| Friday, 26th August 2022, 3:57 pm

'അദാനിക്ക് അടിയറവ് പറയില്ല'; വിഴിഞ്ഞം അതിജീവനത്തിന്റെ സമരമാണ്, മുന്നോട്ട് കൊണ്ടുപോകും: സമരസമിതി കണ്‍വീനര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വിഴിഞ്ഞം അതിജീവനത്തിന്റെ സമരമാണ്, അത് മുന്നോട്ട് കൊണ്ടുപോകുമെന്നും, ഇത് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് പറഞ്ഞു.

സമരത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതെ പൊലീസ് നോക്കണമെന്ന ഹൈക്കോടതി നിര്‍ദേശം അതേപടി അംഗീകരിക്കാനാകില്ല. ഇവിടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ല. കോടതികളും കണ്ണ് തുറന്ന് കാണണം. കോടതികള്‍ കുറേകൂടി മാനുഷികമായി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

അദാനി ഗ്രൂപ്പ് തുടക്കം മുതല്‍ എല്ലാവരെയും പറ്റിച്ചു. സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ല. ഒരു അനിഷ്ട സംഭവവും ഉണ്ടായിട്ടില്ല. അദാനിക്ക് അടിയറവ് പറയില്ല. നഗരമധ്യത്തിലെ അടച്ചിട്ട മുറികളില്‍ ഇരുന്ന് ഈ പ്രശ്‌നം പഠിക്കാനാവില്ല. സര്‍ക്കാരിന്റെ സമീപനം തെറ്റെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, വിഴിഞ്ഞം സമരത്തില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതെ നോക്കണമെന്ന് ഹൈക്കോടതി ഇന്ന് നിര്‍ദേശം നല്‍കിയിരുന്നു. വിഴിഞ്ഞം പൊലീസ് ഇത് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

തുറമുഖ നിര്‍മാണത്തിനെതിരായ സമരം തടയുന്നതിന് പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും, നിര്‍മാണ കരാര്‍ കമ്പനി ഹോവെ എന്‍ജിനീയറിങ് പ്രൊജക്ട്‌സും സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശം നല്‍കി. 11 ദിവസമായി തുടരുന്ന സമരം തുറമുഖ നിര്‍മാണത്തിന് തടസമായിട്ടുണ്ടെന്ന് അദാനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ദേശീയ പ്രധാന്യമുളള പദ്ധതി എഴ് ദിവസമായി മുടങ്ങി കിടക്കുകയാണ് സമയ ബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പ്രശ്‌നപരിഹാരത്തിന് സംസ്ഥാനവും കേന്ദ്രവും ശ്രമം നടത്തുന്നുണ്ട്. ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കില്‍ സംസ്ഥാനം സി.ഐ.എസ്.എഫ് സുരക്ഷ ആവശ്യപ്പെടണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.

അതേസമയം, പ്രശ്‌നപരിഹാരത്തിനായി കഴിഞ്ഞ ദിവസം വിഴിഞ്ഞം സമരക്കാര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. തുറമുഖ നിര്‍മാണം നിര്‍ത്താനാവില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. നിര്‍മാണം നിര്‍ത്തിവെച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്നും മറ്റ് സാങ്കേതിക വിദ്യകള്‍ ഉണ്ടോയെന്ന് പരിശോധിക്കണ മെന്നുമായിരുന്നു സമരക്കാരുടെ ആവശ്യം. ഈ ആവശ്യമാണ് മുഖ്യമന്ത്രി അംഗീകരിക്കാതിരുന്നത്.

Content Highlight: Vizhinjam is a struggle for survival and will be carried forward: Latin Archdiocese

We use cookies to give you the best possible experience. Learn more