തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പായി.
മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
തത്കാലത്തേക്ക് സമരം നിര്‍ത്തുന്നുവെന്നും, പൂര്‍ണമായ തൃപ്തിയില്ലാതെയാണ് സമരം നിര്‍ത്തുന്നതെന്നും ലത്തീന്‍ സഭ അറിയിച്ചു. തുറമുഖ നിര്‍മാണം നിര്‍ത്തില്ലെന്ന് സര്‍ക്കാര്‍ സമരക്കാരെയും അറിയിച്ചു.
ഒത്തുതീര്‍പ്പില്‍ നാല് നിര്‍ദേശങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചത്. വിഴിഞ്ഞം സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 8,000 രൂപ പ്രതിമാസ വാടക നല്‍കണം, വാടകക്കായുള്ള പണം അദാനിയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും എടുക്കരുത്, തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രാദേശിക വിദഗ്ധന്‍ വേണം തുടങ്ങിയവയാണ് സമരസമിതിയുടെ നിര്‍ദേശങ്ങള്‍.
എന്നാല്‍, വാടക പൂര്‍ണമായും സര്‍ക്കാര്‍ നല്‍കുമെന്ന്് ധാരണയായി. വാടക 5,500 മതിയെന്ന് സമരസമിതിയും അംഗീകരിച്ചു. അദാനി ഫണ്ടില്‍ നിന്നും 2500 രൂപ തരാം എന്ന സര്‍ക്കാര്‍ വാഗ്ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു.
ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്ധസമിതിയെയും വെക്കും.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റിയും ഉണ്ടാക്കും. സര്‍ക്കാര്‍ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിങ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.
Content Highlight: Vizhinjam called off the strike