്ധന തുറമുഖത്തിന്റെയും പണി മറ്റൊരു ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞചെലവില്‍ നടത്തും എന്നായിരുന്നു, വ്യവസ്ഥ. എന്നാല്‍, അദാനിക്ക് പദ്ധതി നല്‍കിയശേഷം ഇതിനും മാറ്റംവന്നെന്നും വി.എസ് പറയുന്നു.

കേരള സര്‍ക്കാര്‍ പണം നല്‍കുകയും അദാനി ഗ്രൂപ്പുതന്നെ 1463 കോടി രൂപയ്ക്ക് ഈ പണികള്‍ നടത്തുകയും ചെയ്യുക എന്ന രൂപത്തില്‍ വ്യവസ്ഥ മാറ്റിയെഴുതി.

മറ്റു കമ്പനികള്‍ക്ക് നല്‍കാതിരുന്ന ആനുകൂല്യങ്ങള്‍ അദാനിക്ക് നല്‍കി എന്നു മാത്രമല്ല, മറ്റു കമ്പനികള്‍ ആവശ്യപ്പെട്ടിട്ടും നിഷേധിച്ച ആനുകൂല്യങ്ങള്‍ പിന്നീട് അദാനി ഗ്രൂപ്പിനു നല്‍കി. പദ്ധതിയുടെ ആസ്തി പണയംവെയ്ക്കാനുള്ള അവകാശം ടെന്‍ഡറില്‍ പങ്കെടുത്ത ഒരു കമ്പനി മാര്‍ച്ച് 2015-ന് ആവശ്യപ്പെട്ടതാണ്. ഇതു നല്‍കാനാവില്ല എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, ഈ അവകാശം അദാനി ഗ്രൂപ്പിന് നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.


നാല്‍പ്പതാം വര്‍ഷംവരെ സംസ്ഥാനത്തിന് ലഭിക്കാവുന്ന ഏറ്റവും കൂടിയ വരുമാനം 13,947 കോടി രൂപയാണ്. നാല്‍പ്പതാം വര്‍ഷം നമ്മള്‍ അദാനിക്ക് ഒരു ടെര്‍മിനേഷന്‍ പേയ്മെന്റ് നല്‍കണം. അത് 19,555 കോടി രൂപയാണെന്നും വി.എസ് പറയുന്നു.

പദ്ധതി സാമ്പത്തികക്ഷമത ഇല്ലാത്തതാണ് എന്ന് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുന്നു. വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കുന്നത് അതുകൊണ്ടാണല്ലോ. എന്നാല്‍, 1635 കോടി രൂപയുടെ ഫണ്ട് നല്‍കേണ്ടത് രണ്ടു ഗഡുക്കളായാണ്.ആദ്യഗഡുവായി 943 കോടിയും പിന്നീട് പദ്ധതി ആരംഭിച്ചശേഷം മാത്രം 691 കോടിയും. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 1226.7 കോടി രൂപ ആദ്യഗഡുവായി നല്‍കുന്നു.; സംസ്ഥാനത്തിന് പലിശയിനത്തില്‍ 123 കോടി രൂപയുടെ നഷ്ടം വരുത്തിവെയ്ക്കുകയായിരുന്നു, ഈ നടപടിയുടെ ഫലം.

പദ്ധതിപ്രദേശത്തിന്റെ 30 ശതമാനം സ്ഥലം റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് നല്‍കുമ്പോള്‍ വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ കുറവുവരുത്തേണ്ടതാണ്. അതുണ്ടായില്ല. പദ്ധതിയില്‍നിന്ന് യൂസര്‍ഫീ പിരിക്കാനുള്ള അവകാശം 30 വര്‍ഷത്തില്‍നിന്ന് 40 വര്‍ഷമായി അദാനിക്ക് വര്‍ധിപ്പിച്ചുനല്‍കിയ വകയില്‍ മാത്രം സംസ്ഥാനത്തിനുണ്ടാവുന്ന നഷ്ടവും അദാനിക്കുണ്ടാവുന്ന അധികലാഭവും 29,217 കോടി രൂപയാണെന്ന് സി.എ.ജി. വ്യക്തമാക്കുന്നുണ്ടെന്നും വി.എസ് പറയുന്നു.

