| Wednesday, 13th May 2020, 8:22 pm

ഫാക്ടറിയുടെ പേര് പോലുമില്ലാത്ത എഫ്.ഐ.ആര്‍ : വിശാഖപ്പട്ടണം വിഷവാകത ചോര്‍ച്ചയിലെ പൊലീസ് റിപ്പോര്‍ട്ട് ഉയര്‍ത്തുന്ന സംശയങ്ങള്‍ 

അന്ന കീർത്തി ജോർജ്

ഈ കൊവിഡ് കാലത്ത് രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ദുരന്തമായിരുന്നു 11 പേരുടെ മരണത്തിന് ഇടയാക്കിയ വിശാഖപട്ടണത്ത് നടന്ന വിഷവാതക ചോര്‍ച്ച. ഇന്ന് പുറത്തുവന്നിരിക്കുന്ന ഈ സംഭവത്തിന്റെ പൊലീസ് എഫ്.ഐ.ആര്‍ ദുരന്തത്തേക്കാള്‍ വലിയ നടുക്കമാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച കമ്പനിയാണ് ജനങ്ങളുടെ ജീവനെടുത്തതെന്ന് പ്രഥമാ ദൃഷ്ട്യാ തന്നെ ബോധ്യമായിട്ടും ആ കമ്പനിയുടെയോ ആ കമ്പനി ജീവനക്കാരിലാരുടെയെങ്കിലുമോ പേരില്ലാതെയാണ് എഫ്.ഐ.ആര്‍ പുറത്തുവന്നിരിക്കുന്നത്. 


11 പേരുടെ മരണത്തിന് ഇടയാക്കിയ വിഷവാതക ചോര്‍ച്ച ലഘൂകരിച്ച് കാണിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തിയിരിക്കുന്നത്. ഫാക്ടറിയില്‍ നിന്നും പുറത്തുവന്നത് ‘എന്തോ ഒരു പുകയെന്ന്’ന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. പി.വി.സി വാതകമായ സ്റ്റിറീനാണ് ചോര്‍ന്നതെന്ന് വ്യക്തമായിട്ടും എഫ്.ഐ.ആറില്‍ അത് രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല വിശാഖപട്ടണം വിഷവാതക ദുരന്തത്തില്‍ 11 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അഞ്ചുപേര്‍ മരിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

‘ഏകദേശം പുലര്‍ച്ചെ മൂന്നര മണിയോടെ എല്‍.ജി പോളിമേഴ്സ് കമ്പനിയില്‍ നിന്നും  എന്തോ ഒരു വാതകം പുറത്തു വരികയും അത് അടുത്തുള്ള ഗ്രാമങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. ഫാക്ടറിയില്‍ നിന്നും ദുര്‍ഗന്ധം പുറത്തുവരികയും അത് ജനങ്ങളെ ബാധിക്കുകയുമായിരുന്നു. ഭയന്ന് ആളുകള്‍ വീട് വിട്ടോടി. സംഭവത്തില്‍ 5 പേര്‍ മരിച്ചു. ബാധിച്ച മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്,’എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഒരു കമ്പനി ജീവനക്കാരനെ പോലും എഫ്.ഐ.ആറില്‍ പേരുചേര്‍ത്തിട്ടില്ല.

ഐ.പി.സിയുടെ 278ാം വകുപ്പ് (ആരോഗ്യത്തിന് ഹാനികരമായ അന്തരീക്ഷം സൃഷ്ടിക്കുക), 284 (വിഷമയമായ പദാര്‍ത്ഥത്തെ അശ്രദ്ധമായി കൈകാര്യം ചെയ്യുക), 285, 337 (മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടമുണ്ടാക്കുന്ന പ്രവൃത്തി), 338, 304 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഉന്നതതലത്തിലുള്ള അന്വേഷണ സംഘത്തെയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ചതെങ്കിലും ഗോപാലപട്ടണം പൊലീസ് സ്റ്റേഷനിലാണ് വാതക ചോര്‍ച്ചയുമായി ബന്ധപ്പെട്ട എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോളിമേഴ്‌സ് കമ്പനിക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിക്കുമെന്ന് തുടക്കത്തില്‍ മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞിരുന്നു. പക്ഷെ ഇപ്പോള്‍ പുറത്തുവന്ന  എഫ്.ഐ.ആര്‍ സര്‍ക്കാരിന്റെ ഈ വാദത്തെ വെട്ടിലാക്കിയിരിക്കുകയാണ്. വിവിധ കോണുകളില്‍ നിന്നാണ് കമ്പനിയെ രക്ഷിക്കും വിധമുള്ള എഫ്.ഐ.ആറിനെതിരെ പരാതിയുയര്‍ന്നിരിക്കുന്നത്. 

