വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി
യോഗമെന്നാല്‍ പലരും ധരിച്ചിരിക്കുന്നത് അതൊരു ശാരീരിക വ്യായാമമാണെന്നാണ്. ബാബാ രാംദേവിനെ പോലുള്ളവര്‍ അത്തരം യോഗധാരണകളാണ് പൊതു സമൂഹത്തിലേക്ക് സംക്രമിപ്പിച്ച് വച്ചിരിക്കുന്നതും.[]
എന്നാല്‍ ബാബാ രാംദേവ് ചെയ്യുന്നതിനേക്കാള്‍ നൂറിരട്ടി അത്യത്ഭുതകരമായ ശാരീരികാഭ്യാസങ്ങള്‍ സാധാരണ തെരുവുസര്‍ക്കസ്സുകാര്‍ പോലും ചെയ്തുകാണിക്കാറുണ്ട്. അവരെയാരെയും നമ്മള്‍ യോഗ ഗുരു എന്ന് പറഞ്ഞ് കാല്‍തൊട്ടു വന്ദിക്കാറില്ല. ദൈവ തുല്യം പൂജാമുറിയില്‍ പ്രതിഷ്ഠിച്ച് ആരാധിക്കാറുമില്ല.
ഒരു പക്ഷേ ഒരു സര്‍ക്കസുകാരനോ സര്‍ക്കസുകാരിയോ ബാബാ രാംദേവിനെ പോലെ കാവിയുടുത്തോ അമൃതാനന്ദമയിയെ പോലെ വെള്ള പുതച്ചോ ആണ് ശാരീരികാഭ്യാസങ്ങള്‍ കാണിക്കുന്നതെങ്കില്‍ അവരെയൊക്കെ ആള്‍ ദൈവങ്ങളായി പൂജിക്കാന്‍ ഭാരതത്തില്‍ ആളുണ്ടായേനെ. അത്രമേല്‍ വിവേകശൂന്യമായിരിക്കുന്നു നമ്മുടെ നാട്ടിലെ ആധ്യാത്മികാവേശം.
എന്നാല്‍ ഭാരതത്തില്‍ യോഗമെന്ന് പറഞ്ഞാല്‍ ഉദ്ദേശിക്കുന്നത് ശാരീരികാഭ്യാസത്തെയല്ല. യോഗശാസ്ത്രമെന്നാല്‍ അര്‍ത്ഥമാക്കുന്നത് ചിത്തവൃത്തി നിരോധനത്തിന്റെ ശാസ്ത്രം എന്നാണ്. മനസ്സടക്കത്തിന്റെ ശാസ്ത്രം എന്നാണ്.
[]അതിന്റെ ആചാര്യന്‍ പതഞ്ജലി മഹര്‍ഷിയാണ്. അദ്ദേഹം രചിച്ച യോഗശാസ്ത്രത്തില്‍ ആസനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സുഖകരമായ ഇരിപ്പ് എന്നാണ്. അല്ലാതെ പത്മാസനം, സിദ്ധാന്തം, വീരാസനം, മയൂരാസനം, എന്നിങ്ങനെയുള്ള വ്യായാമസ്ഥിതികളെയല്ല.
അത്തരം വ്യായാമസ്ഥിതികളെ ഇന്ത്യയില്‍ പറയുക പതിവ് ഹഠയോഗം എന്നാണ്. കളരിയഭ്യാസം പോലുള്ള ഒരു വ്യായാമ കലയാണ് ഹഠയോഗം. അതിന്റെ പ്രമാണ ഗ്രന്ഥം ഹഠയോഗ പ്രദീപകയാണ്. പതഞ്ജലിയുടെ യോഗസൂത്രമല്ല.
കളരി, കരാട്ടെ, കുങ്ഫു, ജൂഡോ, ബോക്‌സിങ് തുടങ്ങിയ വ്യായാമകലകളിലേതെങ്കിലുമൊന്നില്‍ പരിശീലനം നേടിയ ഒരാളുടെ ശാരീരിക സൗഷ്ഠവും തീര്‍ച്ചയായും ഹഠയോഗിക്ക് കാണും.
അതിന്റെ ലക്ഷ്യം ശാരീരിക സൗന്ദര്യവും ബലവുമാണ്. എന്നാല്‍ പതഞ്ജലിയുടെ യോഗാനുശാസനത്തിന്റെ ലക്ഷ്യം മനസ്സിന്റെ സമച്ചിത്തതയാണ്. അഥവാ സമാധിസ്ഥിതിയാണ്.
