വധശ്രമം, കലാപാഹ്വാനം; വിഴിഞ്ഞം സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പ് ഒന്നാം പ്രതി; 50 വൈദികരും പ്രതിപ്പട്ടികയില്‍
Kerala News
വധശ്രമം, കലാപാഹ്വാനം; വിഴിഞ്ഞം സംഘര്‍ഷത്തില്‍ ആര്‍ച്ച് ബിഷപ്പ് ഒന്നാം പ്രതി; 50 വൈദികരും പ്രതിപ്പട്ടികയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th November 2022, 4:20 pm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ ഒന്നാം പ്രതി. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ തുടരുന്ന അസ്വാരസ്യങ്ങളും വാക്കേറ്റങ്ങളും കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

സംഭവത്തില്‍ പരാതികളുടെ അടിസ്ഥാനത്തിലും സ്വമേധയായും പത്ത് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 96 പേരുടെ പ്രതിപ്പട്ടികയാണ് പൊലീസ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. സഹായമെത്രാന്‍ ക്രിസ്തുരാജടക്കം അമ്പതോളം വൈദികര്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ട്.

ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. വധശ്രമം, അന്യായമായി സംഘം ചേരല്‍, കലാപാഹ്വാനം, അതിക്രമിച്ച് കടക്കല്‍ എന്നീ വകുപ്പുകളും എഫ്.ഐ.ആറിലുണ്ട്. രണ്ട് ലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും കേസുണ്ട്.

അതേസമയം പ്രതിപ്പട്ടികയിലെ ഒന്ന് മുതല്‍ 15 വരെയുള്ള വൈദികര്‍ സംഘര്‍ഷ സ്ഥലത്ത് നേരിട്ട് എത്തിയിട്ടില്ല. എന്നാല്‍ ഇവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്‌തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കണ്ടാലറിയുന്ന ആയിരം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

എന്നാല്‍ അതിജീവന സമരത്തെ പ്രകോപിപ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേരെ മാധ്യമങ്ങളോട് പറഞ്ഞത്. ചിലര്‍ കല്ലെറിയാനും അധിക്ഷേപിച്ച് സംസാരിക്കാനും തുടങ്ങിയെന്നും സര്‍ക്കാര്‍ അവര്‍ക്ക് ഒത്താശ ചെയ്തു കൊടുത്തെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. മോണ്‍സിഞ്ഞോറും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ശനിയാഴ്ച രാവിലെ പത്തരയോടെ മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് ഇരുപതോളം ലോറികളില്‍ നിര്‍മാണത്തിനുള്ള പാറക്കല്ലുകള്‍ എത്തിയതിന് പിന്നാലെയാണ് പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തത്. വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള സമരം ആരംഭിച്ച് 130 ദിവസം പിന്നിട്ടിരിക്കുമ്പോഴാണ് ഇത്തരത്തില്‍ സംഘര്‍ഷവും പൊലീസ് നടപടികളും ഉണ്ടായിരിക്കുന്നത്.

നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പത്ത് കേസുകളില്‍ ഒമ്പതും തുറമുഖ നിര്‍മാണത്തെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെയാണ്. ഒരു കേസാണ് നിര്‍മാണത്തെ അനുകൂലിക്കുന്ന ജനകീയ സമരസമിതിക്കെതിരെയുള്ളത്.

Content Highlight: Vizhinjam conflict, case against Arch Bishop and others