| Tuesday, 26th March 2013, 4:21 pm

വിവേകാനന്ദന്‍ പ്രോബോധിപ്പിച്ച ഈശ്വരീയതയും നിന്ദിച്ച ലൗകികതയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രവര്‍ത്തിയും നിവൃത്തിയും രണ്ടും കര്‍മാത്മകം തന്നെ. ഒന്ന് അസത്കര്‍മവും മറ്റേത് സത്കര്‍മവും. നിവൃത്തിയാണ് എല്ലാ സദാചാരത്തിനും ധര്‍മത്തിനും അടിസ്ഥാനം. നിവൃത്തിയുടെ പരിപൂര്‍ണ ഭാവമാണ് പൂര്‍ണമായ അഭിമാന നിര്‍മാര്‍ജ്ജനം. ശരീരവും ബുദ്ധിയും സര്‍വ്വവവും മറ്റൊരു ജീവിക്ക് വേണ്ടി ബലിയര്‍പ്പിക്കാനുള്ള സന്നദ്ധത. മനുഷ്യന്‍ ആ അവസ്ഥയില്‍ എത്തിയാല്‍ അയാള്‍ കര്‍മയോഗത്തിന്റെ പൂര്‍ണ ഭാവത്തെ സാക്ഷാത്കരിച്ചു.


വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി

വിവേകാനന്ദന്‍ പ്രബോധിപ്പിച്ച ഈശ്വരീയതയും അദ്ദേഹം നിന്ദിച്ച ലൗകികതയും എന്താണെന്ന കാര്യത്തില്‍ തീര്‍ച്ചയിലെത്തുവാന്‍ മിക്കവാറും ആളുകള്‍ക്ക് സാധിച്ചിട്ടില്ല. അവിടുന്നും ഇവിടുന്നുമുള്ള ചില കേട്ടറിവുകള്‍ വെച്ച് വിവേകാനന്ദന്‍ നിരീശ്വരവാദിയാണെന്ന് ധരിച്ചവര്‍ വരെയുണ്ട്. അതുപോലെ ഈശ്വര വിശ്വാസത്തിന്റെ മറവില്‍ നടന്ന് വരുന്ന ഏതൊരു കഴുത്തറപ്പന്‍ കച്ചവടത്തിനും സ്വാമി വിവേകാനന്ദന്‍ അനുകൂലമാണെന്ന മട്ടില്‍ പെരുമാറുന്നവരുമുണ്ട്.[]

ഈ രണ്ട് തരക്കാരും വിവേകാനന്ദനെ സമഗ്രമായി വായിച്ചറിഞ്ഞിട്ടുള്ളവരല്ല. അതുകൊണ്ടാണ് അദ്ദേഹം മുന്നോട്ട് വെച്ച ഈശ്വരീയതയെ പറ്റിയും ലൗകികതയെ പറ്റിയും അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ മനസ്സിലാക്കുവാന്‍ സഹായകമായ ഈ വിചാരക്കുറിപ്പ് തയ്യാറാക്കുന്നത്.

വിവേകാനന്ദ സാഹിത്യ സര്‍വസ്വത്തിലെ ഒന്നാം വാള്യം ജ്ഞാന-കര്‍മ-ഭക്തി യോഗങ്ങളെ കുറിച്ചുള്ള പ്രമാണിക വിചാരങ്ങളുടെ ഈടുറ്റ സമാഹാരമാണ്. അതിലാണ് വിവേകാനന്ദന്‍ ഇന്ത്യയുടെ ചിരപുരാതനമായ ആത്മീയ വിചാരങ്ങളെ അധികരിച്ച് അസൂയാവഹമാം വിധം ആധുനികമായ ശൈലിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.

ഭാരതീയ ചിന്തയുടെ ഇത:ന്ത പര്യന്തമുള്ള സാരം ഗ്രഹിക്കുവാന്‍ പ്രസ്തുത വാള്യത്തിന്റെ പാരായണത്തോളം സഹായകമായ വാങ്മയം വിശ്വസാഹിത്യത്തില്‍ തന്നെ വേറെയില്ല. അതില്‍ വിവേകാനന്ദന്‍ പറയുന്നു,

“പ്രവര്‍ത്തിയും നിവൃത്തിയും രണ്ടും കര്‍മാത്മകം തന്നെ. ഒന്ന് അസത്കര്‍മവും മറ്റേത് സത്കര്‍മവും. നിവൃത്തിയാണ് എല്ലാ സദാചാരത്തിനും ധര്‍മത്തിനും അടിസ്ഥാനം. നിവൃത്തിയുടെ പരിപൂര്‍ണ ഭാവമാണ് പൂര്‍ണമായ അഭിമാന നിര്‍മാര്‍ജ്ജനം.

