| Tuesday, 7th November 2017, 1:17 pm

യേശുക്രിസ്തുവും മാര്‍ക്‌സും വിഴിഞ്ഞവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

യേശു ക്രിസ്തു വെള്ളത്തിനു മീതെ നടന്നുവെന്നത് ക്രിസ്ത്യാനികളുടെ വിശ്വാസമാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തില്‍ ആദ്യം പിന്തുണ നല്‍കിയ പ്രാദേശിക സഭാ നേതൃത്വം ആഗോളമായിത്തന്നെ പ്രാധാന്യമുള്ള ജൈവ വൈവിധ്യം നിറഞ്ഞ വിഴിഞ്ഞത്തെ കടലിനുമീതെ നടക്കാന്‍ അദാനിയെ അനുവദിക്കുകയാണ് ഉണ്ടായത്. പന്ത്രണ്ടു ദിവസമായി വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ പങ്കുവഹിച്ച പ്രാദേശിക സഭാ നേതൃത്വം ആരെയാണ് ഒറ്റിക്കൊടുത്തത് ?

വിഴിഞ്ഞത്തെ സഭാ നേതൃത്വം അദാനിയെ തങ്ങളുടെ മാര്‍പാപ്പയായി പ്രഖ്യാപിക്കുകയായിരുന്നോ? ഫ്രാന്‍സിസ് മാര്‍പാപ്പ ഏതായാലും വിഴിഞ്ഞത്തെ സഭാനേതൃത്തേക്കാള്‍ സ്വതന്ത്രമായി ചിന്തിക്കുന്ന വ്യക്തിയാണ്. 2015 ജനുവരി 15 ന് നടത്തിയ ഒരു പത്രസമ്മേളനത്തില്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്

“ദൈവം എപ്പോഴും ക്ഷമിക്കുന്നവനാണ്. നമ്മള്‍ മനുഷ്യര്‍ ചിലപ്പോഴെല്ലാം ക്ഷമിക്കുന്നു. എന്നാല്‍ പ്രകൃതി ഒരിക്കലും ക്ഷമിക്കില്ല. പ്രകൃതിയെ നമ്മള്‍ അടിച്ചാല്‍ അത് തിരിച്ചടിക്കും.പ്രകൃതിക്ക് താങ്ങാവുന്നതിലധികം നമ്മള്‍ പ്രകൃതിയില്‍നിന്ന് ഊറ്റിയെടുത്തിരിക്കുന്നു” കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കന്‍മാരും ഈ അടിസ്ഥാന വസ്തുത തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അദാനിയുടെ ലാഭക്കൊതി മാര്‍ക്‌സ് വിഭാവനം ചെയ്ത മൂല്യങ്ങളില്‍നിന്ന് ഏറെ അകന്നു നില്‍ക്കുന്നു. ജനങ്ങളുടെ ജീവനോപാധിയും പ്രകൃതിയേയും നശിപ്പിച്ച് അദാനിക്ക് ലാഭമുറപ്പിക്കുന്നതിനായി മാര്‍ക്‌സിസ്റ്റ് മൂല്യങ്ങള്‍ അടിയറവ് വയ്ക്കരുതെന്ന് സി.പി.ഐ.എം നേതൃത്വം മനസിലാക്കണം. മിച്ചമൂല്യവും പ്രകൃതിയും ജനങ്ങളുടേതാണ് അത് അഡാനിക്ക് അടിയറവു വയ്ക്കരുത്.

പാവങ്ങള്‍ക്കും നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടിയാണ് യേശു കൃസ്തു പ്രവര്‍ത്തിച്ചത്. യേശുവിന്റെ മാതൃക പിന്തുടര്‍ന്ന് നീതിക്കുവേണ്ടിയാണ് സഭ നിലകൊള്ളേണ്ടത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥിതിയെ നിശിതമായി വിമര്‍ശിച്ച് പുതിയ ലോകം വിഭാവനം ചെയ്ത കാള്‍ മാര്‍ക്‌സും നീതിയുടെ പക്ഷത്താണ് നിലകൊണ്ടത്. മാര്‍ക്‌സിസ്റ്റുകളെന്ന് സ്വയം വിളിക്കണമെങ്കില്‍ സി.പി.ഐയും സി.പി.ഐ.എമ്മും മാര്‍ക്‌സിന്റെ പാത പിന്തുടര്‍ന്ന് നീതിയുടെ പക്ഷത്ത് നില്‍ക്കണം.

