വിവേകാനന്ദനെ പുനരുത്ഥാനവാദി എന്ന് വിളിക്കാമെങ്കില്‍ ശ്രീനാരായണഗുരുവിനേയും പുനരുത്ഥാരണവാദിയെന്ന് വിളിക്കാം, കാരണം നാരായണ ഗുരു കാളി, ശിവന്‍, സുബ്രഹ്മണ്യന്‍, കൃഷ്ണന്‍ എന്നിവരെ കുറിച്ചാണ് സ്‌തോത്രകൃതികള്‍ എഴുതിയിട്ടുള്ളത്. അരുവിപ്പുറത്തേതുള്‍പ്പെടെയുള്ള പ്രതിഷ്ഠാകര്‍മങ്ങളാകട്ടെ ഈഴവാദി അവര്‍ണരെ ക്ഷേത്രാരാധനയിലേക്ക് പ്രവേശിപ്പിക്കുന്നതുമായിരുന്നു.
വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി
വിവേകാനന്ദ സ്വാമികള്‍ ഒരു പുനുത്ഥാനവാദിയാണെന്ന് തോന്നിപ്പിക്കുന്ന ചില ആശയശകലങ്ങള്‍ അദ്ദേഹത്തിന്റെ വിപുലമായ സാഹിത്യത്തില്‍ കാണാം. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഭാരതീയ പാരമ്പര്യത്തെ അദ്ദേഹം അങ്ങേയറ്റത്തെ വൈകാരിക തീക്ഷ്ണതയോടെ പ്രേമിച്ചിരുന്നു.
അത്തരം ദേശപ്രേമ വിളംബരങ്ങള്‍ അദ്ദേഹത്തിന്റെ വാങ്മയങ്ങളിലുണ്ട്. മറ്റൊന്ന് ഭാരതീയ ജനജീവിതത്തെ അമൂലാഗ്രം ഗ്രസിച്ചിരിക്കുന്ന മുഖ്യമായ സംഗതി മതം ആണെന്ന അദ്ദേഹത്തിന്റെ അഭിപ്രായവും പുനരുത്ഥാന സ്വഭാവം വെളിവാക്കുന്നവയാണ്.[]
ഇതൊക്കെ വെച്ച് വിവേകാനന്ദനെ പുനരുത്ഥാനവാദി എന്ന് വിളിക്കാമെങ്കില്‍ ശ്രീനാരായണഗുരുവിനേയും പുനരുത്ഥാരണവാദിയെന്ന് വിളിക്കാം, കാരണം നാരായണ ഗുരു കാളി, ശിവന്‍, സുബ്രഹ്മണ്യന്‍, കൃഷ്ണന്‍ എന്നിവരെ കുറിച്ചാണ് സ്‌തോത്രകൃതികള്‍ എഴുതിയിട്ടുള്ളത്. അരുവിപ്പുറത്തേതുള്‍പ്പെടെയുള്ള പ്രതിഷ്ഠാകര്‍മങ്ങളാകട്ടെ ഈഴവാദി അവര്‍ണരെ ക്ഷേത്രാരാധനയിലേക്ക് പ്രവേശിപ്പിക്കുന്നതുമായിരുന്നു.
ശ്രീശങ്കരന്റെ ചിന്ത തന്നെയാണ് തന്റേയും ചിന്താപദ്ധതിയെന്നും നാരായണഗുരു സമ്മതിച്ചിട്ടുണ്ട്. ഇതൊക്കെ വെച്ച് വേണമെങ്കില്‍ നാരായണഗുരുവിനേയും പുനരുത്ഥാനവാദി എന്ന് വിളിക്കാം. പക്ഷേ ഭൂരിപക്ഷം പേരും അങ്ങനെ വിളിക്കുന്നില്ല. അരുവിപ്പുറം പ്രതിഷ്ഠയുടെ ജനകീയവും വിപ്ലവാത്മകവുമായ ചരിത്ര പ്രാധാന്യത്തിനാണ് സകലരും ഊന്നല്‍ കൊടുക്കുന്നത്.
അരുവിപ്പുറം പ്രതിഷ്ഠയെ സമീപിക്കുന്ന രീതിശാസ്ത്രം വെച്ച് വിവേകാനന്ദ സ്വാമികളുടെ ദേശപ്രേമത്തേയും ദേശീയത=മതം എന്ന നിലയിലുള്ള വിശകങ്ങളേയും മനസ്സിരുത്തി പഠിച്ചാല്‍, പുറമേയ്ക്ക് പുനരുത്ഥാനപരം എന്ന് തോന്നിപ്പിക്കുന്ന വിവേകാനന്ദ വാക്യങ്ങള്‍ പോലും അകമേ അത്യന്തം വിപ്ലവാത്മക സ്വഭാവമുള്ളതാണെന്ന മനസ്സിലാക്കാം. മാത്രമല്ല ചിക്കാഗോ പ്രസംഗാനന്തരം ഭാരതത്തിലെ മുക്കിലും മൂലയിലും പോലും പ്രകടമായ ഹിന്ദുക്കളുടെ മതപരമായ ആത്മവിശ്വാസത്തെ ശ്ലാഘിക്കുമ്പോഴും അത്തരത്തിലൊരു മതപുനരുത്ഥാനത്തെ അംഗീകരിക്കുമ്പോഴും വിവേകാനന്ദന്‍ അതിന്റെ അപകടങ്ങളെ കുറിച്ച് കൂടി സൂചിപ്പിച്ചിട്ടുണ്ട്.
