ജൂത-ക്രൈസ്തവ-ഇസ്‌ലാമിക മത സമ്പ്രദായങ്ങളെല്ലാം തന്നെ പൊതുവേ പങ്കിട്ട് വരുന്ന സുപ്രധാനമായ ഒരു വിശ്വാസ പ്രമാണമാണ് ഭൂമിയുടെ അവകാശി മനുഷ്യനാണ് എന്നത്. മനുഷ്യനൊഴികെ ഭൂമിയിലുള്ളതെല്ലാം മനുഷ്യന് തിന്നാനും കുടിപ്പാനും ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഉപഭോഗത്തിനും വേണ്ടി ദൈവം അവകാശമാക്കി കൊടുത്തിട്ടുണ്ടെന്നാണ് വാദം.
വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി
മനുഷ്യനൊഴികെ ഭൂമിയിലുള്ളതെല്ലാം മനുഷ്യന് തിന്നാനും കുടിപ്പാനും ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഉപഭോഗത്തിനും വേണ്ടി ദൈവം അവകാശമാക്കി കൊടുത്തിട്ടുണ്ടെന്നാണ് വാദം.
ഭൂമിയിലേക്കുള്ള അവകാശത്തിന് ഏറ്റവും അര്‍ഹരായ മനുഷ്യര്‍ ജൂതരാണോ ക്രൈസ്തവരാണോ മുസ്‌ലീങ്ങളാണോ എന്ന കാര്യത്തിലാണ് തര്‍ക്കവും മത്സരവും ഒക്കെ നിലവിലുള്ളതും.
എന്നാല്‍ ഔപനിഷദികം എന്നും വേദാന്തപരമെന്നും ഒക്കെ വിളിപ്പേരുകളുടെ ഭാരതീയ ഋഷി കവികളുടെ ആദ്ധ്യാത്മിക-ധാര്‍മിക പ്രബോധനങ്ങളിലൊന്നും ഭൂമിയുടെ പരമാവകാശി മനുഷ്യനാണെന്ന നിലപാടില്ല.
സ്വാമി വിവേകാനന്ദന്‍ ഇതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് വെച്ച കര്‍മയോഗ സിദ്ധാന്തപരമായ ചില വിചാരങ്ങള്‍ ഒറ്റനോട്ടത്തില്‍ മേല്‍പ്പറഞ്ഞ മതവിശ്വാസ സംഹിതകളുടെ വൈചാരികത കുറഞ്ഞവരും വൈകാരികത കൂടിയവരുമായ അനുയായികളെ അസ്വസ്ഥപ്പെടുത്താവുന്ന വിധം യുക്തി ഭദ്രമാണ്. എന്തായിരുന്നു ആ വാദങ്ങള്‍ എന്നാണ് ഇവിടെ ചെറുതായൊന്ന് വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.[]
വിവേകാനന്ദന്‍ പറയുന്നു, ” സുഖാനുഭവം ലക്ഷ്യമായിരിക്കരുത്. ആദ്യം നിങ്ങളുടെ അഹംബുദ്ധി നശിപ്പിക്കുക. അതിന് ശേഷം ലോകത്തെ മുഴുവന്‍ ആത്മതുല്യം, സ്വാത്മാവായി കാണുക.
പഴയ ക്രിസ്ത്യാനികള്‍ പറഞ്ഞിരുന്ന പോലെ ” ആ കിഴവന്‍ ചാകണം”. ഈ കിഴവനെന്ന് പറയരുത്. ലോകം മുഴുവന്‍ നമ്മുടെ സുഖാനുഭവത്തിന് വേണ്ടി നിര്‍മിക്കപ്പെട്ടിരിക്കുന്നു എന്നുള്ള സ്വാര്‍ത്ഥ വിചാരമാകുന്നു.
“അല്ലയോ പ്രഭോ, അങ്ങ് എനിയ്ക്ക് വേണ്ടി ഈ സൂര്യനെ സൃഷ്ടിച്ചിരിക്കുന്നു. എനിക്ക് വേണ്ടി ചന്ദ്രനെ സൃഷ്ടിച്ചിരിക്കുന്നു.” എന്നിങ്ങനെ പ്രാര്‍ത്ഥന ചൊല്ലാന്‍ ബുദ്ധിശൂന്യരായ മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുന്നു… ഇത്തരം അബദ്ധങ്ങള്‍ കുട്ടികളെ പഠിപ്പിക്കരുത്. ഇനി വേറൊരു വിധത്തില്‍ മഠയത്തരം പറയുന്നവരുണ്ട്, അവര്‍ പറയുന്നത് ഈ ജന്തുക്കളെയെല്ലാം സൃഷ്ടിച്ചിട്ടുള്ളത് നമുക്ക് കൊന്ന് തിന്നാന്‍ വേണ്ടിയാണെന്നും ഈ ജഗത് നമ്മുടെ സുഖാനുഭവത്തിന് വേണ്ടിയുള്ളതാണെന്നും ആകുന്നു.
