|

വിഴിഞ്ഞം തുറമുഖത്തെ പ്രധാന കയറ്റുമതി ഇറക്കുമതി തുറമുഖമായി മാറ്റും: കെ.എന്‍ ബാലഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ പ്രധാന കയറ്റുമതി ഇറക്കുമതി തുറമുഖമായി മാറ്റുകയാണ് ലക്ഷ്യമെന്ന് ബജറ്റ് അവതരണത്തില്‍ ധനകാര്യ മന്ത്രി. ഇതിനായി കിഫ്ബി വഴി 1000 കോടി വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിര്‍മ്മാണം മുന്‍പ് തീരുമാനി ച്ചിരിന്നതിനു വളരെ മുമ്പ് 2028 ഡിസംബറോടുകൂടി പൂര്‍ത്തിയാക്കാന്‍ ധാരണയായതായും മന്ത്രി അറിയിച്ചു.

ടൈം ഓവര്‍റണ്ണിന്റെയും കോസ്റ്റ് ഓവര്‍റണ്ണിന്റെയും കാര്യത്തില്‍ സാധാരണ വരുന്ന കാലതാമസം ഒഴിവാക്കി 2045-ല്‍ പൂര്‍ത്തിയാക്കാന്‍ കണക്കുകൂട്ടിയ കാര്യങ്ങളാണ് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് 2028-8 പൂര്‍ത്തിയാകുന്നത്.കണ്‍സഷണറായ എ.വി.പി.പി.എല്‍ തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് 9500 കോടി രൂപ നിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു.

തുറമുഖ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കേണ്ട മുഴുവന്‍ ചെലവും ഇതുവരെ വഹിച്ചത് സംസ്ഥാന സര്‍ക്കാരാണെന്നും വയബിലിറ്റി ഗ്യാപ് ഫണ്ട് എന്ന നിലയില്‍ കേന്ദ്രം ഏറ്റിരുന്ന തുകയും സംസ്ഥാനം നല്‍കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തെക്കന്‍ കേരളത്തില്‍ പുതിയ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കണം എന്ന നിര്‍ദ്ദേശമുയര്‍ന്നിട്ടുണ്ട്. കപ്പല്‍ നിര്‍മ്മാണത്തിലും സമുദ്ര ഗതാഗതത്തിലും ഇന്ത്യയുടെ സാന്നിദ്ധ്യം പരിമിതമാണെന്നും ആയത് വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും കേന്ദ്ര തിരിച്ചറിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. കപ്പല്‍ ശാല തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇക്കാര്യത്തില്‍ സംസ്ഥാനം ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വളര്‍ച്ചാ ത്രികോണം നേരിട്ട് ഭൂമി വാങ്ങുന്നതിന് കിഫ്ബി വഴി 1000 കോടി അനുവദിക്കുമെന്നും കോവളം- ബേക്കല്‍ ജലഗതാഗതത്തിന് 500 കോടി രൂപ അനുവദിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

ആരോഗ്യ ടൂറിസം മേഖലയ്ക്ക് 50 കോടിയും ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം പദ്ധതി പൂര്‍ത്തിയാക്കുന്നതിനായി 1160 കോടി രൂപ അനുവദിച്ചായും മന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണം തടയാന്‍ പ്രത്യേക പാക്കേജും ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഇതിനായി 50 കോടി അധികം അനുവദിച്ചു. വന വന്യജീവി സംരക്ഷണത്തിനായി 305.61 കോടി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

തെരുവ് നായ ആക്രമണം പ്രതിരോധിക്കാന്‍ രണ്ടുകോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വര്‍ധിച്ചുവരുന്ന തെരുവുനായ ആക്രമണം തടയാന്‍ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി കര്‍മ പരിപാടി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും വലിയ രീതിയിലുള്ള പാക്കേജ് ബജറ്റിലുണ്ട്. കുസാറ്റിന് 69 കോടിയും
എം.ജി സര്‍വകലാശാലയ്ക്ക് 62 കോടിയും സര്‍വകലാശാലകളില്‍ മികവിന്റെ കേന്ദ്രം ആരംഭിക്കാനായി 25 കോടിയും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് 212 കോടിയും അനുവദിച്ചു.

Content Highlight: Vizhinjam port to become major export-import port: KN Balagopal