തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പല ആരോപണങ്ങള്‍ തനിക്ക് നേരെ ഉന്നയിച്ചിട്ടും അദ്ദേഹം പിന്തിരിയുകയോ പതറുകയോ ചെയ്തിട്ടില്ലെന്നും ധീരമായ തീരുമാനം എടുക്കുകയായിരുന്നെന്നും വി.ഡി. സതീശന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പല്‍ ഷെന്‍ഹുവ 15ന്റെ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കടല്‍ക്കൊള്ളയാണെന്ന ആക്ഷേപം വന്നപ്പോഴും അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്ന ആരോപണത്തിന്റെ കുന്തമുന നെഞ്ചില്‍ തറച്ചപ്പോഴും പതറാതെ, പിന്തിരിഞ്ഞോടാതെ, തളര്‍ന്നു പോകാതെ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കുമെന്ന ധീരമായ തീരുമാനം എടുത്തയാളാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയെ സ്മരിക്കാതെ എനിക്ക് ഈ വേദി വിട്ട് പോകാനാകില്ല.
വികസനത്തിന്റെ പേരില്‍ ഒരു പാവപ്പെട്ട മനുഷ്യന്റെയും കണ്ണുനീര്‍ ഈ പുറംകടലില്‍ വീഴരുത്. വികസനം എന്നത് അനിവാര്യതയാണ്. പക്ഷേ അതിന്റെ പേരില്‍ സാധാരണക്കാര്‍ ചേരികളിലേക്കും സിമന്റ് ഗോഡൗണുകളിലേക്കും വലിച്ചെറിയപ്പെടരുത്,’ വി.ഡി. സതീശന്‍ പറഞ്ഞു.
ഒക്ടോബര്‍ 12ന് തുറമുഖത്ത് നങ്കൂരമിട്ട ചൈനീസ് ചരക്ക് കപ്പലായ ഷെന്‍ഹുവ 15നെയാണ് സര്‍വ സന്നാഹവുമായി കേരള സര്‍ക്കാര്‍ വരവേറ്റത്.
Content Highlights: Vizhinjam Port was made a reality by Oommen Chandy, says V.D. Satishan