സ്വാമി വിവേകാനന്ദന്റെ 150ാം ജയന്തി പരക്കെ ലോകത്തിലും സവിശേഷമായി ഭാരതത്തിലും ആഘോഷിച്ചു വരുന്നു. ഈ സന്ദര്‍ഭത്തില്‍ വിവേകാനന്ദന്‍, മതം,ജാതി, രാഷ്ട്രീയ വ്യവസ്ഥ, സ്ത്രീ വിമോചനം, വിദ്യാഭ്യാസം, ഭക്തി, ജ്ഞാനം, യോഗം, ധ്യാനം, ദൈ്വതം, അദൈ്വതം, വിശിഷ്ടാദൈ്വതം, വിഗ്രഹാരാധന, ഇസ്‌ലാം ക്രിസ്തുമതം എന്നിവയെപ്പറ്റിയൊക്കെ എന്താണ് ചിന്തിച്ചിരുന്നതും പറഞ്ഞിട്ടുള്ളതും എന്ന് സാമാന്യമായി പരിചയപ്പെടുത്തുവാനാണ് വിവേകാനന്ദ വിചാരത്തില്‍ ശ്രമിക്കുന്നത്.
വിവേകാനന്ദനോട് യോജിക്കുവാനോ വിയോജിക്കുവാനോ അദ്ദേഹത്തെ വിശകലനം ചെയ്യാനോ ഇവിടെ ശ്രമിച്ചിട്ടില്ല. 7 ചോദ്യങ്ങളിലായി പരന്നു കിടക്കുന്ന അദ്ദേഹത്തിന്റെ വാങ്മയങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ വിചാരധാരയെ സംഗ്രഹിച്ചെടുത്ത് അവതരിപ്പിക്കുവാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്.
വിവേകാനന്ദനെ അറിയുക എന്നിട്ടാവാം യോജിക്കലും വിയോജിക്കലും എന്നതാണ് സമീപനം. ദിവസവും ഓരോ വിഷയങ്ങളെ അധികരിച്ചുള്ള ലഘുലേഖനങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. 41 ദിവസം ഒരു യജ്ഞം പോലെ ഈ വിവേകാനന്ദ വിചാരം നിര്‍വ്വഹിക്കണമെന്ന് ആഗ്രഹിക്കുന്നു.
എസ്സേയ്‌സ് / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി
സ്വാമി വിവേകാനന്ദന്‍ ആദ്യമായും ആത്യന്തികമായും ഒരു മതാചാര്യനാണ്. നിങ്ങള്‍ക്ക് ഈശ്വരവിശ്വാസം ഉണ്ടായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യട്ടെ. എന്നാല്‍ ആത്മവിശ്വാസം ഉണ്ടായിരുന്നേ പറ്റൂ. എന്നിങ്ങനെയൊക്കെ വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളതുപോലും മതനിഷേധത്തിന് വേണ്ടിയല്ല മറിച്ച് മതത്തെ അതിന്റെ ജീര്‍ണ്ണതകളില്‍ നിന്ന് വിമോചിപ്പിച്ച് സാരവത്തായരീതിയില്‍ പുന:പ്രതിഷ്ഠിക്കുന്നതിന് വേണ്ടിയാകുന്നു.[]
മഹാശയ താങ്കള്‍ ഈശ്വരനെ കണ്ടിട്ടുണ്ടോ എന്ന നേരെയുള്ള ചോദ്യവുമായി ശ്രീരാമകൃഷ്ണ പരമഹംസനെ സമീപിച്ച നരേന്ദ്രന്‍ എന്ന യുവാവിനോട് രാമകൃഷ്ണന്‍ പറഞ്ഞത് “” നിന്നെ കാണുന്ന അത്ര വ്യക്തതയില്‍ ഞാന്‍ ഈശ്വരനെ കാണുന്നു എന്നാണ്. ഈ മറുപടിയും അതിന് ഉപോദ്ബലകങ്ങളായ അനുഭൂതികളും ശ്രീരാമകൃഷ്ണ പരമഹംസനില്‍ നിന്ന് ലഭ്യമായപ്പോഴാണ് നരേന്ദ്രന്‍ എന്ന യുവാവ് സ്വാമി വിവേകാനന്ദനായി മാറുന്നതിന് വേണ്ടുന്ന പരിവര്‍ത്തനങ്ങലേലേക്ക് പ്രവേശിച്ചതും വിവേകാനന്ദനായി മാറിയതും.