പ്രകൃതി ഇന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. വരും തലമുറയ്ക്കും പ്രകൃതിയിലെ സര്‍വജീവജാലങ്ങള്‍ക്കും അവയുടെ വരും തലമുറകള്‍ക്കുംകൂടി അവകാശപ്പെട്ടതാണ്. കടലിനടിയിലെ പാറകള്‍ പൊട്ടിക്കാന്‍ തുടങ്ങുന്നതോടെ ഇപ്പോഴെ തകര്‍ന്ന കടലിലെ ജൈവവൈവിധ്യം കൂടുതല്‍ നശിക്കും. അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമാണ്.

അദാനി നിര്‍മാണം തുടങ്ങിയതോടെ കടലിലെ ജൈവവൈവിധ്യം നശിക്കുന്നത് വീഡിയോ തെളിവുകളോടെ  പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. കടലമ്മയെയാണ് അഡാനിയുടെ ഡൈനാമിറ്റുകള്‍ മുറിപ്പെടുത്തുന്നതെന്ന് മല്‍സ്യത്തൊഴിലാളി നേതാക്കന്‍മാര്‍ മനസിലാക്കണം.

ഇതിന് മൂകസാക്ഷികളായി നിന്നാല്‍ അവരെ നേതാക്കന്‍മാരെന്ന് വിളിക്കാനാവില്ല. മല്‍സ്യസമ്പത്തും കടലിന്റെ ജൈവവൈവിധ്യവും സംരക്ഷിക്കാന്‍ ചരിത്രപരമായ ഉത്തരവാദിത്തം ഉണ്ടെന്ന് ഈ നേതാക്കന്‍മാര്‍ മനസിലാക്കണം. അദാനിയുമായുള്ള ലാഭക്കച്ചവടത്തിലൂടെ കടലമ്മയെ ഒറ്റുകൊടുക്കാന്‍ മല്‍സ്യത്തൊഴിലാളി സമൂഹത്തിന് നേതൃത്വം നല്‍കുന്നവര്‍ തയാറാകരുത്.

ഒരു മരം വെട്ടുന്നതിനെതിരെ പോലും കേരളത്തിലെ വിവിധയിടങ്ങളില്‍ പ്രക്ഷോഭമുയര്‍ന്നിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ രണ്ടു മലകളാണ് പുലിമുട്ട് നിര്‍മാണത്തിനായി ഇടിച്ചു നിരത്തുന്നത്. എത്രമരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഇപ്പോള്‍ കണക്കാക്കാനാവില്ല. ഈ മലകളില്‍ മരങ്ങള്‍ കുറവാണെന്ന വാദമുന്നയിച്ചാലും പശ്ചിമഘട്ട മലനിരകള്‍ വഹിക്കുന്ന പാരിസ്ഥിതിക ദൗത്യം കേരളത്തിന്റെ ജീവനാഡിയാണ്.

പ്രദേശത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. മലനിരകള്‍ ഇടിച്ചുനിരത്തുന്നതിനെതിരെ പ്രദേശവാസികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉണര്‍ന്നെണീക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇത് വില്‍പ്പനയുടെ കാലമാണ്. കടലും, മലയും, മല്‍സ്യത്തൊഴിലാളികളും, അവരുടെ തീരവും മല്‍സ്യസമ്പത്തും ആവാസ വ്യവസ്ഥയും ഏറെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ബീച്ചുകളും ഇന്ന് വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. വാങ്ങുന്നതാകട്ടെ കൊള്ളക്കാരനായ അദാനിയും. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് അഡാനി നമ്മുടെ സ്വത്ത് കൊള്ളയടിക്കുയാണ്.

സര്‍ക്കാരോ സഭയോ, അദാനിയോ അല്ല കടലിന്റെയും കടല്‍തീരത്തിന്റെയും മലകളുടെയും അവകാശികള്‍. പ്രകൃതിയുടെ അവകാശികള്‍ ഇവരല്ല. പ്രകൃതി അവരുടെ സ്വകാര്യ സ്വത്തല്ല. പ്രകൃതി പൊതുസ്വത്താണ്. അതില്‍ ജീവിക്കുന്നവരുടെയും വരും തലമുറയുടെയും സ്വത്താണ്. ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന സര്‍ജീവജാനങ്ങളുടെയും സ്വത്താണ്.