വിവേകാന്ദന്‍ പറയുന്നു, “ഇതിനിടെ ഭാരതത്തില്‍ മതത്തിന് വമ്പിച്ച ഒരു പുനരുത്ഥാനമുണ്ടായിട്ടുണ്ട്. മേല്‍ക്കാലം ഇതുകൊണ്ടും സൗഭാഗ്യമെന്നതു പോലെ അപായവുമുണ്ടാകാം. ചിലപ്പോള്‍ പുനരുത്ഥാനം പിടിവാദ പ്രവണതകള്‍ക്ക് ജന്മം നല്‍കാറുണ്ട്. അതിരുകള്‍ ലംഘിക്കാറുണ്ട്. അങ്ങനെ പുനരുത്ഥാനം, അത് കൈവരുത്തിയവര്‍ക്ക് പോലും ഒരു സീമയ്ക്കപ്പുറം കടന്നാല്‍ പലപ്പോഴും നിയന്ത്രണാതീതമാകാറുണ്ട്. അതുകൊണ്ട് മുന്‍കൂട്ടി കരുതുന്നത് കൂടുതല്‍ നല്ലത്…. ഉദാഹരണത്തിന് തെക്കേ ഇന്ത്യയിലെ ഒരു ബ്രാഹ്മണന്‍ ഒരു പാപത്തില്‍ നിന്നെന്നവണ്ണം വിറകൊണ്ട് പിന്‍വാങ്ങും മറ്റൊരു ബ്രാഹ്മണന്‍ മാംസം തിന്നുന്നത് കണ്ടാല്‍. വടക്കേ ഇന്ത്യയിലെ ബ്രാഹ്മണനാകട്ടെ, ഏറ്റവും മഹനീയവും പാവനവുമായ കര്‍മമായിട്ടാണ് മാംസഭോജനത്തെ കണക്കാക്കുന്നത്. അയാള്‍ യാഗത്തിന് നൂറ് കണക്കിന് ആടുകളെ കൊല്ലുന്നു. നിങ്ങള്‍ നിങ്ങളുടെ ആചാരം പുരസ്‌കരിച്ചാല്‍ അവര്‍ അവരുടേതിനെ പുരസ്‌കരിക്കുവാന്‍ നിങ്ങളെ പോലെ തന്നെ തയ്യാര്‍. ഭാരതത്തിലെ ആചാരങ്ങള്‍ പലതാണ്. പക്ഷേ, അവയൊക്കെ അതാത് ദേശങ്ങളില്‍ മാത്രം പ്രചാരമുള്ളവയാണ്. ഏറ്റവും വലിയ തെറ്റ് പ്രാദേശികമായ ഇത്തരം ആചാരത്തെ മൂര്‍ഖ•ാര്‍ നമ്മുടെ മതത്തിന്റെ സാരമായി കണക്കാക്കുന്നു എന്നത്രേ.“(വി.സ.സ വാള്യം 3, പേജ് 64,65)
മതത്തിന് സംഭവിക്കുന്ന പുനരുത്ഥാനം സാരങ്ങള്‍ക്ക് പകരം അസാരങ്ങളെ കേന്ദ്രീകരിച്ചുള്ള പിടിവാദമായി തീരുക എന്ന അപകടത്തെ കൂടി കരുതണം എന്ന മുന്നറിയിപ്പ് കൂടാതെ വിവേകാനന്ദന്‍ ഒരിടത്തും ഭാരതീയ മതരംഗത്തെ നവജീവനത്തെ അംഗീകരിക്കുകയോ അനുമോദിക്കുകയോ ചെയ്തിട്ടില്ല. മര്‍ക്കടമുഷ്ടിയോടെ ആചാരത്തില്‍ അടയിരിക്കാതെ മനനദൃഷ്ടിയോടെ ആദര്‍ശങ്ങളിലേക്ക് വികസിക്കുവാനുള്ള മതശ്രദ്ധയാണ് വിവേകാനന്ദന്‍ ഉദ്‌ഘോഷിച്ചത്. ഹിന്ദുക്കള്‍ നായരും നമ്പൂതിരിയും ഈഴവനും പറയനും പുലയനും നായാടിയുമൊക്കെയായി പരസ്പരം അകന്നും തമ്മിലടിച്ചും ജാതികാര്‍ക്കശ്യത്തില്‍ കഴിയുന്നതിന് പകരം, എല്ലാവരും ഋഷിമാരായി തീരാന്‍ സോത്സാഹം പ്രയത്‌നിക്കണം എന്നാണ് വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ മതാദര്‍ശഭരിതമായ ഭാരതദേശത്തിന്റെ പുനരുജ്ജീവന സിദ്ധാന്തത്തിലൂടെ ഉപദേശിച്ചത്.
