സ്ത്രീകള്‍ അടുക്കളയില്‍ പുരുഷന് വേണ്ടത് പാചകം ചെയ്തും കിടപ്പറയില്‍ അവന് ശയനസുഖമേകുന്ന മാംസോപകരണമായും പ്രസവമുറിയില്‍ അവന്റെ പ്രജകളെ പുറന്തള്ളുന്ന പ്രസവ യന്ത്രമായും അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ ദല്‍ഹി പെണ്‍കുട്ടിയെ പോലെ ബസ്സില്‍ വെച്ചും സൗമ്യയെപ്പോലെ തീവണ്ടിയില്‍ വെച്ചും സ്ത്രീകള്‍ അക്രമിക്കപ്പെടുന്ന അവസ്ഥ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരില്ല എന്ന മട്ടിലുള്ള ആര്‍.എസ്സ്.എസ്സ് മേധാവി
മോഹന്‍ ഭഗവതിന്റെ പ്രസ്താവനയോട് വിവേകാനന്ദന്റെ നിരീക്ഷണങ്ങള്‍ ചേര്‍ത്ത് വായിക്കേണ്ടതാണ്
വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി വിവേകാനന്ദന്‍ യൂറോപ്യന്‍ ചിന്താസമ്പ്രദായങ്ങളെ ഭാരതീയ ചിന്താ സമ്പ്രദായങ്ങളെ എന്ന പോലെ തന്നെ ശുഷ്‌ക്കാന്തിയോടെ പഠിച്ച് ഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം അങ്ങേയറ്റം ജനാധിപത്യവാദിയായിരുന്നു.
ഗുണ(quality)ത്തിന്റേയും കര്‍മ്മ(practice)ത്തിന്റെയും അടിസ്ഥാനത്തിലുള്ള നിലവാരവ്യത്യസ്തതകള്‍ അഥവാ പഴയ ഭാഷയില്‍ പറഞ്ഞാല്‍ വര്‍ണവ്യവസ്ഥ വിവേകാനന്ദന്‍ അംഗീകരിച്ചിരുന്നപ്പോഴും അദ്ദേഹം ഒരിക്കലും ബ്രാഹ്മണനും ചണ്ഡാളനും ഒരേ കുറ്റത്തിന് രണ്ട് തരം ശിക്ഷ നല്‍കുന്ന വിധത്തിലുള്ള മനുസ്മൃതിയിലെ നീതിന്യായവ്യവസ്ഥ തന്നെയാണ് നിലവില്‍ വരേണ്ടതെന്നൊന്നും കരുതിയിരുന്നില്ല.
ശൈശവവിവാഹം, സതി, സ്ത്രീകള്‍ക്കും ശൂദ്രര്‍ക്കും വേദപഠനം ഉള്‍പ്പെടെയുള്ള വിദ്യഭ്യാസം നിഷേധിക്കല്‍ തുടങ്ങിയ പരമ്പരാഗത വിശ്വാസങ്ങളേയും ആചാരങ്ങളേയും വിവേകാനന്ദന്‍ നിശിതമായ ഭാഷയില്‍ തള്ളി പറഞ്ഞു. നിരീശ്വരവാദികളേയും ആജ്ഞേയതവാദികളേയും ശിഷ്യന്‍മാരായി സ്വീകരിക്കുന്നതിനുള്ള വിശാലത പ്രഖ്യാപനം ചെയ്യുകയും ചെയ്തു.
