| Saturday, 4th May 2013, 8:27 pm

വേദാന്തത്തിലെ നാസ്തികത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആത്മവിശ്വാസമില്ലായ്മയാണ് വേദാന്തപ്രകാരം നാസ്തികത എന്നാല്‍ അതിന്റെ മറുവശം ആത്മവിശ്വാസമാണ് ആസ്തികത എന്നത്രേ. ആത്മവിശ്വാസമില്ലാത്ത ഒരു വ്യക്തിയും ഒരു മേഖലയിലും ശക്തി ഐശ്വര്യങ്ങളോടുകൂടി വിജയം വരിക്കാറില്ല.


വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി

നാസ്തികത എന്ന വാക്കിന് സാധാരണഗതിയില്‍ നിലവിലുള്ള ഒരു അര്‍ത്ഥം ഈശ്വരവിശ്വാസം ഇല്ലായ്മ എന്നാണ്. എന്നാല്‍ “മനുസ്മൃതി” നാസ്തികത എന്ന വാക്കിന് കല്‍പ്പിച്ചിട്ടുള്ള അര്‍ത്ഥം ഈശ്വരവിശ്വാസവുയമായി ബന്ധമുള്ളതല്ല. “നാസ്തികോ വേദ നിന്ദക:” എന്നാണ് മനുവിന്റെ അഭിപ്രായം.  എന്നുവെച്ചാല്‍ ഋഗ്വേദാതി വേദങ്ങളെ നിന്ദിക്കുന്നവര്‍ ആരായാലും അവര്‍ നാസ്തികരാണെന്ന് താത്പര്യം.[]

ഒരു ഗ്രന്ഥ സമുച്ചയത്തെ മാനിക്കാത്ത മനോഭാവമാണ് നാസ്തികത എന്ന് പറഞ്ഞ ഒരേയൊരു നാട് ഭാരതവും ഒരേയൊരു ആചാര്യന്‍ ഒരുപക്ഷേ മനുവും മാത്രമായിരിക്കാം.

വേദത്തിന്റെ ഭാഗമാണ് വേദാന്തം അഥവാ ഉപനിഷത്ത്. ഉപനിഷത്തുക്കളില്‍ എന്താണ് നാസ്തികതയെ പറ്റി പറയുന്നത്. അക്കാര്യം മറ്റാരെക്കാള്‍ ഭംഗിയിലും ശക്തിയിലും യുക്തിയിലും പറഞ്ഞിട്ടുള്ളത് സ്വാമി വിവേകാനന്ദനാണ്.

അദ്ദേഹം ” പ്രായോഗിക വേദാന്തം” എന്ന അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ പ്രസംഗത്തില്‍ പറയുന്നു ” സര്‍വ്വശക്തികളും ആത്മാവിലുണ്ട്. ആത്മവിശ്വാസമാണ് ആദ്യം വേണ്ടതെന്നാണ് വേദാന്തോപദേശം അവനവനില്‍ നിന്നും വേറിട്ട് പുരുഷവിധനായ ഒരീശ്വരനുണ്ടെന്ന് വിശ്വസിക്കാത്തവനെ നാസ്തികന്‍ എന്ന് ചില മതങ്ങള്‍ പറയുന്നു. മറിച്ച് അവനവനില്‍ വിശ്വസിക്കാത്തവനെയാണ് വേദാന്തം നാസ്തികന്‍ എന്ന് പറയുന്നത്.

ആത്മ മഹിമയില്‍ വിശ്വസിക്കാത്തത് നാസ്തികത്വം എന്നത്രേ  വേദാന്തമതം. ഈ ഭാവന ഭയങ്കരമാണെന്ന് പലര്‍ക്കും തോന്നും. ഇത് അനുഭവപ്പെടുത്താവതല്ലെന്നും പലരും വിചാരിക്കും.

എന്നാല്‍ ഇത് ഏത് മനുഷ്യനും അനുഭവപ്പെടുത്താമെന്ന് വേദാന്തം തീര്‍ത്തുപറയുന്നു. ജാതി മത ഭേദമോ സ്ത്രീ പുരുഷ ഭേദമോ ഒന്നും ഈ സാക്ഷാത്കാരത്തിന് തടസ്സമല്ല. അത് ഇപ്പോഴേ സാക്ഷാത്കൃതമാണ്. അത് നിത്യസിദ്ധമാണ് എന്നേ്രത വേദാന്ത ഘോഷണം.

ജഗത്തിലുള്ള സര്‍വശക്തികളും ഇപ്പോഴേ നമുക്കുണ്ട്. പക്ഷേ, നാം സ്വന്തം കൈകൊണ്ട് കണ്ണുപൊത്തി “ഇരുട്ട് ഇരുട്ട്” എന്ന് വിലപിക്കുന്നു. കണ്ണുപൊത്തിയ കൈയ്യെടുക്കുക അപ്പോള്‍ കാണാം അനാദികാലം മുതലുള്ള പ്രകാശം. ഇരുട്ടുണ്ടായിരുന്നില്ല, ദുര്‍ബലത ഉണ്ടായിരുന്നില്ല, നാം ദുര്‍ബലരാണെന്ന നമ്മുടെ വിഡ്ഢിത്തം കൊണ്ട് നാം വിലപിക്കുന്നു.” (വി.സ.സ വാള്യം 2 പേജ് 348, 349)

ആത്മവിശ്വാസമില്ലായ്മയാണ് വേദാന്തപ്രകാരം നാസ്തികത എന്നാല്‍ അതിന്റെ മറുവശം ആത്മവിശ്വാസമാണ് ആസ്തികത എന്നത്രേ. ആത്മവിശ്വാസമില്ലാത്ത ഒരു വ്യക്തിയും ഒരു മേഖലയിലും ശക്തി ഐശ്വര്യങ്ങളോടുകൂടി വിജയം വരിക്കാറില്ല. ശക്തിയും ഐശ്വര്യവുമാണ് ഈശ്വരീയതയുടെ പ്രകട ലക്ഷണമെങ്കില്‍ അതിലേക്കെത്തുവാന്‍ ആത്മവിശ്വാസം കൂടിയേ തീരു. ആത്മവിശ്വാസത്തിന്റെ ഈശ്വരീയതയാണ് വിവേകാനന്ദന്‍ പ്രഘോഷിച്ച ആത്മീയത. അതിനെ നിഷേധിക്കുക എന്നത് ആത്മഹത്യാപരമാണ്.

We use cookies to give you the best possible experience. Learn more