വസ്തുത ഇതായിരിക്കേ വിവേകാനന്ദനെ തങ്ങളെപ്പോലൊരു നിരീശ്വരവാദിയായി കാണുവാന്‍ യുക്തിവാദികള്‍ നടത്തുന്ന ശ്രമം വിവേകാനന്ദനെ ഹിന്ദുരാഷ്ട്ര വാദത്തിന്റെ സര്‍സംഘടാലകനാക്കാന്‍ ആര്‍.എസ്സ്.എസ്സുകാര്‍ നടത്തുന്ന ശ്രമം പോലെ തന്നെ അവധാനതയില്ലാത്തതും അപഹാസ്യവുമാണ്. അതുകൊണ്ട് തന്നെയാണ് വിവേകാനന്ദനെ കാണേണ്ടരീതിയില്‍ കണ്ടുകൊണ്ട് ഇവിടെ അദ്ദേഹത്തെ ഉല്പതിഷ്ണുവായ മതാചാര്യന്‍ എന്ന് തന്നെ വിശേഷിപ്പിക്കുന്നത്.
ഏതൊരു മതാചാര്യനെ സംബന്ധിച്ചും അയാള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. മതത്തിന്റെ ഉല്പത്തി എങ്ങനെ എന്നതാണത്? സ്വാമി വിവേകാനന്ദനും ഈ ചോദ്യം അഭിമുഖീകരിക്കുകയും മറുപടി പറയുകയും ചെയ്തിട്ടുണ്ട്. മരണത്തില്‍ നിന്നാണ് മതോല്പത്തി എന്നത്രേ വിവേകാനന്ദന്‍ പറഞ്ഞുവെച്ചിട്ടുള്ള മറുപടിയുടെ ചുരുക്കം.
മതത്തിന്റെ ഉല്പത്തി എന്ന വിഷയത്തെ അധികരിച്ച് വിവേകാനന്ദന്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അദ്ദേഹം പറയുന്നു ഒന്നാമതായി ആദിമ മനുഷ്യന്റെ ഭാവനയില്‍ എല്ലാം എപ്പോഴും ജീവിച്ചിരിക്കുന്നു. പൂര്‍ണ്ണവിനാശം-കേവലം ഇല്ലാതാവുക എന്നര്‍ത്ഥത്തില്‍ മരണത്തെ അവര്‍ സ്വീകരിക്കുന്നില്ല. ആളുകള്‍ അവന്റെ അടുത്ത് വരുന്നു, അകന്ന് പോകുന്നു, വീണ്ടും വരുന്നു, ചിലപ്പോള്‍ അവര്‍ പോയിട്ടു മടങ്ങി വരുന്നില്ല. അതിനാല്‍ ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയില്‍ പോവുക എന്ന അര്‍ത്ഥത്തിലുള്ള നല്ല വാക്കാണ് മരണത്തെ കുറിക്കുവാന്‍ എപ്പോഴും ഉപയോഗിച്ചിരിക്കുന്നത്.
ഇതാണ് മതത്തിന്റെ ആരംഭം. അങ്ങനെ ആദിമ മനുഷന്‍ തന്റെ ഈ പ്രശ്‌നത്തിന് എല്ലാം എവിടേക്ക് പോകുന്നു എന്നുള്ളതിന് ഒരു സമാധാനം സര്‍വ്വത്ര അന്വേഷിച്ചുകൊണ്ടിരുന്നു. (വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം വോള്യം4 പേജ് 1415 ) ഇത്രയും പറഞ്ഞതിനര്‍ത്ഥം മരണം ഇല്ലായിരുന്നെങ്കില്‍ മതവും സംഭവിക്കില്ല എന്നാകുന്നു. അതോടൊപ്പം മരണമുള്ളിടത്തോളം ഏതെങ്കിലും വിധത്തില്‍ മതത്തിന് നിലനില്‍പ്പും ഉണ്ടെന്ന് കരുതണം.