സംഭവിച്ച ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും കുറ്റക്കാരായ കമ്പനിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഈ എഫ്.ഐ.ആര്‍ എന്നാണ് വിമര്‍ശനമുയരുന്നത്.
എന്തുകൊണ്ടാണ് എഫ്.ഐ.ആറില്‍ ഫാക്ടറിയുടെയോ മറ്റാരുടെയുമോ പേര് ഇല്ലാത്തതെന്ന് മാധ്യമങ്ങള്‍ ചോദ്യമുയര്‍ത്തിയിരുന്നു. ‘എഫ്.ഐ.ആറില്‍ ആരുടെയും പേരില്ലെങ്കിലും ഉത്തരവാദിത്തപ്പെട്ട എല്ലാവരെയും അന്വേഷണത്തില്‍ കണ്ടെത്തും. ഉന്നത തല അന്വേഷണ കമ്മിറ്റിയും വിദഗ്ധ സമിതിയും സംഭവത്തില്‍ സീനിയര്‍ മാനേജര്‍മാരുടെ പങ്ക് അന്വേഷിക്കും എന്ന മറുപടിയാണ് പൊലീസ് നല്‍കിയത്. എന്നാല്‍ അതേസമയം എഫ്.ഐ.ആറില്‍ പേര് പോലും രേഖപ്പെടുത്താത്തിടത്തോളും  ഇനി വരുന്ന അന്വേഷണങ്ങളില്‍ ഫാക്ടറിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നാണ് വിമര്‍ശനമുയരുന്നത്.

ആര്‍.ആര്‍ വെങ്കിടപുരത്ത് പ്രവര്‍ത്തിക്കുന്ന പോളിമെര്‍ ഫാക്ടറിയിലാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ വാതക ചോര്‍ച്ച ഉണ്ടായത്. സ്റ്റെറീന്‍ വാതകമാണ് ഫാക്ടറിയല്‍ നിന്ന് ചോര്‍ന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട് ഫാക്ടറി ബുധനാഴ്ച്ച തുറക്കുകയായിരുന്നു.വാതക ചോര്‍ച്ചയെ തുടര്‍ന്ന് അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷ വാതകം പടര്‍ന്നിരുന്നു.  പലരും ഉറക്കത്തില്‍ തന്നെ ഈ വാതകം ശ്വസിച്ച് മരിച്ചുവീഴുകയായിരുന്നു. വിഷവാതകം ശ്വസിച്ച ആളുകള്‍ റോഡുകളില്‍ ബോധരഹിതരായ വീണുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇരുപതോളം ഗ്രാമങ്ങളാണ് ഒഴിപ്പിച്ചത്.

പക്ഷെ സംഭവത്തില്‍ യാതൊരുവിധ പ്രതികരണവും നടത്താന്‍ എല്‍.ജി പോളിമേഴ്‌സ് കമ്പനി മേധാവികള്‍ തയ്യാറായിരുന്നില്ല. മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നില്ല. പിന്നീട് ദുരന്തത്തിനിരായായ എല്ലാവരോടും മാപ്പ് പറയുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും മാത്രമാണ് കമ്പനി വ്യക്തമാക്കിയത്.  സ്റ്റിറീന്‍ മോണോമോര്‍ സ്‌റ്റോറേജ് ടാങ്കില്‍ നിന്നും വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യമായെന്ന് ഈ കമ്പനി മേധാവികള്‍ തന്നെ സമ്മതിച്ചിരുന്നു. ഇരകളായവരുടെ ചികിത്സയടമുള്ള കാര്യങ്ങള്‍ക്കായി സര്‍ക്കാരിനൊപ്പ്ം പ്രവര്‍ത്തിക്കുമെന്ന് കമ്പനി പറഞ്ഞിരുന്നെങ്കിലും ഇതുവരെയും നഷ്ടപരിഹാര തുകയൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

