തിരുവനന്തപുരം: വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ കനക്കുന്നു. തുറമുഖ നിര്‍മാണത്തിനെതിരെയുള്ള സമരസമിതിയിലെ അംഗങ്ങളെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞു.
രണ്ട് പൊലീസ് ജീപ്പുകള്‍ മറിച്ചിടുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തുവെന്നാണ് വിവിധ ന്യൂസ് ചാനലുകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കസ്റ്റഡിയിലെടുത്തവരെ പുറത്തുവിടണമെന്നാണ് സമരക്കാരുടെ ആവശ്യം. അഞ്ച് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് പുറത്തുവരുന്ന വിവരം.
പൊലീസുകാര്‍ക്കും സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ സമരക്കാരുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. വിഴിഞ്ഞത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി 200 പൊലീസുകാരെ കൂടി വിന്യസിക്കാന്‍ തീരുമാനമായിട്ടുണ്ട്.
അതേസമയം വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉണ്ടായ സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു.
പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ തുടരുന്ന അസ്വാരസ്യങ്ങളും വാക്കേറ്റങ്ങളുമാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പരാതികളുടെ അടിസ്ഥാനത്തിലും സ്വമേധയായും പത്ത് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 96 പേരുടെ പ്രതിപ്പട്ടികയാണ് പൊലീസ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. സഹായമെത്രാന്‍ ക്രിസ്തുരാജടക്കം അമ്പതോളം വൈദികര്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ട്.
ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. വധശ്രമം, അന്യായമായി സംഘം ചേരല്‍, കലാപാഹ്വാനം, അതിക്രമിച്ച് കടക്കല്‍ എന്നീ വകുപ്പുകളും എഫ്.ഐ.ആറിലുണ്ട്. രണ്ട് ലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസുണ്ട്.
അതേസമയം പ്രതിപ്പട്ടികയിലെ ഒന്ന് മുതല്‍ 15 വരെയുള്ള വൈദികര്‍ സംഘര്‍ഷ സ്ഥലത്ത് നേരിട്ട് എത്തിയിട്ടില്ല. എന്നാല്‍ ഇവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കണ്ടാലറിയുന്ന ആയിരം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
എന്നാല്‍ അതിജീവന സമരത്തെ പ്രകോപിപ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേരെ മാധ്യമങ്ങളോട് പറഞ്ഞത്. ചിലര്‍ കല്ലെറിയാനും അധിക്ഷേപിച്ച് സംസാരിക്കാനും തുടങ്ങിയെന്നും സര്‍ക്കാര്‍ അവര്‍ക്ക് ഒത്താശ ചെയ്തു കൊടുത്തെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. മോണ്‍സിഞ്ഞോറും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പത്ത് കേസുകളില്‍ ഒമ്പതും തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെയാണ്. ഒരു കേസാണ് നിര്‍മാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെയുള്ളത്.
വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള സമരം ആരംഭിച്ച് 130 ദിവസം പിന്നിട്ടിരിക്കുമ്പോഴാണ് ഇത്തരത്തില്‍ സംഘര്‍ഷവും പൊലീസ് നടപടികളും ഉണ്ടായിരിക്കുന്നത്.
സമരത്തെയും സംഘര്‍ഷത്തെയും തുടര്‍ന്ന് അദാനിക്കുണ്ടായെന്ന് അറിയിച്ചിട്ടുള്ള നഷ്ടം ലത്തീന്‍ സഭയില്‍ നിന്ന് ഈടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചാല്‍ അതിന്റെ നഷ്ടപരിഹാരം സമരക്കാരില്‍ നിന്ന് തന്നെ ഈടാക്കണമെന്ന ഹൈക്കോടതി വിധിയുടെ ബലത്തിലാണ് സര്‍ക്കാരിന്റെ നീക്കം. സമരത്തിലൂടെ 200 കോടിയുടെ നഷ്ടമുണ്ടായെന്നാണ് അദാനി അറിയിച്ചിരിക്കുന്നത്.
Content Highlight: Vizhinjam Protest area goes to a more tensed state, conflicts escalates