തിരുവനന്തപുരം: വിഴിഞ്ഞം നാവായിക്കുളം റിങ് റോഡിനായി ഭൂമി ഏറ്റെടുത്ത് ആറ് മാസമായിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതില്‍ നാവായിക്കുളം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് ഉപരോധിച്ച് നാട്ടുകാര്‍.
നാവായിക്കുളം മുതല്‍ വിഴിഞ്ഞം വരെയുള്ള 77 കിലോമീറ്റര്‍ വരുന്ന ഔട്ടര്‍ റിങ് റോഡ് ഏറ്റെടുത്തതിലുള്ള നടപടികള്‍ വൈകുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധം.
വിളപ്പില്‍ശാല, കാട്ടാക്കട, മാരനല്ലൂര്‍ പഞ്ചായത്തുകളിലെ ഭൂമി നഷ്ടപ്പെട്ട നൂറോളം കുടുംബങ്ങള്‍ ആണ് പ്രതിഷേധിക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കുകയും മാര്‍ച്ചില്‍ ജനങ്ങളില്‍ നിന്ന് നികുതി രസീതുകള്‍ വാങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ തുടര്‍നടപടികളില്‍ സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പദ്ധതിയും അതിന്റെ ചിലവും ആര് ഏറ്റെടുക്കും എന്നതാണ് തര്‍ക്കത്തിന് കാരണം.
ഫണ്ടിന്റെ അപര്യാപ്തതയാണ് നഷ്ടപരിഹാരത്തിനായുള്ള നടപടികള്‍ വൈകാന്‍ കാരണമെന്ന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കലിലൂടെ വീടും ഉപജീവനമാര്‍ഗവും നഷ്ടപെട്ടവരാണ് പ്രതിഷേധക്കാരില്‍ ഏറെയും. സാമ്പത്തികമായും ജനങ്ങള്‍ വെല്ലുവിളി നേരിടുന്നുണ്ട്.
നേരത്തെ കല്ലമ്പലം, കിളിമാനൂര്‍, വിഴിഞ്ഞം പ്രദേശങ്ങളില്‍ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടു ജനകീയ ഉപരോധങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഭൂമി വിട്ടു കൊടുക്കാന്‍ തയ്യാറാണെങ്കിലും അതിനുള്ള നഷ്ടപരിഹാരം എപ്പോള്‍ കിട്ടുമെന്നും എത്രയുണ്ടാകുമെന്നുമുള്ള ആശങ്കയിലാണ് ജനങ്ങള്‍. കൂടാതെ പദ്ധതിയുടെ മാതൃക (ഡി.പി.ആര്‍) യുടെ പൂര്‍ണ്ണരൂപം പുറത്തു വിടാത്തതും, സാമൂഹിക ആഘാത പഠനം നടത്താതതും സര്‍ക്കാരിന്റെ വീഴ്ചകളായാണ് ജനങ്ങള്‍ കാണുന്നത്. കുടുംബങ്ങളുമായി പദ്ധതിയുടെ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും ഇവര്‍ പറയുന്നു.
വിഷയത്തെ കുറിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന് ജനകീയ സമിതി കത്ത് അയച്ചിരുന്നു. ഈ മാസം 12ന് നടക്കാനിരിക്കുന്ന കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയുടെ കേരള സന്ദര്‍ശനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തുന്ന ചര്‍ച്ചയില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
Content Highlight: Vizhinjam Janakeeya samithi protest