ഇതെല്ലാം അസംബന്ധം. “മനുഷ്യനെ എനിക്ക് വേണ്ടി സൃഷ്ടിച്ചിരിക്കുന്നു എന്ന് വ്യാഘ്രത്തിന് പറയാം.” അല്ലയോ ഈശ്വരാ എന്റെ തീറ്റയ്ക്കായി എന്റെ മുന്നില്‍ വന്ന് കിടക്കാത്ത ഈ മനുഷ്യന്‍ എത്ര ദുഷ്ടനാണ്. അവര്‍ അങ്ങയുടെ നിയമത്തെ ലംഘിക്കുന്നു.” എന്നിങ്ങനെ വ്യാഘ്രത്തിന് ഈശ്വരനോട് ആവലാതിപ്പെടാം… ലോകം എത്രത്തോളം നമുക്ക് വേണ്ടിയാണോ അത്രത്തോളം നാം ലോകത്തിന് വേണ്ടിയുമാണ്.”(വി.സ.സ വാള്യം 1, പേജ് 91, 92)
” മനുഷ്യനെ ദൈവം ഭൂമിയിലെ പ്രതിനിധിയാക്കി” എന്ന വേദഗ്രന്ഥങ്ങളിലെ പരാമര്‍ശത്തിനര്‍ത്ഥം ഭൂമിക്ക് മേല്‍ പരമാധികാരം മനുഷ്യനാണ് എന്നതല്ല. മറ്റെല്ലാം മനുഷ്യന് തിന്നാനുള്ളതാണെന്നുമല്ല. ഈ തെറ്റിദ്ധാരണയില്‍ പെരുമാറുന്നവരോടാണ്; സ്വാര്‍ത്ഥഭരിതനായ മനുഷ്യനോടാണ്, വിവേകാനന്ദന്‍ ഭാരതീയ ധര്‍മ സംഹിതകളുടെ പിന്‍ബലത്തോടെ കയര്‍ത്ത് സംസാരിക്കുന്നത്.
ദൈവത്തിന്റെ പ്രാതിനിധ്യം എന്നതിന് മനുഷ്യന് വേണ്ടി മറ്റ് സസ്യ-വൃക്ഷലതാദി മൃഗ-പക്ഷി വൃന്ദങ്ങള്‍ക്ക് കൂടി അവകാശപ്പെട്ട ഭൂമിയെ തോന്നിയത് പോലെ, മലതുരന്നും കാടുതെളിയിച്ചും കുന്നിടിച്ചും മണലൂറ്റിയും താറുമാറാക്കുവാനുള്ള അധികാരം എന്നല്ല അര്‍ത്ഥം.
ഇത് തിരിച്ചറിയുന്നവര്‍ക്കൊന്നും മേലുദ്ധരിച്ച വിവേകാനന്ദന്റെ വാക്കുകള്‍ വായിക്കുമ്പോള്‍ പ്രകോപനം തോന്നുകയില്ല. വിവേകാനന്ദന്റേത് ജൂത- ക്രൈസ്തവ- ഇസ്‌ലാമിക മതപ്രചാരണത്തിന് വിരുദ്ധമായ അഭിപ്രായമാണെന്ന് അനുഭവപ്പെടുകയില്ല. ഒരു വൃക്ഷം മുറിക്കുമ്പോള്‍ നാം പത്ത് വൃക്ഷത്തൈകള്‍ നടണം. ഒരു കുളത്തിലിറങ്ങി കുളിക്കുമ്പോള്‍ രണ്ട് കൈ ചേറെങ്കിലും അതില്‍ നിന്ന് കോരിമാറ്റിയിട്ട് വേണം കുളിക്കാന്‍.
ഇങ്ങനെ എല്ലാവരും ചെയ്താല്‍ കുളം എപ്പോഴും വൃത്തിയായി ഇരിക്കും. കവര്‍ന്നെടുത്ത് ഉപഭോഗിച്ചാല്‍ പോര തിരിച്ച് അങ്ങോട്ടും എന്തെങ്കിലും നിക്ഷേപിക്കണം. ത്യാഗബുദ്ധിയോടെ ഭോഗിക്കുക എന്ന തത്വമാണിത്.
” അവനവന്‍ ആത്മസുഖത്തിനാചരിക്കുന്നവ അപരന്റെ സുഖത്തിനായി വരണം.” എന്ന് ശ്രീനാരായണഗുരു പറഞ്ഞതും ഇത് തന്നെ. ഇക്കാര്യമാണ് വിവേകാനന്ദനും ഊന്നിപ്പറയുന്നത്. മനുഷ്യന്റെ കര്‍മങ്ങള്‍ സര്‍വ്വചരാചരങ്ങള്‍ക്കും ഹിതകരമായ വിധത്തില്‍ ക്രമീകരിക്കപ്പെടണം. ദൈവം കടലുണ്ടാക്കിയത് മനുഷ്യന് മീന്‍ പിടിക്കാന്‍ മാത്രമല്ല, മത്സ്യങ്ങള്‍ക്ക് ജീവിക്കുവാനും ഭൂമിയ്ക്ക് മഴ ലഭിക്കുവാന്‍ ആവശ്യമായ നീരാവിയുണ്ടാകുന്നതിനും മുത്തുകളും പവിഴങ്ങളും ഉണ്ടാവുന്നതിനും മറ്റുംമറ്റുമായ നിരവധി കാര്യങ്ങള്‍ക്ക് വേണ്ടി കൂടിയാണ്.
ഇത് തിരിച്ചറിയുന്ന മനുഷ്യന്റെ പ്രാതിനിധ്യം അവനവന് വേണ്ടി മാത്രം ഭൂമിയെ താറുമാറാക്കുന്ന പാരിസ്ഥിതികാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന തോന്നാസ്യകര്‍മങ്ങളാല്‍ നിറഞ്ഞ് താവുകയുമില്ല. ഇതാണ് വിവേകാനന്ദന്‍ നല്‍കുന്ന വിശ്വമൈത്രിയുടെ കര്‍മസന്ദേശം.
മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)
ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)
ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)
ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)
വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).
വിവേകാനന്ദന്റെ ജനാധിപത്യവും ആര്‍.എസ്സ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദവും (ഭാഗം:6)
വിശക്കുന്ന മനുഷ്യരെ വിഗണിക്കുന്നവരുടെ കന്നാലി സേവാ സിദ്ധാന്തം (ഭാഗം:12)
വിവേകാനന്ദനും സംസ്‌കൃതഭാഷാഭിമാനവും(ഭാഗം:13)