പ്രകൃതിയുടെ നാശത്തിന് വിലനിശ്ചയിക്കാനാവില്ല. എത്രവിലകിട്ടിയാലും അത് പകരംവയ്ക്കാനുമാവില്ല. രാഷ്ട്രീയക്കാര്‍ക്കും ആത്മീയ വ്യാപാരികള്‍ക്കും അധികാരവും പണവും ശക്തിയുമുപയോഗിച്ച് അത് സ്വന്തമാക്കാമെന്നും മുപ്പതുവെള്ളിക്കാശിന് വില്‍ക്കാമെന്നും കരുതുന്നുവെങ്കില്‍ വരും തലമുറയെയാണ് നിങ്ങള്‍ ഒറ്റിക്കൊടുക്കുന്നത്.

പ്രകൃതിയെ നശിപ്പിക്കുന്ന പല പദ്ധതികള്‍ക്കുമെതിരെ കേരളത്തില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ജനകീയ മുന്നേറ്റത്തെത്തുടര്‍ന്ന് പല പദ്ധതികളും ഉപേക്ഷിക്കാണ്ടതായും വന്നിട്ടുണ്ട്. സൈലന്റ് വാലിമുതലുള്ള സമരചരിത്രം കേരളത്തിലെ പരിസ്ഥിതി സംരക്ഷരുടെ കരുത്ത് വിളിച്ചറിയിക്കുന്നു.

പരിസ്ഥിതി തകര്‍ക്കുന്ന പദ്ധതികളെ ചോദ്യം ചെയ്യാന്‍തക്ക സാമൂഹ്യബോധവും, രാഷ്ട്രീയ ബോധവും പരിസ്ഥിതി ബോധവുമുള്ളയാളുകള്‍ ഇവിടുണ്ടെന്ന് കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റ് മനസിലാക്കണം. കേരളത്തിന്റെ പ്രകൃതി സമ്പത്ത് വില്‍പ്പനച്ചരക്കല്ലെന്ന് എല്‍.ഡി.എഫ് സര്‍ക്കാരും വിഴിഞ്ഞത്ത് ഒത്താശ നടത്തുന്ന കത്തോലിക്കാ സഭയും മനസിലാക്കണം. തിരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം എല്‍.ഡി.എഫ് ഗവണ്‍മെന്റ് മറന്നിരിക്കുന്നു.

പരിസ്ഥിതി നശിപ്പിക്കാതെയും ജനങ്ങളുടെ ജീവിതം നശിപ്പാതെയുമുള്ള വികസനം എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞത്. ഈ വാഗ്ദാനം വിശ്വസിപ്പിച്ച് വോട്ടുനേടിയവര്‍ അത് പാലിക്കാന്‍ ബാധ്യസ്ഥരാണ്. ഈ വാഗ്ദാനം പാലിക്കാനാവില്ലെങ്കില്‍ ഇടതുസര്‍ക്കാര്‍ മാന്യതയോടെ രാജിവച്ചൊഴിയണം. തങ്ങള്‍ക്ക് പറ്റിയ തെറ്റ് പരസ്യമായി സമ്മതിക്കണം.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ വിഴിഞ്ഞം പദ്ധതിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി വീണ്ടും ഉയര്‍ത്തണം. എല്‍.ഡി.എഫ് ഗവണ്‍മെന്റിന് അതിനു കഴിയുന്നില്ലെങ്കില്‍ മാര്‍ക്‌സിസത്തിന്റെ അന്തസത്ത നശിപ്പിച്ച് കേരളത്തില്‍ മാര്‍ക്‌സിസത്തെ നശിപ്പിക്കുകയാണെന്ന് അവര്‍ മനസിലാക്കണം.

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ തയാറാക്കിയ റിപ്പോര്‍ട്ട്, മാര്‍ക്‌സിസത്തിന്റെയും ക്രൈസ്തവ സഭയുടെയും അന്തസത്തയായ നീതിക്കുവേണ്ടിയുള്ള ദാഹമാണ്. സി.എ.ജി റിപ്പോര്‍ട്ട് അഡാനിയുമായുള്ള കരാര്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും കേരളത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും അസന്ദിഗ്ധമായി വ്യക്തമാക്കിട്ടുണ്ട്.