40 വര്‍ഷമെന്നതുതന്നെ ഒരു മിനിമം കാലയളവാണ്.അദാനിക്ക് വേണമെങ്കില്‍ അത് 60 വര്‍ഷമായി വര്‍ധിപ്പിക്കാം. അപ്പോള്‍ സംസ്ഥാനനഷ്ടം പിന്നേയും വര്‍ധിക്കും. മാത്രമല്ല, അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 100 കിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ ഏതെങ്കിലും തുറമുഖം അനുവദിച്ചാല്‍ ഈ കാലാവധി വീണ്ടും നീട്ടാം. അങ്ങനെവന്നാല്‍, കുളച്ചല്‍ പോര്‍ട്ടും അദാനിക്ക് കൂടുതല്‍ ലാഭം നല്‍കുന്നതാവാം.ഈ ലാഭനഷ്ടക്കണക്കുകള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ റിപ്പോര്‍ട്ടിനെ ആസ്പദമാക്കി തയ്യാറാക്കിയതാണെന്നും വി.എസ് പറയുന്നു.

മത്സ്യബന്ധന തുറമുഖവും മറ്റും നിര്‍മിക്കാനുള്ള പ്രവൃത്തിയുടെ കാര്യവും വ്യത്യസ്തമല്ല. ഇതിനായി പ്രത്യേക ടെന്‍ഡര്‍ വിളിക്കുകയും അതില്‍ ഏറ്റവും കുറഞ്ഞ തുക ടെന്‍ഡര്‍ സമര്‍പ്പിക്കുന്ന കമ്പനിയുടെ ടെന്‍ഡര്‍ തുകയുടെ 15 ശതമാനത്തിനുള്ളിലാണ് തുറമുഖത്തിനു ടെന്‍ഡര്‍ ലഭിക്കുന്ന കമ്പനിയുടെയും ടെന്‍ഡര്‍. എങ്കില്‍മാത്രമേ അവരുമായി ചര്‍ച്ചപോലും പാടുള്ളൂ എന്നാണ് വ്യവസ്ഥ. എന്നാല്‍, ടെന്‍ഡര്‍പോലും വിളിക്കാതെ 2013-ല്‍ 746 കോടി എസ്റ്റിമേറ്റ് തയ്യാറാക്കിയ പദ്ധതി 1463 കോടി രൂപയ്ക്ക് അദാനിക്കുതന്നെ നല്‍കുകയാണ് ചെയ്തത്.

സാമാന്യബുദ്ധിയുള്ള ആരും സംശയിക്കുന്ന കാര്യങ്ങളാണിതെല്ലാം. കരാറിന്റെ 12.6.6 എന്ന വ്യവസ്ഥയനുസരിച്ച്,ഫണ്ട് നല്‍കിയുള്ള പ്രവൃത്തിയായ മത്സ്യബന്ധന തുറമുഖത്തിനുപോലും യൂസര്‍ഫീ പിരിക്കാന്‍ അദാനിക്ക് അവകാശം നല്‍കുന്നു. സംസ്ഥാനസര്‍ക്കാര്‍ മുടക്കുന്ന തുക 5071 കോടി രൂപ. അതായത്, പദ്ധതിയുടെ 67 ശതമാനം. അദാനി മുടക്കുന്നത് 2454 കോടി. ഇതിനുപുറമേ, റോഡ്, റെയില്‍ തുടങ്ങിയ സൗകര്യങ്ങള്‍കൂടി കണക്കാക്കിയാല്‍ പദ്ധതിയുടെ 80 ശതമാനത്തോളവും മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നുവരുന്നു.

സംസ്ഥാനത്തിന് എന്തോ ലാഭവിഹിതം ലഭിക്കുന്നതു സംബന്ധിച്ചും ഉമ്മന്‍ചാണ്ടി പറയുന്നുണ്ട്. ഈ വാദത്തിന്റെ പൊള്ളത്തരവും സി.എ.ജി. ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുറന്നുകാട്ടുന്നുണ്ട്. നാല്‍പ്പതാം വര്‍ഷംവരെ സംസ്ഥാനത്തിന് ലഭിക്കാവുന്ന ഏറ്റവും കൂടിയ വരുമാനം 13,947 കോടി രൂപയാണ്. നാല്‍പ്പതാം വര്‍ഷം നമ്മള്‍ അദാനിക്ക് ഒരു ടെര്‍മിനേഷന്‍ പേയ്മെന്റ് നല്‍കണം. അത് 19,555 കോടി രൂപയാണ്. ചുരുക്കത്തില്‍, എല്ലാം നല്ലരീതിയില്‍ പോയാല്‍ത്തന്നെ നാല്‍പ്പതാം വര്‍ഷം നമ്മള്‍ അദാനിക്ക് അങ്ങോട്ട് 5608 കോടി രൂപ നല്‍കണം. ഒരു പദ്ധതിക്ക് 80 ശതമാനവും മുതല്‍മുടക്കിയ നിക്ഷേപകന് അവസാനനഷ്ടം 5608 കോടി രൂപയാണെന്നും വി.എസ് ലേഖനത്തില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more