മരിച്ചവര്‍ എവിടെയോ ജീവിച്ചിരിക്കുന്നു എന്ന ധാരണയാണ് മതം എങ്കില്‍ രക്തസാക്ഷികള്‍ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യത്തില്‍ പോലും പഴവര്‍ഗ്ഗങ്ങളില്‍ പഞ്ചസാര എന്ന പോലെ ഇത്തിരി മതം ഉണ്ട്. അതിനാല്‍ ഇന്നത്തെ നിലയില്‍ മരണം പോലെ തന്നെ അനിഷേധ്യേമാണ് മതവും. ഈ വസ്തുത തിരിച്ചറിയുവാനുള്ള വിവേകം കൂടി നല്ലതുപോലെ വിവേകാനന്ദന് ഉണ്ടായിരുന്നു എന്നത്രേ മേലുദ്ധരിച്ച പ്രസംഗഭാഗങ്ങള്‍ തെളിയിക്കുന്നത്! അതിനാല്‍ വിവേകാനന്ദന്‍ മറ്റാരായാലും മതനിഷേധിയല്ല, വിവേകമതിയായ മതാചാര്യന്‍ തന്നെയാണ്.
ചരിത്രപരമായ തെളിവുകളും മതോല്പത്തി മരണവുമായി ബന്ധപ്പെട്ടാണ് എന്ന ധാരണയ്ക്ക് പിന്‍ബലമേകുന്നവയായുണ്ട്. നമ്മള്‍ക്ക് ലഭിച്ചിട്ടുള്ള ശവസംസ്‌ക്കാരത്തിന്റേതായ അവശിഷ്ടങ്ങള്‍ നമ്മളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. മരിച്ച മനുഷ്യന് എത്തിച്ചേരുന്നിടത്ത് ഉപയോഗിക്കുന്നതിനുള്ള ആഹാരസാധനങ്ങള്‍, വസ്ത്രങ്ങള്‍, ചൂല്, മുറം, കത്തി തുടങ്ങിയ പണിയായുധങ്ങള്‍ എന്നിവയൊക്കെ ഏറ്റവും പ്രാചീനനായ മനുഷ്യന്‍ മരിച്ചവനോടൊപ്പം അടക്കം ചെയ്തിരുന്നതായി കാണുന്നുണ്ട്. ഈ ശവസംസ്‌ക്കാര രീതി സൂചിപ്പിക്കുന്നത് മനുഷ്യന്‍ ഒരു യാത്ര പോവുകയാണ് മരണത്തിലൂടെ എന്ന സങ്കല്പം പൊതുവേ മാനവരാശിക്ക് ഉണ്ടായിരുന്നു എന്നാണ്.
“സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു” എന്ന ധാരണയാണത്. ഭൂമിയിലെ മാനവജീവിതം ഒരു ഇടത്താവളമാണെന്ന ആശയം പങ്കുവെയ്ക്കാത്ത ഒരൊറ്റ മതവും ഇല്ല. ഓഷോ ജനിക്കുകയോ മരിക്കുകയോ ചെയ്തിട്ടില്ല. ഇത്രാം തിയ്യതി മുതല്‍ ഇത്രാം തിയ്യതി വരെയുള്ള കാലത്ത് ഭൂമി സന്ദര്‍ശിക്കുകയാണ് ചെയ്തത് എന്ന ധാരണയ്ക്കിടയിലും ജീവിതം എന്നത് യാത്രയ്ക്കടയിലെ ഇടത്താവളമാണെന്ന പ്രാചീന മാനവസങ്കല്പം കാണാം.
ഈ പറഞ്ഞതെല്ലാം തങ്ങളോടൊപ്പം ഉണ്ടായിരുന്നവര്‍ എങ്ങോട്ടുപോയി…എന്ന അന്വേഷണത്തില്‍ നിന്നാണ് അഥവാ മരണം മനുഷ്യനെ കൊണ്ടു പോകുന്നത് എവിടേക്കെന്ന അന്വേഷണത്തില്‍ നിന്നാണ് മതോല്പത്തി എന്ന വിവേകാനന്ദ നിരീക്ഷണം അത്ര എളുപ്പം നിഷേധിക്കാനാകാത്ത ശരിയായിരിക്കുന്നു എന്ന് തെളിയിക്കുന്നു. മരണദേവനായ യമധര്‍മ്മനില്‍ നിന്ന് നചികേതസ്സ് പഠിച്ച ഉപനിഷത്താണ് കഠോപനിഷത്തെന്ന കാര്യം കൂടി ഇവിടെ സ്മരണീയവുമാണ്!