ന്യൂദല്‍ഹി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കമ്പനിയെ തെരഞ്ഞെടുക്കാനെന്ന പേരില്‍ ഈ മാസം ഒമ്പതിന് മുംബൈയില്‍ നടക്കാന്‍ പോകുന്നത് ചര്‍ച്ചാ നാടകം. അദാനി ഗ്രൂപ്പ്, എസ്സാര്‍ ഗ്രൂപ്പ്, ശ്രേയി ഒ.എച്ച്.എല്‍ ഗ്രൂപ്പ് എന്നീ മൂന്ന് കമ്പനികളാണ് വിഴിഞ്ഞം പദ്ധതിയുടെ പ്രി ബിഡ് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തുക. ഇതില്‍ എസ്സാര്‍ ഗ്രൂപ്പിന്റെ എല്ലാ തുറമുഖ പദ്ധതികളും അദാനി ഗ്രൂപ്പ് ഏറ്റെടുക്കാനിരിക്കുകയാണ്.
പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്തായ വ്യവസായി ഗൗതം അദാനിക്ക് പദ്ധതി കരാര്‍ ലഭിക്കുമെന്ന് അനൗദ്യോഗിക തീരുമാനമുണ്ടായിട്ടുണ്ടെന്നാണ് സൂചന. എസ്സാര്‍ ഗ്രൂപ്പിനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുകയാണെങ്കില്‍ മുബൈയില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ വെറും പ്രഹസനമാണെന്ന് മനസ്സിലാക്കാം. ശ്രേയി ഒ.എച്ച്.എല്‍ ഗ്രൂപ്പിനെ പേരിന് മാത്രമാണ് ചര്‍ച്ചക്കെത്തുന്നവരുടെ കൂടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഷിപ്പിങ് മന്ത്രി കെ.ബാബുവും നടത്തിയ കൂടിക്കാഴ്ച്ചയിലാണ് വിഴിഞ്ഞം പദ്ധതിയുടെ പ്രിബിഡ് ചര്‍ച്ചക്കുള്ള തീയ്യതി തീരുമാനിച്ചത്. വിവിധ വ്യവസായ രംഗങ്ങളിലുള്ള എസ്സാര്‍ ഗ്രൂപ്പ് അധിക ബാധ്യത ബാധ്യത ഒഴിവാക്കാനാണ് ഊര്‍ജ്ജ, തുറമുഖ പദ്ധതികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്.