ജാതിവ്യവസ്ഥയും മതപരിവര്‍ത്തനവും
Discourse
ജാതിവ്യവസ്ഥയും മതപരിവര്‍ത്തനവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th February 2013, 2:53 pm

സ്വാമി വിവേകാനന്ദന്റെ 150ാം ജയന്തി പരക്കെ ലോകത്തിലും സവിശേഷമായി ഭാരതത്തിലും ആഘോഷിച്ചു വരുന്നു. ഈ സന്ദര്‍ഭത്തില്‍ വിവേകാനന്ദന്‍, മതം,ജാതി, രാഷ്ട്രീയ വ്യവസ്ഥ, സ്ത്രീ വിമോചനം, വിദ്യാഭ്യാസം, ഭക്തി, ജ്ഞാനം, യോഗം, ധ്യാനം, ദൈ്വതം, അദൈ്വതം, വിശിഷ്ടാദൈ്വതം, വിഗ്രഹാരാധന, ഇസ്‌ലാം ക്രിസ്തുമതം എന്നിവയെപ്പറ്റിയൊക്കെ എന്താണ് ചിന്തിച്ചിരുന്നതും പറഞ്ഞിട്ടുള്ളതും എന്ന് സാമാന്യമായി പരിചയപ്പെടുത്തുവാനാണ് വിവേകാനന്ദ വിചാരത്തില്‍ ശ്രമിക്കുന്നത്.

വിവേകാനന്ദനോട് യോജിക്കുവാനോ വിയോജിക്കുവാനോ അദ്ദേഹത്തെ വിശകലനം ചെയ്യാനോ ഇവിടെ ശ്രമിച്ചിട്ടില്ല. 7 ചോദ്യങ്ങളിലായി പരന്നു കിടക്കുന്ന അദ്ദേഹത്തിന്റെ വാങ്മയങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ വിചാരധാരയെ സംഗ്രഹിച്ചെടുത്ത് അവതരിപ്പിക്കുവാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്.

വിവേകാനന്ദനെ അറിയുക എന്നിട്ടാവാം യോജിക്കലും വിയോജിക്കലും എന്നതാണ് സമീപനം. 41 ദിവസം ഓരോ വിഷയങ്ങളെ അധികരിച്ചുള്ള ലഘുലേഖനങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.



| വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി |


മനുഷ്യനെ എല്ലാ വികാസങ്ങളും തടഞ്ഞ് ഞരുക്കിക്കൊല്ലുന്ന ഒരു നിപീഡനയന്ത്രം ആയിട്ടാണ് സ്വാമി വിവേകാനന്ദന്‍ ജാതിവ്യവസ്ഥയെ കണ്ടിരുന്നത്. ജാതി വ്യവസ്ഥയുടെ അനിവാര്യ ഫലമായിരുന്നു ഇന്ത്യയില്‍ സംഭവിച്ച മതപരിവര്‍ത്തനങ്ങള്‍ എന്നും അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നുണ്ട്.

വിവേകാനന്ദന്‍ എഴുതുന്നു. “വീണ്ടും ഒരു ജനതയായിത്തീരണമെന്ന് വാസ്തവത്തില്‍ നമുക്ക് ആഗ്രഹമുണ്ടെങ്കില്‍ എല്ലാത്തിനും മേലെ നാം നിപീഡനം നിര്‍ത്തണം. എന്തൊരു പരിഹാസ്യമായ അവസ്ഥയിലാണ് നാം വന്നുപെട്ടിരിക്കുന്നത്. ഒരു തോട്ടി തോട്ടിയായി ആരുടെയെങ്കിലും അടുത്തു വന്നാല്‍ മഹാമാരിയെയെന്ന പോലെ അവനെ ഒഴിവാക്കിക്കളയും; എന്നാല്‍ ഒരു പാതിരി, പ്രാര്‍ത്ഥനകളുടെ വല്ല പിറുപിറുക്കലുമായി അവന്റെ തലയില്‍ ഒരു കപ്പു വെള്ളം ഒഴിച്ചുകൊടുക്കുകയും എത്രയും കീറിപ്പറിഞ്ഞതായാലും പുറത്തിടുവാന്‍ അവന്നൊരു കോട്ട് കിട്ടുകയും ചെയ്യേണ്ട താമസം അങ്ങേയറ്റം യാഥാസ്ഥികനായ ഹിന്ദുവിന്റെ മുറിയിലേക്ക് അവന്‍ വരട്ടെ, അവനൊരു കസേരയും ഹൃദയംഗമമായ ഹസ്തചാലനവും നിഷേധിക്കുവാന്‍ ധൈര്യപ്പെടുന്ന മനുഷ്യനെ ഞാന്‍ കാണുന്നില്ല.[]

വൈപരീത്യത്തിന് ഇതിലപ്പുറം പോകാനാവില്ല. തിരുവിതാംകൂറില്‍ തന്നെ. ഭാരത്തിലേക്ക് ഏറ്റവും പുരോഹിതാധിപത്യമുള്ള നാട്ടില്‍ ഓരോ തരി ഭൂമിയും ബ്രാഹ്മണരുടെ വകയായിരിക്കുന്നേടത്ത് സ്ത്രീകള്‍ , കുടുംബത്തിലേതുപോലെ ബ്രാഹ്മണ സംബന്ധത്തില്‍ കഴിയുന്നത് ഉന്നത മഹിമയായി കരുതുന്നേടത്ത് മിക്കവാറും നാലിലൊന്ന് ക്രിസ്ത്യനായി കഴിഞ്ഞു. എനിക്കവരെ കുറ്റപ്പെടുന്നതുവാനും വയ്യ. അവര്‍ക്കെന്ത് പങ്കാണ് ദാവീദിലുള്ളത്, ഭഗവാനെ എപ്പോഴാണ് മനുഷ്യന്‍ മനുഷ്യന് സോദരനാവുക?” (വി.സ.സാ വാള്യം 5 പേജ് 53)