ശരീരവും ബുദ്ധിയും സര്‍വ്വവവും മറ്റൊരു ജീവിക്ക് വേണ്ടി ബലിയര്‍പ്പിക്കാനുള്ള സന്നദ്ധത. മനുഷ്യന്‍ ആ അവസ്ഥയില്‍ എത്തിയാല്‍ അയാള്‍ കര്‍മയോഗത്തിന്റെ പൂര്‍ണ ഭാവത്തെ സാക്ഷാത്കരിച്ചു.

ഇതുതന്നെയാണ് സത്കര്‍മത്തിന്റെ അത്യുച്ചമായ ഫലം. ഒരുവന്‍ തത്വദര്‍ശനങ്ങളൊന്നും പഠിച്ചിട്ടില്ലെങ്കിലും ഒരു ഈശ്വരനിലും മുമ്പ് വിശ്വസിക്കുകയോ ഇപ്പോള്‍ വിശ്വസിക്കുകയോ ചെയ്തിട്ടില്ലെങ്കിലും ആയുസ്സില്‍ ഒരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ലെങ്കിലും കേവലം സത്കര്‍മത്തിന്റെ ഫലമായി പരമോന്നതയ്ക്ക് വേണ്ടി സ്വന്തം ജീവനും മറ്റ് സര്‍വസ്വവും ബലി കഴിക്കുവാന്‍ തയ്യാറുള്ള ഒരവസ്ഥയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അയാള്‍, ഭക്തന്‍ പ്രാര്‍ത്ഥനയുടെ ഫലമായും തത്വജ്ഞാനി ജ്ഞാനത്തിന്റെ ഫലമായും ഏതൊരു സ്ഥാനത്തെ പ്രാപിക്കുന്നുവോ ആസ്ഥാനത്ത് തന്നെ എത്തിയിരിക്കുന്നു.

അങ്ങനെ തത്വജ്ഞാനിയും ഭക്തനും കര്‍മിയും ഏകസ്ഥാനത്ത് അഭിമാന നിര്‍മാര്‍ജനം എന്ന ഏക സ്ഥാനത്ത് ഒന്നിച്ച് ചേരുന്നു. മനുഷ്യവര്‍ഗമാകെ, അവരുടെ ഇടയിലുള്ള തത്വശാസ്ത്രങ്ങളും മതങ്ങളും എത്രമാത്രം വിഭിന്നങ്ങളായിരുന്നാലും പരഹിതത്തിന് വേണ്ടി സ്വയം ബലിയര്‍പ്പിക്കുവാന്‍ തയ്യാറായുള്ള മനുഷ്യന്റെ മുമ്പില്‍ ഭയഭക്തി ബഹുമാന പുരസ്സരം തലകുനിക്കുന്നു… അത്തരം ആത്മ പരിത്യാഗത്തിന്റെ ദൃഷ്ടാന്തങ്ങള്‍ കാണുമ്പോള്‍ അതിനെ ബഹുമാനിച്ചേ മതിയാവൂ എന്ന് മതവിരോധികള്‍ക്ക് പോലും തോന്നുന്നു.

എഡ്വിന്‍ ആര്‍നോള്‍സിന്റെ “പൗരസ്ത്യ ദീപം”(ഹശഴവ േീള മശെമ) എന്ന കൃതി വായിക്കുമ്പോള്‍ തികച്ചും പരമതാ സഹിഷ്ണുവായ ക്രിസ്ത്യാനി പോലും ബുദ്ധനെ പറ്റിയുള്ള ആദരവ് കൊണ്ട് നിശ്ചലനായി നിന്ന് പോകുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ? ബുദ്ധനാകട്ടെ, ഈശ്വരനെ പറ്റി യാതൊന്നും പറഞ്ഞിട്ടില്ല.

സ്വാര്‍ത്ഥ പരിത്യാഗമല്ലാത്ത മറ്റൊന്നും അദ്ദേഹം ഉപദേശിച്ചിട്ടുമില്ല. ഭക്തന്‍ ഈശ്വരനെ പറ്റി സദാചിന്ത ചെയ്ത്, സദ്വാസനകളുടെ അന്തരീക്ഷത്തില്‍ സ്വയം മുഴുകി, ഒടുവില്‍ ഇതേ ലക്ഷ്യത്തില്‍ എത്തുന്നു.


