| Monday, 8th July 2019, 8:28 am

വിഴിഞ്ഞം കരാറിലെ മൂന്ന് വ്യവസ്ഥകള്‍ സംസ്ഥാനതാല്‍പ്പര്യത്തിന് വിരുദ്ധം: സി.എ.ജി റിപ്പോര്‍ട്ട് ശരിവെച്ച് ജുഡീഷ്യല്‍ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞം കരാറിലെ ചില വ്യവസ്ഥകള്‍ സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. ആസ്തി പണയം വെക്കാന്‍ അദാനി ഗ്രൂപ്പിനെ അനുവദിക്കുന്നത് അടക്കം മൂന്ന് വ്യവസ്ഥകളാണ് സംസ്ഥാനതാല്‍പര്യത്തിന് വിരുദ്ധമെന്ന് ജുഡീഷ്യല്‍ കമീഷന്‍ കണ്ടെത്തിയത്.

ടെര്‍മിനേഷന്‍ പേമന്റെ് വ്യവസ്ഥ, കരാറുകാരനെ തെരഞ്ഞെടുത്ത ശേഷം പദ്ധതിയില്‍ സുപ്രധാന മാറ്റം വരുത്തിയത് എന്നിവയാണ് മറ്റ് വ്യവസ്ഥകള്‍.

ഈ മൂന്ന് വ്യവസ്ഥക്കും എതിരായ സി.എ.ജി നിരീക്ഷണത്തോട് യോജിക്കുകയാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമീഷന്‍. കരാറില്‍ പദ്ധതി ആസ്തികള്‍ പണയംവെക്കാന്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിനെ അനുവദിക്കുന്ന വ്യവസ്ഥ ക്രമവിരുദ്ധമെന്നായിരുന്നു സി.എ.ജി കണ്ടെത്തല്‍.

പദ്ധതിക്കായി സര്‍ക്കാര്‍ 548 കോടിക്ക് ഏറ്റെടുത്ത ഭൂമി പണയംവെക്കാന്‍ അദാനിക്ക് അവസരം നല്‍കും. ഇത് സംസ്ഥാനതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് കമീഷനും നിരീക്ഷിക്കുന്നു. പി.പി.പി പദ്ധതിയുടെ ചെലവ് സംസ്ഥാനവും സ്വകാര്യകരാറുകാരും തമ്മില്‍ പങ്കുവെക്കുന്നതിനെ അട്ടിമറിക്കുന്നതുമാണ്.

ഭൂമി ഉള്‍പ്പെടെ പദ്ധതി ആസ്തി വായ്പക്ക് പണയം വെക്കണമെന്ന് കരാറുകാര്‍ ആവശ്യപ്പെടുമ്പോള്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനാണ്.

കരാര്‍ കാലാവധി കഴിയുമ്പോള്‍ അദാനിക്ക് പോര്‍ട്ട് എസ്‌റ്റേറ്റ് വികസനത്തിന്റെ ഉപകരാറും അവകാശവും നല്‍കുന്നത് സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമെന്നതില്‍ സംശയമില്ലെന്ന് സി.എ.ജിക്കൊപ്പം കമീഷനും നിരീക്ഷിച്ചു. കരാര്‍ അവസാനിച്ചശേഷവും കരാറുകാര്‍ക്ക് ഉപ കരാര്‍ നല്‍കാനുള്ള അവകാശം നല്‍കാന്‍ പാടില്ല. പോര്‍ട്ട് എസ്‌റ്റേറ്റിന്റെ എല്ലാ അവകാശവും മൂന്നാംകക്ഷി അനുഭവിക്കും. അദാനി പോര്‍ട്ടിന് അനാവശ്യമായി നല്‍കിയ ആനുകൂല്യമാണിത്.

കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ അവസാനമാസം ലഭിച്ച റിയലൈസബിള്‍ ഫീയുടെ 30 മടങ്ങ് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന ‘ടെര്‍മിനേഷന്‍ പേമന്റെ്’ വ്യവസ്ഥ അംഗീകരിക്കാനാകില്ല. കരാര്‍ കാലാവധിയായ 40 വര്‍ഷം പൂര്‍ത്തിയായി തുറമുഖം കൈമാറുമ്പോള്‍ അദാനിപോര്‍ട്ടിന് ടെര്‍മിനേഷന്‍ പേമന്റൊയി 19,555 കോടി രൂപ നല്‍കണം.

ഇതും കരാറുകാരനുള്ള അനാവശ്യ ആനുകൂല്യമാണ്. കരാറുകാരന്റെ ഭാഗത്ത് തെറ്റില്ലാതിരിക്കെ കരാര്‍ റദ്ദാക്കുകയോ കാലാവധി അവസാനിക്കും മുമ്പ് റദ്ദാക്കുകയോ ചെയ്താല്‍ മാത്രമേ ടെര്‍മിനേഷന്‍ ഫീ നീതീകരിക്കാനാകൂ. ടെര്‍മിനേഷന്‍ ഫീ നഷ്പരിഹാര സ്വഭാവമുള്ളതാണ്. മത്സരാധിഷ്ഠിത കരാറല്ല നല്‍കിയതെന്ന സി.എ.ജി നിരീക്ഷണത്തോട് യോജിക്കുന്നുവെന്നും കമീഷന്‍ പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more