വിവേകാനന്ദനെ തന്ന ഉദ്ധരിക്കാം, “നമ്മുടെ സമുദായ നേതാക്കള്‍ ഋഷിമാരായിരുന്നു. ഒരിക്കലും സേനാനികളോ രാജാക്ക•ാരോ ആയിരുന്നില്ല എന്ന് നാം ഓര്‍മിക്കേണ്ടതുണ്ട്. ആരാണീ ഋഷിമാര്‍? ഉപനിഷത്തുക്കളില്‍ പരാമൃഷ്ഠനായ ഋഷി സാധാരണ മനുഷ്യനല്ല. മന്ത്രദ്രഷ്ടാവാണ്. മതം കാണുന്നവനാണ് ഋഷി. അദ്ദേഹത്തിന് മതം വെറും ഗ്രന്ഥപാണ്ഡിത്യമോ വാദവിവാദമോ ഊഹാപോഹമോ പ്രലപനമോ അല്ല. പ്രായോഗികമായ സാക്ഷാത്കാരമാണ്. ഇന്ദ്രീയാതീതമായ സത്യങ്ങളെ മുഖത്തോടുമുഖം നേരിടലാണ്. സത്യം സാക്ഷാത്കരിക്കപ്പെടണമെന്നത്രേ വാത്സ്യായനന്‍ പറയുന്നത്. നിങ്ങള്‍ക്കും എനിക്കും നമ്മിലോരോരുത്തനും ഋഷിയാകുക, എന്ന ആഹ്വാനം ശ്രവിക്കേണ്ടിവരുമെന്നും ഓര്‍മിക്കേണ്ടതുണ്ട്. നമുക്ക് നമ്മില്‍ തന്നെ വിശ്വാസം വേണം; ലോകത്തെ നമുക്കിളക്കണം. എല്ലാം നമ്മില്‍ തന്നെയുണ്ട്. നമുക്ക് മതത്തെ അഭിമുഖമായി കാണണം, അനുഭവിക്കണം, അങ്ങനെ നമ്മുടെ അതിനെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് പരിഹാരം നേടണം. പിന്നെ ഋഷിത്വത്തിന്റെ നിതാന്ത ശ്ലാഘ്യമായ പ്രകാശത്തില്‍ നിലകൊള്ളുന്ന നമ്മില്‍ ഒരോരുത്തനും ഗംഭീരനാകും. അപ്പോള്‍ നമ്മുടെ ചുണ്ടത്ത് നിന്ന് വീഴുന്ന ഓരോ വാക്കിനും പിമ്പില്‍ ഭദ്രതയുടേതായ അനന്ത പ്രാമാണ്യം ഉണ്ടാകും. നമ്മുടെ മുന്നില്‍ നിന്ന് തി• സ്വയം മാഞ്ഞുമറയും. അതിന്റെ പേരില്‍ ആരേയും ശപിക്കേണ്ടി വരില്ല. ലോകത്തിലാരോടും പടവെട്ടേണ്ടി വരില്ല. നമ്മുടെയും അന്യരുടേയും ശാശ്വതമായ ന•യ്ക്കായി ഋഷിത്വം സാക്ഷാത്കരിക്കുവാന്‍ ഇവിടെയുള്ള ഓരോരുത്തനേയും ഈശ്വരന്‍ തുണയ്ക്കട്ടെ.”(വി.സ.സ വാള്യം 3, പേജ് 67,68)
ആചാരകാര്‍ക്കശ്യങ്ങളുടെ പൗരോഹത്യത്തിലൂന്നിയ മതപുനരുത്ഥാന വാദമല്ല മറിച്ച് സത്യസാക്ഷാത്കാരത്തിന്റെ ആദര്‍ശപ്രയോഗത്തിലൂന്നിയ ഋഷിത്വത്തിലേക്ക് ഭാരതീയരെ ഉയര്‍ത്തുന്ന മതപുനരുത്ഥാനമാണ് വിവേകാനന്ദന്‍ മുന്നോട്ട് വെച്ചതെന്ന് ഇതില്‍ നിന്ന് വ്യക്തം. മനുഷ്യന്‍ പൂണൂലിട്ടാല്‍ പുരോഹിതനാകും പക്ഷേ, ഋഷിയാകാന്‍ സത്യം സാക്ഷാത്കരിക്കണം. ഇതാണ് വിവേകാനന്ദന്റെ ആശീര്‍വാദമുള്ള മതപുനരുത്ഥാനം; മനുഷ്യനെ ഋഷിയാക്കുന്നത്. ഇക്കാര്യം നാം വേര്‍തിരിച്ചറിയണം.