ആദ്യത്തെ മൂന്നിനും തങ്ങളുടെ നാളുകള്‍ കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവസാനത്തേതിന്റെ കാലമാണ്. അവര്‍ക്കത് കിട്ടണം ആര്‍ക്കും അതിനെ തടയുക സാദ്ധ്യമല്ല. ഞാനൊരു സോഷ്യലിസ്റ്റാണ് അതൊരു തികവുറ്റ വ്യവസ്ഥയായിട്ടല്ല. പക്ഷേ അരയപ്പം ഒരപ്പവും ഇല്ലാത്തതിലും ഭേദമാണല്ലോ
വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധിജാതിവ്യവസ്ഥയെ വിവേകാനന്ദ സ്വാമികള്‍ നിശിതമായി വിമര്‍ശിച്ചിരുന്നെങ്കിലും അദ്ദേഹം എല്ലായ്‌പ്പോഴും വര്‍ണ്ണവ്യവസ്ഥയെ സര്‍വ്വാത്മനാ അനുമോദിച്ചിരുന്നു. എന്നാല്‍ അങ്ങേയറ്റം കുശാഗ്രബുദ്ധിയായിരുന്നിട്ടുപോലും ജാതിവ്യവസ്ഥയും വര്‍ണവ്യവസ്ഥയും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം എന്തെന്ന് വ്യക്തമാക്കുവാന്‍ വിവേകാനന്ദന് കഴിഞ്ഞിട്ടുണ്ടെന്ന് ഈ ലേഖകന് തോന്നിയിട്ടില്ല.
വിവേകാനന്ദന്‍ അനുമോദിച്ച വര്‍ണ്ണവ്യവസ്ഥാ സിദ്ധാന്തത്തെ പില്‍ക്കാലത്ത് ഏറ്റുപിടിച്ചത് മഹാത്മാഗാന്ധിയാണ്. ജാതീയമായ അയിത്താചാരത്തിനെതിരേയും മറ്റും പോരാടുമ്പോഴും ഗാന്ധിജി ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ- ശൂദ്രാദികള്‍ എന്നിങ്ങനെ മനുഷ്യനെ വേര്‍തിരിക്കുന്ന വര്‍ണ്ണവ്യവസ്ഥയെ എപ്പോഴും പിന്താങ്ങിവന്നു. വിവേകാനന്ദനും ചെയ്തിരുന്നത് ഇത് തന്നെയായിരുന്നു.[]
വര്‍ഷങ്ങള്‍ നീണ്ട പഠനത്തിന് ശേഷം ഈ ലേഖകന് എത്തിച്ചേരാനായ നിഗമനം അര്‍ഹതയ്ക്ക് അംഗീകാരം നല്‍കുന്നതിനുള്ള സ്വാഭാവികമായ ഒരു സാദ്ധ്യത വര്‍ണ്ണവ്യവസ്ഥയിലുണ്ട്. ജാതിവ്യവസ്ഥയിലാകട്ടെ അര്‍ഹതക്ക് അംഗീകാരമില്ലെന്ന് മാത്രമല്ല പാരമ്പര്യത്തെ പരമപൂജനീയതയുള്ളൂ എന്നതാണ് സ്ഥിതി.
അര്‍ഹതയ്‌ക്കൊത്ത അംഗീകാരം എവിടെയൊക്കെ നിലനിന്ന് കാണുന്നുവോ അവിടെയൊക്കെ പേരില്‍പലതാണെങ്കിലും തത്ത്വത്തില്‍ ആവിഷ്‌കൃതമാകുന്നത് വര്‍ണ്ണവ്യവസ്ഥയാണ്. അര്‍ഹതയ്‌ക്കൊത്ത് ഉയരുന്നതിനോ അംഗീകരിക്കപ്പെടുന്നതിനോ എവിടെയൊക്ക സാദ്ധ്യതയില്ലയോ അവിടൊക്കെ നിലവിലുള്ളത് ജാതീയതയുമാണ്.