മനസ്സിന്റെ സമച്ചിത്തതയാണോ ശാരീരിക സൗഷ്ഠവമാണോ മനുഷ്യന്‍ നന്നാവാന്‍ വേണ്ടത്? ഈ ചോദ്യത്തിനുത്തരം മനസ്സിന്റെ സമച്ചിത്തത എന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ സ്വാമി വിവേകാനന്ദന്‍ ഹഠയോഗത്തിന് വലിയ പ്രാധാന്യമൊന്നും കല്‍പ്പിച്ചില്ല. അദ്ദേഹം എഴുതുന്നു,
” ആരോഗ്യമാണ് ഹഠയോഗിയുടെ മുഖ്യോദ്ദേശ്യവും ഏകലക്ഷ്യവും. രോഗം പിടിപ്പെടരുത് എന്നയാള്‍ നിശ്ചയിച്ചിരിക്കുന്നു. ഒരിക്കലും പിടിപ്പെടുന്നുമില്ല. അയാള്‍ നീണാള്‍ ജീവിക്കുന്നു.
ഒരു പേരാല്‍ ചിലപ്പോള്‍ അയ്യായിരം കൊല്ലം നിലനിന്നു എന്ന് വരാം. എന്നിട്ടും അത് ഒരു പേരാല്‍; അത്രതന്നെ കൂടുതല്‍ ഒന്നുമില്ല. അതുകൊണ്ട് ഒരുത്തന്‍ ദീര്‍ഘകാലം ജീവിച്ചിരുന്നെങ്കില്‍ അയാള്‍ ആരോഗ്യമുള്ള ഒരു ജന്തുമാത്രം” .(വി.സ.സ വാള്യം 1, പേജ് 165-166)
പോരാ, മഹര്‍ഷി അരബിന്ദോയെ യോഗദര്‍ശനത്തിന്റെ പരാമാചാര്യനായാണ് ലോകം കരുതുന്നത്. അദ്ദേഹത്തോളം യോഗനുഭവം നമ്മുടെ തൊട്ടടുത്ത കാലത്ത് മറ്റാര്‍ക്കും സിദ്ധിച്ചിട്ടില്ല എന്ന് പറയപ്പെടുന്നു.
പക്ഷേ, മഹര്‍ഷി അരബിന്ദോ ബാബാ രാംദേവ് കാണിക്കുന്ന ശാരീരിക കസര്‍ത്തുകളൊന്നും കാണിച്ചിരുന്നില്ല. എന്ന് കരുതി ബാബാ രാംദേവിനേക്കാള്‍ മോശപ്പെട്ട നിലയാണ് യോഗത്തില്‍ മഹര്‍ഷി അരബിന്ദോവിന്റേതെന്ന് ആര്‍ക്ക് പറയാന്‍ ധൈര്യം വരും?
മറ്റൊരു ഉദാഹരണം കൂടി ചൂണ്ടിക്കാണിക്കാം. രാജയോഗത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ പ്രയോക്താവായിരുന്നു “മോക്ഷ പ്രദീപം” എന്ന കൃതിയുടെ കര്‍ത്താവും ആനന്ദമത സ്ഥാപകനുമായ ബ്രഹ്മാനന്ദ സ്വാമി ശിവയോഗി. അദ്ദേഹവും ബാബാ രാംദേവിനേപോലെ ശരീരം വളച്ചും തിരിച്ചും കസര്‍ത്തുകള്‍ കാണിച്ചിട്ടല്ല യോഗിയായത്.
അതിനാല്‍ യോഗം, യോഗി എന്നീ ശബ്ദങ്ങള്‍ മഹര്‍ഷി അരബിന്ദോ ,ബ്രഹ്മാനന്ദ സ്വാമി ശിവയോഗി എന്നിവരുടെ വ്യക്തിത്വത്തിനും ദര്‍ശനങ്ങള്‍ക്കും ചേരുന്നിടത്തോളം ബാബാ രാദംദേവുമാര്‍ക്കും അവരുടെ ശാരീരികാഭ്യാസങ്ങള്‍ക്കും ചേരില്ലെന്നറിയുവാനെങ്കിലും വിവേകാനന്ദ സ്വാമികളുടെ നൂറ്റിയമ്പതാം ജയന്തി വര്‍ഷാചരണത്തോടനുബന്ധിച്ച് ഭാരതീയര്‍ക്ക് കഴിയേണ്ടതുണ്ട്.
ഹഠയോഗത്തെ അപ്രധാനമാക്കുന്ന വിവേകാനന്ദ സ്വാമികളുടെ രാജയോഗ സംബന്ധമായ നിരീക്ഷണങ്ങള്‍ അതിന് സഹായകവും ആയിരിക്കും.