| Sunday, 27th November 2022, 11:41 pm

ഇവിടെ മറ്റ് പല ഗൂഢാലോചനകളും നടന്നിട്ടുണ്ട്; ഞാന്‍ എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ചാര്‍ജ് ചെയ്‌തോട്ടെ; ചര്‍ച്ചക്ക് മുമ്പ് ഫാ.യൂജിന്‍ പെരേരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് അയവ് വരുത്താന്‍ കളക്ടറും സമരസമിതി നേതൃത്വവുമായി ചര്‍ച്ച. സഭയും സമരസമിതിയും സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്നോടിയായി സമരസമിതി കണ്‍വീനര്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേരെ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസ് വിളിച്ചതുകൊണ്ടാണോ ചര്‍ച്ചക്ക് വന്നതെന്ന ചോദ്യത്തോട് വിഷയം മനസിലാക്കിയിട്ടാണ് വന്നിരിക്കുന്നതെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നതെന്നുമാണ് യൂജിന്‍ പെരേരെ പറഞ്ഞത്.

കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി അംഗങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് യൂജിന്‍ പെരേര പറഞ്ഞത്. സമരക്കാരുടെ സാഹചര്യവും പരിഗണിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

എല്ലാ കാര്യങ്ങളും സമാധാനപരമായി തന്നെ അവസാനിക്കണമെന്നാണ് സമരസമിതി ആഗ്രഹിക്കുന്നത്. കസ്റ്റഡിയിലെടുത്തവരുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പരിശോധിക്കുമെന്നും അതിനുശേഷം ന്യായമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘ആരെങ്കിലും പറഞ്ഞാല്‍ അത് ഗൂഢാലോചന ആകുമോ. ഒരുപാട് ഗൂഢാലോചനകള്‍ ഉണ്ടായിട്ടുണ്ട്. എനിക്കൊരു പ്രശ്‌നവുമില്ല. ഞാന്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ എന്റെ പേരില്‍ കേസ് ചാര്‍ജ് ചെയ്യണം. അത് പരിശോധിക്കപ്പെടണം. ആരുടെ ഭാഗത്ത് നിന്നാണ് ഗൂഢാലോചന ഉണ്ടായിട്ടുള്ളത് എന്നൊക്കെ പരിശോധിക്കേണ്ടതാണ്,’ അദ്ദേഹം പറഞ്ഞു.

സര്‍ക്കാരുമായും മറ്റെല്ലാവരുമായും തുറന്ന മനസോടെ ചര്‍ച്ചകള്‍ക്ക് അന്നും ഇന്നും എന്നും സമരസമിതി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് കമ്മീഷണറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് പൊലീസും കളക്ടറും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ഇപ്പോള്‍ സമരസമിതിയുമായുള്ള ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്.

തുറമുഖ നിര്‍മാണത്തിനെതിരെയുള്ള സമരസമിതിയിലെ അംഗങ്ങളെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞത്. സ്റ്റേഷനുള്ളിലേക്ക് വരെ കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തെന്നും രണ്ട് പൊലീസ് ജീപ്പുകള്‍ മറിച്ചിടുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തുവെന്നാണ് വിവിധ ന്യൂസ് ചാനലുകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുപ്പതോളം പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും സമരക്കാരുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

കസ്റ്റഡിയിലെടുത്തവരെ പുറത്തുവിടണമെന്നാണ് സമരക്കാരുടെ ആവശ്യം. അഞ്ച് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ചര്‍ച്ചകള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ പ്രദേശം ശാന്തമാണ്.

എന്നാല്‍ കെ.എസ്.ആര്‍.ടി.സി പരിസരത്തും ഹാര്‍ബറിലും സമരക്കാര്‍ കൂടിനില്‍ക്കുന്നുണ്ട്. നേരത്തെ
സമരക്കാരെ പിരിച്ചു വിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. വിഴിഞ്ഞത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി 200 പൊലീസുകാരെ കൂടി വിന്യസിക്കാന്‍ തീരുമാനമായിട്ടുണ്ട്.

അതേസമയം വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ തുടരുന്ന അസ്വാരസ്യങ്ങളും വാക്കേറ്റങ്ങളുമാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചത്.

സംഭവത്തില്‍ പരാതികളുടെ അടിസ്ഥാനത്തിലും സ്വമേധയായും പത്ത് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 96 പേരുടെ പ്രതിപ്പട്ടികയാണ് പൊലീസ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. സഹായമെത്രാന്‍ ക്രിസ്തുരാജടക്കം അമ്പതോളം വൈദികര്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ട്.

ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. വധശ്രമം, അന്യായമായി സംഘം ചേരല്‍, കലാപാഹ്വാനം, അതിക്രമിച്ച് കടക്കല്‍ എന്നീ വകുപ്പുകളും എഫ്.ഐ.ആറിലുണ്ട്. രണ്ട് ലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസുണ്ട്.

Content Highlight: Vizhinjam Samara Samithi convener  Fr. Eugine H Pereira about recent conflicts in Vizhinjam

We use cookies to give you the best possible experience. Learn more