ഭഗവദ് ഗീത ജാതിവ്യവസ്ഥയെ കുറിച്ച് യാതൊന്നും പറയുന്നില്ല. അത് പറയുന്നത് വര്‍ണ്ണ വ്യവസ്ഥയെ കുറിച്ചാണ്. ഞാന്‍ നാല് മക്കളുടെ പിതാവാണ് എന്നൊരു അച്ഛന്‍ പറയുന്ന ശൈലിയും സ്വഭാവത്തിലുമാണ് വ്യാസകൃഷ്ണ്‍ “”ചാതുര്‍വ്വര്‍ണ്ണ്യം മയാ സൃഷ്ടം/ ഗുണകര്‍മ വിഭാശ “”എന്ന് പറയുന്നത്. കൈയ്യിലെ അഞ്ചുവിരലുകളും ഒരേ വണ്ണവും നീളവും ഉള്ളതായിരിക്കുന്ന അവസ്ഥയല്ല സമത്വവാദം എങ്കില്‍ ഗുണകര്‍മ്മങ്ങള്‍ക്കനുസരിച്ച് നാല് വിഭാഗക്കാരാവുന്ന മനുഷ്യര്‍ എന്നില്‍ നിന്ന് സംഭവിച്ചതാണെന്ന ഗീതാ ഗുരുവിന്റെ പ്രഖ്യാപനത്തിലും സമത്വവിരുദ്ധതയൊന്നും ഇല്ല.
വ്യത്യാസങ്ങള്‍ ഇല്ലാത്തെ അവസ്ഥയല്ല സമത്വം- മറിച്ച് വ്യത്യാസങ്ങള്‍ അടിച്ചേല്‍പ്പിച്ചതല്ലാതിരിക്കുകയും സ്വാഭാവികമായി സംഭവചിച്ചതായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ബ്രാഹ്മണദമ്പതികള്‍ക്ക് പിറന്നവനേ വേദപഠനാധികാരമുള്ളൂ എന്ന് വാദിക്കുന്നത് ജാതീയതയാണ്. എന്നാല്‍ എല്ലാവര്‍ക്കും വേദപഠനത്തിന് അവസരം നല്‍കുകയും അതു പ്രയോജനപ്പെടുന്നതില്‍ ചിലര്‍ വിജയികളാവുകയും വിജയികളായവരെ മാത്രം ബ്രാഹ്മണര്‍ എന്ന് അംഗീകരിക്കുന്ന അവസ്ഥ വര്‍ണവ്യവസ്ഥയുമാണ്.
ഇതിനെ ഇന്നത്തെ സ്‌കൂള്‍ സമ്പ്രദായവുമായി നമുക്ക് ബന്ധപ്പെടുത്താം. എല്ലാവര്‍ക്കും പഠിക്കാന്‍ അവസരമുണ്ട്. പക്ഷേ യോഗ്യത തെളിയിച്ചവരെ മാത്രമേ നാം ബിരുദങ്ങള്‍ നല്‍കി ആദരിക്കാറൂള്ളൂ.
അര്‍ഹതയ്‌ക്കൊത്ത അംഗീകാരം എവിടെയൊക്കെ നിലനിന്ന് കാണുന്നുവോ അവിടെയൊക്കെ പേരില്‍പലതാണെങ്കിലും തത്ത്വത്തില്‍ ആവിഷ്‌കൃതമാകുന്നത് വര്‍ണ്ണവ്യവസ്ഥയാണ്. അര്‍ഹതയ്‌ക്കൊത്ത് ഉയരുന്നതിനോ അംഗീകരിക്കപ്പെടുന്നതിനോ എവിടെയൊക്ക സാദ്ധ്യതയില്ലയോ അവിടൊക്കെ നിലവിലുള്ളത് ജാതീയതയുമാണ്.
ഒരുകാലത്ത് ഇന്ത്യയില്‍ നിലനിന്നിരുന്നത് വര്‍ണ്ണവ്യവസ്ഥയായിരുന്നു. അതുകൊണ്ടാണ് അച്ഛനാരാണെന്നറിയാത്തവനും ശൂദ്രസ്ത്രീയില്‍ പിറന്നവനുമായ സത്യകാമജാബാലന്‍ ഉപനിഷദ് ഋഷിയായത്. കുടമുണ്ടാക്കുന്ന തൊഴില്‍ ചെയ്തിരുന്ന ഐതരേയന്‍” ഐതരേയോപനിഷത്തിന്റെ ആചാര്യനായത്; കാട്ടുജാതിക്കാരനായ രത്‌നാകരന്‍ ആദി കവി വാല്മീകിയായത്, മുക്കുവത്തിയുടെ മകനായ വ്യാസ മാമുനി വേദങ്ങള്‍ പകുത്തവനായത്, ഇറച്ചിവെട്ടുകാരനായ വ്യാധന്‍ ബ്രാഹ്മണപുത്രന് ബ്രഹ്മോപദേശം ചെയ്യുന്ന ഗുരുവായത് ( വ്യാധഗീത നോക്കുക).