വിവേകാനന്ദനെ തന്നെ ഉദ്ധരിക്കാം,
“നാം ഒരുവനേയും- ഈശ്വരവാദിയേയോ നിരീശ്വരവാദിയേയോ സര്‍വേശ്വരവാദിയേയോ ഏകത്വവാദിയേയോ ബഹുദൈവ വാദിയേയോ ആജ്ഞേയതവാദിയേയോ തള്ളുന്നില്ല; ശിഷ്യനാകുവാനുള്ള ഒറ്റ വ്യവസ്ഥ, ഏറ്റവും വിശാലവും, അതേസമയം ഏറ്റവും തീക്ഷ്ണവുമായ ഒരു സ്വഭാവത്തെ രൂപപ്പെടുകയത്രേ. പെരുമാറ്റത്തേയോ സ്വഭാവത്തേയോ ഭക്ഷണത്തേയോ സംബന്ധിച്ച സവിശേഷമായ ആചാര നിയമങ്ങളിലും നാം നിര്‍ബന്ധിക്കുന്നില്ല- അത് അന്യര്‍ക്ക് ഉപദ്രവമാകാത്തിടത്തോളം കാലം മുന്നോട്ടുള്ള ഗതി തടയുന്നതോ അധപതനത്തെ സഹായിക്കുന്നതോ ആയതെല്ലാം ദോഷമാണ്. ഉയര്‍ന്നുവന്നു സമന്വയപ്പെടാന്‍ സഹായിക്കുന്നതെല്ലാം ഗുണവുമാണ്.” (വി.സ.സ: വാള്യം 5 പേജ് 97).
ഇത്രയും വിശാലമായ ജനാധിപത്യ സമീപനം വിവേകാനന്ദന്‍ മുന്നോട്ട് വെച്ചത് 1894 ആണ്. അത്തരം ജനാധിപത്യസമീപനത്തിലേക്കെത്തുവാന്‍ മത രംഗത്തോ രാഷ്ട്രീയ രംഗത്തോ ഇന്നെത്ര വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്.[]
തസ്‌ലീമാ നസ്രിനെ സ്വദേശത്ത് നിന്ന് വിരട്ടിയോടിച്ച, മലാല യൂസുഫ്‌സായി എന്ന കൗമാരക്കാരിയെ വെടിവെച്ച താലിബാനിസത്തെ വിമര്‍ശിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ കാവിഭീകരര്‍ പോലും വലിയ ജനാധിപത്യവാദികളാകും. എന്നാല്‍ എം.എഫ് ഹുസൈന്‍ ഇന്ത്യ വിടുവാന്‍ കാരണം ആരെന്നും; ദീപാ മേത്തയുടെ ചിത്രത്തിനെതിരെ പട നയിച്ചവര്‍ ആരെന്നും ചോദിച്ചാല്‍ സംഘപരിവാരം താലിബാനികളേക്കാള്‍ കടുത്ത മതാധിപത്യവാദികളായി മാറും.
പരദൂഷണത്തിന് ഉപയോഗിക്കുവാനുള്ള ഒരു ആയുധം മാത്രമായാണ് ഇവിടെ ഭൂരിഭാഗവും ജാധിപത്യത്തെ കൈകാര്യം ചെയ്ത് വരുന്നത്. എന്നാല്‍ വിവേകാനന്ദന്‍ ജനാധിപത്യത്തെ കണ്ടിരുന്നത് ഉയര്‍ന്ന് വന്നു സമന്വയപ്പെടുവാനുള്ള സാമൂഹിക സംവിധാനവും വ്യക്തിപരമായ മനോഭാവവും എന്ന അര്‍ത്ഥത്തിലായിരുന്നു. അത്തരം ഒരു വികാസഗതിയിലൂടെ ഭാരതീയരും ഭാരതവും മുന്നേറണം എന്നായിരുന്നു വിവേകാനന്ദന്‍ ആഗ്രഹിച്ചത്.