ഫാക്ടറിയില്‍ 24 പേരായിരുന്നു ആ സമയത്ത് ഉണ്ടായിരുന്നത്. മുതിര്‍ന്ന മാനേജര്‍മാരാരും തന്നെ ഉണ്ടായിരുന്നില്ല. ആകെ കുറച്ച് എന്‍ജിനീയര്‍മാര്‍ മാത്രമായിരുന്നു കമ്പനയില്‍ ആ സമയമുണ്ടായിരുന്നെന്നും അവര്‍ക്ക് കാര്യങ്ങള്‍ അധികം കൈകാര്യം ചെയ്യാനുള്ള പരിചയം ഉണ്ടായിരുന്നില്ലെന്നുമാണ് ഫാക്ടറിയുടെ ജോയിന്റ് ചീഫ് ഇന്‍സ്പെക്ടര്‍ ജെ. ശിവ ശങ്കര്‍ റെഡ്ഢി അറിയിച്ചത്.

വിഷവാതക ചോര്‍ച്ചയില്‍ വിശദീകരണം ആവശ്യപ്പെട്ട് ആന്ധ്ര സര്‍ക്കാരിനും കേന്ദ്രത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കത്തയച്ചിരുന്നു. ഇരകളുടെ ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടുത്ത ലംഘനമാണ് നടന്നിരിക്കുന്നതെന്നും കൊവിഡ് വൈറസ് പടരുന്നതുമൂലം രാജ്യമെമ്പാടുമുള്ള മനുഷ്യജീവിതം അപകടത്തിലാകുകയും വീടിനകത്ത് താമസിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരാകുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ സംഭവിച്ച ഈ ദുരന്തം വലിയ ആഘാതമാണ് ജനങ്ങള്‍ക്കുമേല്‍ ഉണ്ടാക്കിയതെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി.

സംഭവം നടന്നതിന് തൊട്ടുപിന്നാലെ തന്നെ പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യനിരീക്ഷകരും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇവരില്‍ പലരും ഈ ഫാക്ടറിയുടെ നടത്തിപ്പിലെ പല നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ് ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്ക്  മുന്‍ കേന്ദ്ര ഊര്‍ജ്ജസെക്രട്ടറിയും വിശാഖപട്ടണം നിവാസിയുമായ  ഇ.എ. എസ് ശര്‍മ്മ അയച്ച കത്തില്‍ ഇതിന്റെ വിശദവിവരങ്ങള്‍ ഉണ്ടായിരുന്നു.

ഇ.എ.എസ് ശര്‍മ

കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ വക മിച്ച ഭൂമിയിലാണ് പോളിമേഴ്‌സ് കമ്പനി പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഈ ഭൂമി തിരിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ അനാവശ്യമായ നിയമയുദ്ധങ്ങളായിരുന്നു കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എ്ന്നിട്ടും 2019ല്‍ കമ്പനിക്ക് പുതിയ യൂണിറ്റുകള്‍ തുടങ്ങാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കി. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെയോ പരിസ്ഥിതി മന്ത്രാലയത്തിന്റെയോ അനുമതി തേടിയില്ലെന്നും ഇ.എ.എസ് ശര്‍മ ചൂണ്ടിക്കാണിക്കുന്നു.

