| Wednesday, 13th May 2020, 10:33 am

വിശാഖപട്ടണത്തെ അന്തരീക്ഷത്തില്‍ പരന്നത് 'എന്തോ ഒരു പുക', കമ്പനി അധികൃതരുടെ പേരില്ല; വിഷവാതക ചോര്‍ച്ചയെ ലഘൂകരിച്ച് പൊലീസ് എഫ്.ഐ.ആര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലെ വിഷവാതക ചോര്‍ച്ചയെ ലഘൂകരിച്ച് പൊലീസ് എഫ്.ഐ.ആര്‍. ഫാക്ടറിയില്‍ നിന്നും പുറത്തുവന്നത് ‘എന്തോ ഒരു പുകയെന്ന്’ന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. പി.വി.സി വാതകമായ സ്റ്റിറീനാണ് ചോര്‍ന്നതെന്ന് വ്യക്തമായിട്ടും എഫ്.ഐ.ആറില്‍ അത് രേഖപ്പെടുത്തിയിട്ടില്ല.

പൊലീസ് നല്‍കുന്ന വിവരപ്രകാരം ഫക്ടറിയില്‍നിന്നും ‘എന്തോ ഒരു പുക പുറത്തുവന്നു’ എന്നും ആകെ ‘ദുര്‍ഗന്ധം’ പരന്നുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പുലര്‍ച്ചെ മൂന്നര മണിയോടെ പുക പുറത്തുവരികയും അത് ഗ്രാമങ്ങളിലുള്ളവരെ ബാധിക്കുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

‘ഏകദേശം പുലര്‍ച്ചെ മൂന്നര മണിയോടെ എല്‍.ജി പോളിമേഴ്‌സ് കമ്പനിയില്‍ നിന്നും  എന്തോ ഒരു വാതകം പുറത്തു വരികയും അത് അടുത്തുള്ള ഗ്രാമങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. ഫാക്ടറിയില്‍ നിന്നും ദുര്‍ഗന്ധം പുറത്തുവരികയും അത് ജനങ്ങളെ ബാധിക്കുകയുമായിരുന്നു. ഭയന്ന് ആളുകള്‍ വീട് വിട്ടോടി. സംഭവത്തില്‍ 5 പേര്‍ മരിച്ചു. ബാധിച്ച മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്,’എഫ്.ഐ.ആറില്‍ പറയുന്നു.

വിശാഖപട്ടണം വിഷവാതക ദുരന്തത്തില്‍ 10 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അഞ്ചുപേര്‍ മരിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ഒരു കമ്പനി ജീവനക്കാരനെ പോലും എഫ്.ഐ.ആറില്‍ പേരുചേര്‍ത്തിട്ടില്ല.

ഐ.പി.സിയുടെ 278ാം വകുപ്പ് (ആരോഗ്യത്തിന് ഹാനികരമായ അന്തരീക്ഷം സൃഷ്ടിക്കുക), 284 (വിഷമയമായ പദാര്‍ത്ഥത്തെ അശ്രദ്ധമായി കൈകാര്യം ചെയ്യുക), 285, 337 (മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്‌ക്കോ അപകടമുണ്ടാക്കുന്ന പ്രവൃത്തി), 338, 304 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഉന്നതതലത്തിലുള്ള അന്വേഷണ സംഘത്തെയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ചതെങ്കിലും ഗോപാലപട്ടണം പൊലീസ് സ്റ്റേഷനിലാണ് വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഫാക്ടറിയില്‍ 24 പേരായിരുന്നു ആ സമയത്ത് ഉണ്ടായിരുന്നത്. മുതിര്‍ന്ന മാനേജര്‍മാരാരും തന്നെ ഉണ്ടായിരുന്നില്ല. ആകെ കുറച്ച് എന്‍ജിനീയര്‍മാര്‍ മാത്രമായിരുന്നു കമ്പനയില്‍ ആ സമയമുണ്ടായിരുന്നെന്നും അവര്‍ക്ക് കാര്യങ്ങള്‍ അധികം കൈകാര്യം ചെയ്യാനുള്ള പരിചയം ഉണ്ടായിരുന്നില്ലെന്നും ഫാക്ടറിയുടെ ജോയിന്റ് ചീഫ് ഇന്‍സ്‌പെക്ടര്‍ ജെ. ശിവ ശങ്കര്‍ റെഡ്ഡി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more