അതിനാല്‍ ആരുടെ മകനായി പിറന്നു എന്നതോ എന്തു തൊഴിലെടുക്കുന്നു എന്നതോ അല്ല ഒരാളെ ഋഷിയോ ആചാര്യനോ ഗുരുവോ ആക്കുന്നതെന്ന നിലപാട് ഭാരതത്തിനുണ്ടായിരുന്നു. ഇത് കണക്കിലെടുത്തുകൊണ്ടാണ് മനുസ്മൃതി ഇങ്ങിനെ അനുശാസിക്കുന്നത്.
“” ശ്രദുധാന:ശുഭാം വിദ്യാമാദദീതാവരാദപി
അന്ത്യാദപി പരംധര്‍മ്മം സ്ത്രീരത്‌നം ദുഷ്ടകുലാദപി
(മനുസ്മൃതി.അധ്യായം 2 ശ്ലോകം 238) “”
ശ്രദ്ധയുള്ളവര്‍ ശ്രയസ്‌കകരമായ വിദ്യയെ ശൂദ്രനില്‍ നിന്ന് പോലും ഗ്രഹിക്കേണ്ടതാകുന്നു. മോക്ഷധര്‍മ്മം ചണ്ഡാളനില്‍ നിന്ന് പോലും ഗ്രഹിക്കണം. ഉത്തമസ്ത്രീയെ നീചകുലത്തില്‍ നിന്ന് പോലും സ്വീകരിക്കാവുന്നതാണ് “” . ഇതാണ് മനുവാക്യത്തിന്റെ താത്പര്യം.
ഇത് വര്‍ണ്ണവ്യവസ്ഥയുടെ ശരിയായ നിലപാടാണ്. ജാതീയത ഒരിക്കലും ഇതിനെ അംഗീകരിക്കുകയും ഇല്ല. വിവേകാനന്ദന്‍ എപ്പോഴും അംഗീകരിച്ചിരുന്നത് വര്‍ണ്ണവ്യവസ്ഥയെയാണ്. വര്‍ണവ്യവസ്ഥ ചരിത്രത്തിന്റെ വിവിധഘട്ടങ്ങില്‍ നിര്‍വഹിച്ച ദൗത്യം എന്തൊക്കെയെന്നും അദ്ദേഹം തനത് ശൈലിയില്‍ വിവരിക്കുന്നുമുണ്ട്.
അതിങ്ങനെ വായിക്കാം. “” മാനവ സമുദായം മുറയ്ക്ക് നാലുജാതികളാല്‍ ഭരിക്കപ്പെടുന്നു. പുരോഹിതര്‍, പട്ടാളക്കാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍. ഓരോ ഘട്ടത്തിനും അതാതിന്റെ മികവുകളും കുറവുകളും ഉണ്ട്. പുരോഹിതന്‍ (ബ്രാഹ്മണന്‍) ഭരിക്കുമ്പോള്‍ പാരമ്പര്യം നിമിത്തമായി മറ്റുള്ളവരെ തീരെ അനുവദിച്ചിരുന്നില്ല.
പുരോഹിതന്‍മാരുടേയും അവരുടെ സന്താനങ്ങളുടേയും ആളുകള്‍ എല്ലാതരം സംരക്ഷണം കൊണ്ടും വലയിതരാണ്. അവര്‍ക്കല്ലാതെ ആര്‍ക്കും ജ്ഞാനമില്ല. അവര്‍ക്കല്ലാതെ മറ്റാര്‍ക്കും ജ്ഞാനം പകര്‍ന്നുകൊടുക്കാന്‍ അധികാരവും ഇല്ല. അതിന്റെ മികവ് ഈ കാലത്താണ് ശാസ്ത്രങ്ങളുടെ അടിത്തറയിടുന്നത് എന്നതത്രേ.
പുരോഹിതന്‍മാര്‍ മനസിനെ സംസ്‌ക്കരിച്ചു, മനസിലൂടെയാണല്ലോ അവര്‍ ഭരണം നടത്തിയത്. പട്ടാള (ക്ഷത്രിയ) ഭരണം മര്‍ദുകവും ക്രൂരവുമാണ്. പക്ഷേ അവര്‍ ആരേയും മാറ്റിനിര്‍ത്തിയിരുന്നില്ല. അക്കാലത്ത് കലകളും സാമൂഹ്യസംസ്‌ക്കാരവും ഉന്നതിയെ പ്രാപിക്കുന്നു.
