തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖക്കരാറിലെ അഴിമതിയെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വി.എസ് അച്യുതാനന്ദന്‍. ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ കിട്ടാത്ത സാഹചര്യമുണ്ടായാല്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കേസ് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് അനുകൂലമായി കരാര്‍ പൊളിച്ചെഴുതുകയായിരുന്നു. ആ ഘട്ടത്തില്‍ത്തന്നെ പ്രതിപക്ഷം ഇക്കാര്യം നിയമസഭയിലും പുറത്തും ശക്തമായി ഉന്നയിച്ചതാണ്. പക്ഷെ, ഉണ്ട ചോറിന് കൂറ് കാണിക്കുന്നതില്‍നിന്ന് യു.ഡി.എഫിനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല.
കരാറിനെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചിട്ടും അത് തിരുത്താനോ, കരാറില്‍ എന്തെങ്കിലും മാറ്റം വരുത്താനോ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറായില്ല. വാസ്തവത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവിധ ആശീര്‍വാദവും ഈ കള്ളക്കരാറിനു പിന്നിലുണ്ടായിരുന്നു. അതുകൊണ്ടാണ്, കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഈ കരാര്‍ പുനഃപരിശോധിക്കണമെന്ന് എല്‍.ഡി.എഫ് ജനങ്ങളോട് പറഞ്ഞത്. തുറമുഖ വകുപ്പ് മന്ത്രി നിയമസഭയിലും ഇക്കാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കാനിടയാക്കിയ സാഹചര്യവും മറ്റൊന്നല്ല. ഇപ്പോള്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ സമഗ്രമായ റിപ്പോര്‍ട്ട് വന്നിരിക്കുന്നു.
അതീവ ഗുരുതരമായ കുഴപ്പങ്ങളാണ് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ളത്. സംസ്ഥാന താല്‍പ്പര്യത്തിന് പുല്ലുവില കല്‍പ്പിച്ച് അദാനിക്കു വേണ്ടി തട്ടിക്കൂട്ടിയ കരാറാണിതെന്ന് ഞാന്‍ മുമ്പ് പ്രസ്താവിച്ചത് ശരിവെക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്.
സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ രണ്ട് മാസത്തിനകം പരിഹാരനടപടികള്‍ എടുത്തത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതാണ്. സി.എ.ജി പോലുള്ള ഒരു ഭരണഘടനാ സ്ഥാപനം ഉന്നയിച്ച വിമര്‍ശനങ്ങള്‍ കണക്കിലെടുത്ത് കരാറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താനാവുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.