അദ്ദേഹം എഴുതുന്നു “”ഭാരത്തില്‍ നിന്ന് പോയി മറ്റൊരു നാട് കാണുന്നവനാരോ അയാള്‍ വലിയ സുകൃതം സമ്പാദിക്കുന്നു. ജനതകളുടെ സമുദായത്തില്‍ നിന്ന് മാറി ഒറ്റയ്ക്ക് നിന്നതാണ് ഭാരതത്തിന്റെ അധ:പതനത്തിനുള്ള ഒറ്റക്കാരണം. ഇംഗ്ലീഷുകാര്‍ വന്നതില്‍പ്പിന്നെ മറ്റു ജനതകളുമായി വീണ്ടും കൂടിക്കലരുന്നതിലേക്ക് നിങ്ങളെ അവര്‍ തള്ളിവിടുകയാണ്. കാണെക്കാണെ നിങ്ങള്‍ വീണ്ടും ഉയരുകയുമാണ്. നാടിന് പുറത്ത് പോരുന്ന ഓരോരുവനും ജനതയ്ക്കാകെ ഗുണം ചെയ്യുന്നു; അത് ചെയ്ത് തന്നെയല്ലോ നിങ്ങളുടെ ചക്രവാളം വികസിക്കേണ്ടത്. ഈ സൗകര്യം നേടുവാന്‍ സ്ത്രീകള്‍ക്ക് കഴിയാത്തതുകൊണ്ട് അവര്‍ ഭാരത്തില്‍ മിക്കവാറും ഒട്ടും പുരോഗമിച്ചിട്ടില്ല. ജീവന്റെ ഒരേയൊരു ലക്ഷണം പുറത്തേക്ക് പോകലും പുരോഗമിക്കലും വികസിക്കലുമത്രേ. സങ്കോചം മരണമാകുന്നു…. എല്ലാ ഇടുക്കവും എല്ലാ സങ്കോചവും എല്ലാ തന്‍ കാര്യവും മന്ദമായ ആത്മഹത്യമാത്രമാണ്. ഒരു ജനത എപ്പോള്‍ തന്നത്താന്‍ സങ്കോചിക്കുകയും ജീവിതവികാസത്തെയെല്ലാം മുറിച്ചുതള്ളുകയുമെന്ന മാരകമായ തെറ്റ് ചെയ്യുന്നുവോ, അപ്പോഴത് മരിക്ക തന്നെ വേണം” ( വി.സ.സ; വാള്യം 5- പേജ് 177-178).
കടല്‍ കടന്ന് യാത്ര ചെയ്തവനെ ചത്തവനായി കണക്കാക്കി പിണ്ഡം വയ്ക്കുന്ന ഏര്‍പ്പാട് നിലനിന്നിരുന്ന കാലത്താണ് വിവേകാനന്ദന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാ ഭാരതീയരും പുറത്തേക്ക് സഞ്ചരിക്കണമെന്നും എന്നാലേ ജീവിത വികാസം നേടുവാനാകൂ എന്നും പ്രഖ്യാപിച്ചതെന്നോര്‍ക്കണം.
സ്ത്രീകള്‍ അടുക്കളയില്‍ പുരുഷന് വേണ്ടത് പാചകം ചെയ്തും കിടപ്പറയില്‍ അവന് ശയനസുഖമേകുന്ന മാംസോപകരണമായും പ്രസവമുറിയില്‍ അവന്റെ പ്രജകളെ പുറന്തള്ളുന്ന പ്രസവ യന്ത്രമായും അടങ്ങിയൊതുങ്ങി കഴിഞ്ഞാല്‍ ദല്‍ഹി പെണ്‍കുട്ടിയെ പോലെ ബസ്സില്‍ വെച്ചും സൗമ്യയെപ്പോലെ തീവണ്ടിയില്‍ വെച്ചും സ്ത്രീകള്‍ അക്രമിക്കപ്പെടുന്ന അവസ്ഥ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരില്ല എന്ന മട്ടിലുള്ള ആര്‍.എസ്സ്.എസ്സ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനയോട് വിവേകാനന്ദന്റെ നിരീക്ഷണങ്ങള്‍ ചേര്‍ത്ത് വായിക്കുമ്പോഴാണ്, ആര്‍.എസ്സ്.എസ്സ് ഹിന്ദു രാഷ്ട്രവാദവും വിവേകാനന്ദ ഭാരതീയതയും തമ്മില്‍ പൊട്ടക്കിണറും കടലും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് തീര്‍ത്തും വ്യക്തമാവൂ.
അത്തരം വ്യക്തതകള്‍ക്ക് ഇന്നത്തെ ഭാരതത്തില്‍ വളരെ പ്രസക്തിയുണ്ട്. അത് തിരിച്ചറിഞ്ഞാല്‍ മാത്രമേ മഹര്‍ഷി ഭാരതം മോഡി രാഷ്ട്രമാകാതിരിക്കുവാന്‍ വിവേകാനന്ദ വിചാരസരണിയിലൂടെ ചെയ്യേണ്ടത് ചെയ്യാനാകൂ
മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)
ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)
ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)
ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)
വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).