വിഴിഞ്ഞം; രാഷ്ട്രീയകാര്യ സമിതിയില്‍ വി.എം സുധീരനും കെ.മുരളീധരനും തമ്മില്‍ വാക്‌പോര്
Kerala
വിഴിഞ്ഞം; രാഷ്ട്രീയകാര്യ സമിതിയില്‍ വി.എം സുധീരനും കെ.മുരളീധരനും തമ്മില്‍ വാക്‌പോര്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th June 2017, 2:48 pm

തിരുവനന്തപുരം: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ വി.എം സുധീരനും കെ. മുരളീധരനും തമ്മില്‍ വാക്‌പോര്.

കരാറിനെ കുറിച്ച പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിലെന്ന് വി.എം സുധീരന്‍ പറഞ്ഞു. ഇതോടെ എന്തുകൊണ്ടാണ് രാഷ്ട്രീയ സമിതി വിളിക്കാതിരുന്നതെന്ന് മുരളീധരനും ചോദിച്ചു.

രാഷ്ട്രീയകാര്യമസിതിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണപിന്തുണ നല്‍കിയാണ് നേതാക്കള്‍ സംസാരിച്ചത്. വിഴിഞ്ഞം കരാര്‍ ഏറ്റവും മികച്ചതെന്ന് സമിതിയില്‍ പൊതുഅഭിപ്രായം ഉയര്‍ന്നു.


Dont Miss ‘ഇതാ അടിപൊളി ബീഫ്’ രാജ്‌നാഥ് സിങ്ങിനെ ബീഫ് പാര്‍ട്ടി നടത്തി സ്വീകരിച്ച് മിസോറാം


വിഴിഞ്ഞം നേട്ടമെന്ന് പറഞ്ഞ് തന്നെയാണ് വോട്ട് പിടിച്ചതെന്നും അതിന്റെ ഫലം തിരുവനന്തപുരത്ത തെരഞ്ഞടുപ്പില്‍ ഉണ്ടായെന്നും കെ. മുരളീധരന്‍ പറഞ്ഞു.

വിഴിഞ്ഞവുമായി ബന്ധപ്പെട്ടുള്ള സി.എ.ജി റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് എം.എം ഹസ്സന്‍ പറഞ്ഞു. ക്രമക്കേടുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കാം. എന്നാല്‍ അഴിമതിയെന്ന് പറഞ്ഞിട്ടും അതുമായി മുന്നോട്ടു പോകുന്നത് ഇരട്ടത്താപ്പാണെന്നും ഹസ്സന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട് സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ക്കെതിരേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് പരാതി നല്‍കിയിരുന്നു. സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പലതും വസ്തുതാ വിരുദ്ധവും നടപടി ക്രമങ്ങളില്‍ തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശശികാന്ത് ശര്‍മയ്ക്ക് കത്തു നല്‍കിയത്.

വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് ബാഹ്യ ഇടപെടല്‍ ഉണ്ടായി എന്നാണ് ഉമ്മന്‍ചാണ്ടിയുടെ പ്രധാന ആരോപണം. കരാറുമായി ബന്ധപ്പെട്ട് മുന്‍ധാരണകള്‍ പുലര്‍ത്തിയിരുന്ന മുന്‍ ഓഡിറ്റ് ഉദ്യോഗസ്ഥനായ ആര്‍. തുളസീധരന്‍ പിള്ളയെ ഓഡിറ്റ് സമയത്ത് കണ്‍സള്‍ട്ടന്റായി നിയമിച്ചതിനെയാണ് പ്രധാനമായും ഉമ്മന്‍ചാണ്ടി ചോദ്യം ചെയ്തിരുന്നത്.

തുടക്കം മുതല്‍ ഒടുക്കം വരെ വിഴിഞ്ഞം കരാറിന്റെ എല്ലാകാര്യങ്ങളും സുതാര്യമായാണ് ചെയ്തിട്ടുള്ളതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. കേന്ദ്രസര്‍ക്കാരിന്റെയും ഉന്നതാധികാരസമിതിയുടെയും ആസൂത്രണ കമ്മിഷന്റെയുമൊക്കെ നിര്‍ദ്ദേശങ്ങളുടേയും മേല്‍നോട്ടത്തിന്റേയും അടിസ്ഥാനത്തിലാണ് ഇവ നടന്നിട്ടുള്ളതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സംശയങ്ങള്‍ ദൂരീകരിക്കേണ്ടത് അനിവാര്യമാണ്. അതിനുളള നടപടികള്‍ കൈക്കൊള്ളാന്‍ സി.എ.ജിയോട് ആവശ്യപ്പെടുന്നതിനാണ് കത്ത് നല്‍കിയിരിക്കുന്നത്.

വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനേയും നിയോഗിച്ചിരുന്നു.