വാണിജ്യ(വൈശ്യ) ഭരണം അടുത്തുവരുന്നു. അതിന്റെ നിശബ്ദ സ്വഭാവത്തോടുകൂടിയതും രക്തചൂഷകവുമായ ശക്തി ഭയങ്കമാണ്. അതിന്റെ മേന്‍മയെന്തെന്നാല്‍ കച്ചവടക്കാരന്‍ സ്വയം സര്‍വ്വത്ര സഞ്ചരിക്കുന്നു, കഴിഞ്ഞ രണ്ട് ഭരണഘട്ടങ്ങളിലും സഞ്ചിതങ്ങളായ ആശയങ്ങളെ അയാള്‍ പരക്കെ വിതരണം ചെയ്യുന്നു.വൈശ്യര്‍ പട്ടാളക്കാരോളം പോലും മറ്റുള്ളവരെ മാറ്റിനിര്‍ത്തുന്ന സ്വഭാവക്കാരനല്ല. പക്ഷേ സംസ്‌ക്കാരം നശിക്കുവാന്‍ തുടങ്ങുന്നു.
അവസാനം തൊഴിലാളി(ശൂദ്ര) ഭരണം വരും. അതിന്റെ മേന്മ ശാരീരിക സുഖങ്ങളുടെ വിതരണമായിരിക്കും പോരായ്മയാകട്ടെ ഒരു പക്ഷേ സംസ്‌ക്കാരത്തിന്റ അധ:പതനവും ആയിരിക്കും. സാധാരണ വിദ്യാഭ്യാസത്തിന്റെ ഒരു വലിയ വിതരണം ഉണ്ടാവും. പക്ഷേ അസാധാരണ പ്രതിഭകള്‍ കുറഞ്ഞുവരും.
പുരോഹിതക്കാലത്തെ ജ്ഞാനവും പട്ടാളക്കാലത്തെ സംസ്‌ക്കാരവും വാണിജ്യക്കാലത്തെ വിതരണോത്സാവും ഒടുവിലത്തേതിലെ സമത്വാദര്‍ശവും എല്ലാം ഭദ്രമായി, തത്ത്വദോഷരഹിതമായി നിലനിര്‍ത്താനാവുന്ന ഒരു രാഷ്ട്രം രൂപവത്ക്കരിക്കുവാന്‍ സാധിച്ചാല്‍ അതൊരു മാതൃകാ രാഷ്ട്രമായിരിക്കും. പക്ഷേ അത് സാധ്യമാണോ?
എങ്കിലും ആദ്യത്തെ മൂന്നിനും തങ്ങളുടെ നാളുകള്‍ കിട്ടിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ അവസാനത്തേതിന്റെ കാലമാണ്. അവര്‍ക്കത് കിട്ടണം ആര്‍ക്കും അതിനെ തടയുക സാദ്ധ്യമല്ല. ഞാനൊരു സോഷ്യലിസ്റ്റാണ,് അതൊരു തികവുറ്റ വ്യവസ്ഥയായിട്ടല്ല. പക്ഷേ അരയപ്പം ഒരപ്പവും ഇല്ലാത്തതിലും ഭേദമാണല്ലോ( വി.സാ.സ വാള്യം 5 പേജുകള്‍ 451,452)
1896 നവംബര്‍ 1ന് വിവേകാനന്ദന്‍ എഴുതിയ ഒരു കത്തില്‍ നിന്നാണ് ഈ ഉദ്ധരണി തൊഴിലാളി ഭരണത്തിന്റെ പ്രശ്‌നങ്ങളും അത് നേരിടേണ്ടി വന്ന വിഷമങ്ങളും 1917 ലെ സോവിയറ്റ് യൂണിയന്റെ ആവീര്‍ഭാവവും 1990 കളില്‍ സംഭവിച്ച പ്രതിരോധാനവും ഉള്‍പ്പെടെട നമ്മെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
കച്ചവടം അതിന്റെ സകല കുടിലതകളോടും കൂടി രൊക്കം പൈസയൊഴിച്ച് മറ്റൊരു ബന്ധത്തിനും പ്രാധാന്യമേകാനാകാത്ത ഒരു ലോകവ്യവസ്ഥയെ തന്നെ ഉണ്ടാക്കിയെടുക്കുകയും ചെയ്തിരിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ വര്‍ണ്ണവ്യവസ്ഥ ലോകഭരണഗതിയെ വായിക്കുന്ന വിവേകാനന്ദച്ചിന്തകളുടെ പ്രസക്തി തന്നെയും ചോദ്യം ചെയ്യപ്പെട്ടേക്കാം. എങ്കിലും അതില്‍ നിന്നും പഠിക്കുവാന്‍ ഭരിക്കുന്നവര്‍ക്കും ഭരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ആര് ഭരിക്കണം തങ്ങളെ എന്ന് നിശ്ചയിക്കാന്‍ സമ്മദിദാനാധികാമുള്ള മുഴുവന്‍ പ്രജകള്‍ക്കും ചിലതെല്ലാ ഉണ്ട്. അത് അവഗണിച്ചുകൂടാ.
മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)
ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)
ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)
ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)