വലിയ തോതിലുള്ള മലിനീകരണ ഇടവെക്കുന്ന കമ്പനിക്ക് ജനവാസകേന്ദ്രങ്ങള്‍ക്കടുത്ത് പ്രവര്‍ത്തിക്കാന്‍ മലിനീകരണനിയന്ത്രണ ബോര്‍ഡ് എന്തുകൊണ്ടാണ് അനുമതി നല്‍കിയതെന്ന് ചോദ്യവും ഇ.എ.എസ് ശര്‍മ്മ ഉന്നയിച്ചിരുന്നു. ലോക്ക്ഡൗണിന്റെ ഒന്നാംഘട്ടം അവസാനിച്ചപ്പോള്‍ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയായ പോളിമേഴ്‌സിന് അവശ്യ സര്‍വീസുകളുടെ പട്ടികയിലുള്‍പ്പെടുത്തി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.  സര്‍ക്കാരിന്റെ  ഉന്നതോദ്യോഗസ്ഥരില്‍ ആരെങ്കിലും ഈ വീഴ്ചയ്ക്ക് ഉത്തരവാദി ആയിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 

നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ മുപ്പതോ നാല്‍പ്പതോ വ്യാവസായിക ദുരന്തങ്ങള്‍ വിശാഖപട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ മുന്‍പും നടന്നിട്ടുണ്ട്. ഇതുവരെ  ഈ അപകടങ്ങളിലൊന്നും അതിനു വഴിവച്ച കമ്പനികളുടെ അധികൃതര്‍ വിചാരണയ്ക്ക് വിധേയരായിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെട്ടിട്ടില്ല. മലിനീകരണം നടത്തുന്ന വ്യവസായശാലകളുടെ പ്രൊമോട്ടര്‍മാരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിതബന്ധമാണ് ഇതു സൂചിപ്പിക്കുന്നത്. ഈ വ്യവസായശാലകള്‍ക്ക് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കളുടെ പിന്തുണയുണ്ട് എന്നാണെങ്കില്‍ അതെന്നെ തെല്ലും  അത്ഭുതപ്പെടുത്തുന്നില്ലെന്നും ഇ.എ.എസ് ശര്‍മ പറഞ്ഞിരുന്നു.

മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെയും ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഈ ദുരന്തത്തിന്റെ  ഉത്തരവാദിത്തം ചുമത്തേണ്ടതുണ്ട്. കൂടാതെ ഈ അപകടത്തിനു  വഴിവച്ചവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ചുള്ള നടപടികള്‍ കൈക്കൊള്ളുകയും അവരില്‍ നിന്ന് കനത്ത പിഴ ഈടാക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഇ.എസ്.ശര്‍മ ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ നിലനില്‍ക്കുന്ന നിയമങ്ങളിലെയും അത് നടപ്പാക്കുന്നതിലെയും പാളിച്ചകള്‍ പോലും പ്രതിസ്ഥാനത്തായ ഒരു ദുരന്തത്തിലാണ് പ്രഥമാ ദൃഷ്ട്യാ തന്നെ കുറ്റക്കാരായ കമ്പനിയെപ്പോലും എഫ്.ഐ.ആറില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഇ.എ.എസ് ശര്‍മയുള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച സംശയങ്ങളും ചോദ്യങ്ങളും ശരിവെക്കുന്നതാണ് പൊലീസ് എഫ്.ഐ.ആര്‍ എന്നാണ് ഇപ്പോള്‍ നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.  സര്‍ക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഈ ദുരന്തത്തില്‍ കുറ്റക്കാരണെന്നും അതിനാലാണ് കമ്പനിയുടെ പേര് പോലും ഉള്‍പ്പെടുത്താതെ എഫ്.ഐ.ആര്‍ തയ്യാറാക്കി ബന്ധപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നുമാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം. 

ചെര്‍ണോബില്‍ ഭോപ്പാല്‍ ദുരന്തങ്ങളോടായിരുന്നു പലരും വിശാഖപട്ടണത്തെ വാതക ചോര്‍ച്ചയെ ഉപമിച്ചത്. ഇന്ന് ഈ അപകടത്തിലെ പൊലീസ് എഫ്.ഐ.ആര്‍ പുറത്തുവരുമ്പോള്‍ കടുത്ത നീതിനിഷേധമാണ് ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ച ആറ് വയസ്സുകാരിയോടുള്‍പ്പെടെയുള്ളവരോട് ഭരണകേന്ദ്രങ്ങള്‍ നടത്തുന്നതെന്ന് വെളിവാക്കപ്പെട്ടിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more