Sports News
ഇതിന് ഐ.സി.സി ഉത്തരം പറഞ്ഞേ മതിയാകൂ; കടുത്ത വിമര്‍ശനവുമായി വിവിയന്‍ റിച്ചാര്‍ഡ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 03, 08:29 am
Monday, 3rd March 2025, 1:59 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സര ക്രമീകരണങ്ങളെ വിമര്‍ശിച്ച് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ്. ഓസ്ട്രേലിയയും സൗത്ത് ആഫ്രിക്കയും അവരുടെ സെമി ഫൈനലിലെ എതിരാളികളെ അറിയാന്‍ ദുബായിലേക്ക് യാത്ര ചെയ്യേണ്ടി വന്നതിന്റെ ഉത്തരവാദികള്‍ ഐ.സി.സിയാണെന്ന് വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകന്‍ കുറ്റപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം പ്രതികരിച്ചത്.

‘ഓസ്ട്രേലിയക്കും സൗത്ത് ആഫ്രിക്കക്കും സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് വേണ്ടി യാത്ര ചെയ്യേണ്ടി വരുന്നതിന്റെ ഉത്തരവാദികള്‍ ഐ.സി.സി. ആണെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ ( ഐ.സി.സി ) ക്രിക്കറ്റിന്റെ ഭരണസമിതി ആയിരിക്കെ ഇക്കാലത്തും എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്ന് അവര്‍ ഉത്തരം പറയണം,’ റിച്ചാര്‍ഡ്സ് ആവശ്യപ്പെട്ടു.

ഇന്ത്യ ഒരേ വേദിയില്‍ കളിക്കുന്നതിനെ കുറിച്ചുള്ള രാഷ്ട്രീയ വശങ്ങളിലേക്ക് താന്‍ കടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്‌പോര്‍ട്‌സിന് ശത്രുക്കളെ പോലും ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


‘ഇന്ത്യ ഒരേ വേദിയില്‍ കളിക്കുന്നതിനെ കുറിച്ച് ആളുകള്‍ പറയുന്നതില്‍ കാര്യമുണ്ടാകാം. അവര്‍ അത് രാഷ്ട്രീയ താത്പര്യങ്ങള്‍ കൊണ്ടാണ് പറയുന്നത്. ഞാന്‍ അതിന്റെ രാഷ്ട്രീയ വശത്തേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്‌പോര്‍ട്‌സിന് ശത്രുക്കളെ പോലും ഒന്നിച്ച് കൊണ്ട് പോകാന്‍ കഴിയുമെന്ന് ഞാന്‍ സത്യസന്ധമായി വിശ്വസിക്കുന്നു,’ വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു.

 

ചാമ്പ്യന്‍സ് ട്രോഫിയിലെ അവസാന മത്സരത്തിന് മുമ്പ് തന്നെ സെമി ഫൈനലിസ്റ്റുകള്‍ ആരാണെന്ന് ഉറപ്പായിരുന്നു. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരമാണ് സെമി ഫൈനലിലെ എതിരാളികളെ നിശ്ചയിച്ചത്. മത്സരത്തിന് മുമ്പ് തന്നെ ഓസ്ട്രേലിയയും സൗത്ത് ആഫ്രിക്കയും ദുബായിലേക്ക് സഞ്ചരിച്ചിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ ജയിച്ചതോടെ ന്യൂസിലാന്‍ഡിനും സൗത്ത് ആഫ്രിക്കക്കും പാകിസ്ഥാനിലേക്ക് തന്നെ മടങ്ങേണ്ടി വരും. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിയില്‍ തന്നെ നടക്കുന്നതാണ് ഇത്തരമൊരു ആശയ കുഴപ്പത്തിന് ഇടയാക്കിയത്.

മാര്‍ച്ച് നാലിനാണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ സെമിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ദുബായില്‍ ഏറ്റുമുട്ടും. സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം സെമി ഫൈനല്‍ മത്സരം മാര്‍ച്ച് അഞ്ചിന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കും.

Content Highlight: Vivian Richards Talking Criticize ICC