ആശയപരമായി ഉപനിഷത്തുക്കളിലോ മഹാഭാരതേതിഹാസത്തിന്റെ ഭാഗമായ ഭഗവദ് ഗീതയിലോ പറയുന്നതിനേക്കാള്‍ മികച്ചതോ കൂടുതലോ ആയ എന്തെങ്കിലും കാര്യങ്ങള്‍ ബൈബിളിലോ ഖുറാനിലോ പറയുന്നുണ്ടെന്ന് ബോധ്യപ്പെട്ടതുകൊണ്ടല്ല ഭാരതീയരില്‍ നല്ലൊരു പങ്ക് ക്രൈസ്തവരും മുസ്‌ലീംങ്ങളുമായിത്തീര്‍ന്നത്. മറിച്ച് ജാതിവ്യവസ്ഥയിലെ അടിമത്തവും അവഹേളനവും അസഹ്യമായതിനാലാണ്.

വിവേകാനന്ദ സ്വാമികളുടെ ഈ അഭിപ്രായം അതിന്റെ തീക്ഷ്ണതയോടെ പില്‍ക്കാലത്ത് ഏറ്റു പറഞ്ഞൊരു ചിന്തകന്‍ നാരായണ ഗുരുവിന്റെ ശിഷ്യനായ സഹോദരന്‍ അയ്യപ്പനാണ്. അദ്ദേഹം ഇങ്ങിനെ എഴുതി.

“ഗാന്ധിയായുര്‍ന്നാലും ബ്രാഹ്മണനല്ലാതുള്ള
ഹിന്ദുവിന്‍ കിഴിവൊരു കാലവും പോവില്ലഹോ
മറ്റുള്ളോര്‍ കിഴിവോചുമെന്നതോ പോട്ടെ , സ്വയ
മേറ്റീടുമവനതു തന്നെയാണപകടം”

( സഹോദരന്‍ അയ്യപ്പന്‍ ജീവിതവും കൃതികളും, എഡിറ്റര്‍ എം.വി ഷീജ. മൈത്രി ബുക്‌സ് പേജ് 322)

BR-Ambedkar

ഡോ. അംബേദ്ക്കര്‍ എന്ന വിദ്യാസമ്പന്നനായ മേലുദ്യോഗസ്ഥനോട് ബ്രാഹ്മണ ജാതിക്കാരായ കീഴുദ്യോഗസ്ഥര്‍ അയിത്താചാരത്തോടെ പെരുമാറിയിരുന്നത് ഓര്‍ക്കുമ്പോള്‍, ഒരു വ്യക്തി പ്രതിഭയിലും അറിവിലും പദവിയിലും എത്ര ഉയര്‍ന്നവനായാലും ജാതിയില്‍ താഴ്ന്നവനെങ്കില്‍ അവന്‍ അവഹേളിതനാകും എന്നതാണ് ഹിന്ദുമതത്തിന്റെ ദുരവസ്ഥ എന്ന് തീര്‍ത്തും കരുതാം.

തങ്ങളെ അവഹേളിതരായി കാണുന്ന ഒരു മതത്തില്‍ തങ്ങളെന്തിന് തുടരണം എന്ന് താഴ്ന്ന ജാതിയില്‍ പിറന്നവര്‍ ചിന്തിച്ചാല്‍ അതിനവരെ കുറ്റം പറയുരുത്; കുറ്റപ്പെടുത്തേണ്ടത് മതപരിവര്‍ത്തനത്തെയല്ല അതിന് വഴിയൊരുക്കുന്ന ജാതിവ്യവസ്ഥയൈയാണ്. ഇക്കാര്യമാണ് നിശിതഭാഷയില്‍ വിവേകാനന്ദസ്വാമികളും ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

ഹിന്ദുമത സംരക്ഷണത്തിനെന്ന പേരില്‍ ആദിവാസി മേഖലകളിലും മറ്റും നടന്നുവരുന്ന മതപരിവര്‍ത്തനങ്ങള്‍ക്കെതിരെ വാളെടുത്ത് ആക്രോശിക്കുന്നതിന് മുമ്പ് ജാതിവ്യവസ്ഥ എന്ന നിപീഡന യന്ത്രമാണ് മതപരിവര്‍ത്തനത്തിന് കാരണം എന്ന സ്വാമിവിവേകാനന്ദന്‍ എന്ന മഹാനായ ഹിന്ദുസന്യാസിയുടെ നിരീക്ഷണങ്ങള്‍ സംഘപരിവാരം സസൂക്ഷ്മം പഠന വിധേയമാക്കുന്നത് നന്നായിരിക്കും! തല്ക്കാലം ഇത്രയും സൂചിപ്പിക്കുവാന്‍ മാത്രമേ ഇവിടെ നിര്‍വ്വാഹമുള്ളൂ.

മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)

ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)

ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)