ക്രിസ്ത്യാനികള്‍ക്കും മാര്‍ക്‌സിസ്റ്റുകള്‍ക്കും കേരളത്തില്‍ അല്‍പ്പമെങ്കിലും വിലയുണ്ടാകണമെങ്കില്‍ ഇവര്‍ സി.എ.ജി റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്ന നീതിയുടെ പാത പിന്തുടരണം. ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത് ഇരുകൂട്ടരും കേള്‍ക്കേണ്ടതാണ്, ” ഭീകരതയിലൂടെയോ, അടിച്ചമര്‍ത്തലിലൂടെയോ, കൊലപാതകങ്ങളിലൂടെയോ മാത്രമല്ല മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത്. വലിയതോതില്‍ ഉച്ചനീചത്വങ്ങള്‍ സൃഷ്ടിക്കുന്ന നീതിരഹിതമായ സാമ്പത്തിക ഘടനയും മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നുണ്ട്. “

മനുഷ്യനിര്‍മിതമായ ഈ വിനാശത്തിന്റെ തുടക്കം മാത്രമാണ് നമ്മള്‍ കണ്ടിരിക്കുന്നത്. വിഴിഞ്ഞത്ത് ഇപ്പോള്‍ കണ്ടത് പ്രതിഷേധത്തിന്റെ ഒരു ചലനം മാത്രമാണ്. വിഴിഞ്ഞം തീരമേഖല നാശത്തിന്റെ പടുകുഴിയിലേക്ക് വീണാല്‍ അത് കൊളുത്തിവിടുക പ്രതിഷേധത്തിന്റെ ഒരു വലിയ കൊടുങ്കാറ്റിനെയായിരിക്കും. അത് തടയാന്‍ ഇടതുപക്ഷ ഗവണ്‍മെന്റിന് കഴിയണമെന്നില്ല.

അദാനിക്കുവേണ്ടി ജനരോഷത്തെ അടിച്ചമര്‍ത്തിയാല്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റുകളുടെ പൊതുജന സമ്മിതി ചോദ്യം ചെയ്യപ്പെടും. വിഴിഞ്ഞത്തെ മറ്റൊരു നന്ദിഗ്രാമും സിംഗൂരുമായി മാറ്റരുതേ… പശ്ചിമബംഗാളില്‍ എന്തു സംഭവിച്ചുവെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു. അതേ തെറ്റ് കേരളത്തില്‍ ആവര്‍ത്തിക്കാന്‍ ഇടവരുത്തരുത്.

നാളെ യേശു ക്രിസ്തുവും കാള്‍ മാര്‍ക്‌സും കേരളം സന്ദര്‍ശിച്ചാല്‍ അവര്‍ അദാനി കടലിലേക്ക് തള്ളുന്ന പാറക്കല്ലുകള്‍ക്കടിയില്‍ പെട്ടുപോയാല്‍ ഞാന്‍ അത്ഭുതപ്പെടില്ല. കടലിന് മുകളിലല്ലെ യേശുവിന് നടക്കാനറിയൂ, കടലിനടിയിലൂടെ നടക്കാന്‍ ശേശുവിന് അറിയില്ലല്ലോ!

മാര്‍ക്‌സിസ്റ്റുകള്‍ ഭരിക്കുന്ന കേരളത്തിലെത്തുന്ന മാര്‍ക്‌സിന് പാറക്കല്ലുകള്‍ തലയില്‍ വീഴുന്നത് എന്തിനാണെന്ന് ഒരു വിധത്തിലും മനസിലാക്കാനാവില്ല. മിച്ചമൂല്യം ഇപ്പോള്‍ പാറക്കല്ലിന്റൈ രൂപത്തില്‍ ജൈവവൈവിധ്യത്തിന്റെ കലവറയായ കടലിലേക്ക് വീഴുകയാണെന്ന് പത്തൊന്‍പതാം നൂറ്റാണ്ടുകാരനായ മാര്‍ക്‌സിന് എങ്ങിനെ മനസിലാവാന്‍

എന്തായാലും ഒരു കാര്യത്തില്‍ എനിക്ക് നല്ല ഉറപ്പുണ്ട്. യേശുവോ, മാര്‍ക്‌സോ വിഴിഞ്ഞത്തേക്ക് വന്നാല്‍ അത് അദാനിയുമായി ഒത്തുതീര്‍പ്പുണ്ടാക്കാനായിരിക്കില്ല.

We use cookies to give you the best possible experience. Learn more