പ്രപഞ്ചത്തിന് സ്വാര്‍ത്ഥത എന്നാണവര്‍ അര്‍ത്ഥമാക്കുന്നത്. നിസ്വാര്‍ത്ഥതയാണ് ഈശ്വരന്‍. ഒരാള്‍ സ്വര്‍ണഹര്‍മ്യത്തില്‍ സിംഹാസനത്തിലിരിക്കുന്നവനാകട്ടെ അതേസമയം, സമ്പൂര്‍ണം നിസ്വാര്‍ത്ഥനാകാം. എങ്കില്‍ അയാള്‍ ഈശ്വരനില്‍ തന്നെ വര്‍ത്തിക്കുന്നു. മറ്റൊരാള്‍ കീറത്തുണിയുടുത്ത് കൊണ്ട് കുടിലില്‍ വസിക്കുന്നവനും സ്വന്തമായി യാതൊന്നും ഇല്ലാത്തവനുമാകാം. എങ്കിലും അയാള്‍ സ്വാര്‍ത്ഥിയാണെങ്കില്‍ തികച്ചും ലൗകികത്തില്‍ നിമഗ്നനായിരിക്കുന്നു.


“അങ്ങയുടെ ഇച്ഛപോലെ” എന്ന് പറയുന്നു. ഒന്നും തന്റേതായി സൂക്ഷിക്കുന്നില്ല. ഇത് അഭിമാന നിര്‍മാര്‍ജനമാകുന്നു. തത്വജ്ഞാനി ജ്ഞാനം കൊണ്ട്, അതിനെ നിഷ്പ്രയാസം പരിത്യജിക്കുന്നു.

അതിനാല്‍ കര്‍മവും ഭക്തിയും ജ്ഞാനവും ഇവിടെ ഒരുമിച്ച് ചേരുന്നു. ഈശ്വരന്‍ പ്രപഞ്ചമല്ല എന്ന് പുരാതന്മാരായ ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുള്ളതിന്റെ അര്‍ത്ഥവും ഇത് തന്നെ. പ്രപഞ്ചം ഒന്ന് വേറെ, ഈശ്വരന്‍ ഒന്ന് വേറെ, ഈ വ്യത്യാസം യാഥാര്‍ത്ഥ്യമാകുന്നു.

പ്രപഞ്ചത്തിന് സ്വാര്‍ത്ഥത എന്നാണവര്‍ അര്‍ത്ഥമാക്കുന്നത്. നിസ്വാര്‍ത്ഥതയാണ് ഈശ്വരന്‍. ഒരാള്‍ സ്വര്‍ണഹര്‍മ്യത്തില്‍ സിംഹാസനത്തിലിരിക്കുന്നവനാകട്ടെ അതേസമയം, സമ്പൂര്‍ണം നിസ്വാര്‍ത്ഥനാകാം. എങ്കില്‍ അയാള്‍ ഈശ്വരനില്‍ തന്നെ വര്‍ത്തിക്കുന്നു. മറ്റൊരാള്‍ കീറത്തുണിയുടുത്ത് കൊണ്ട് കുടിലില്‍ വസിക്കുന്നവനും സ്വന്തമായി യാതൊന്നും ഇല്ലാത്തവനുമാകാം. എങ്കിലും അയാള്‍ സ്വാര്‍ത്ഥിയാണെങ്കില്‍ തികച്ചും ലൗകികത്തില്‍ നിമഗ്നനായിരിക്കുന്നു.” (വി.സ.സ വാള്യം 1, പേജ് 88,89,90).

വളരെ ദീര്‍ഘിച്ച ഈ ഉദ്ധരണി വിവേകാനന്ദ ചിന്തയുടെ ആഴവും പരപ്പും ശക്തിയും സൗന്ദര്യവും എല്ലാം വെളിവാക്കുന്ന ഒന്നാണ്. ഭക്തി, കര്‍മം, ജ്ഞാനം എന്നിവയൊക്കെ വേറെ വേറെ എന്ന് കണ്ട് തര്‍ക്കിച്ച് തമ്മില്‍ തല്ലുന്ന സ്വഭാവം വിവേകാനന്ദന് ഇല്ലായിരുന്നു.

എല്ലാം ഒന്നിക്കുന്ന ഒരു പൊതു ഇടമുണ്ടെന്നതിലൂന്നിയാണ് അദ്ദേഹം എപ്പോഴും സംസാരിക്കുന്നത്. അത് പ്രകാരം നിസ്വാര്‍ത്ഥതയാണ് ഈശ്വരീയത സ്വാര്‍ത്ഥ പ്രാപഞ്ചികത അഥവാ ലൗകികതയാണ്.

ത്യാഗത്തിന്റെ പരമകാഷ്ഠയെ ദൃഷ്ടാന്തീകരിക്കുവാന്‍ ഈശ്വരനിമഗ്നരായി ജീവിച്ച യേശുക്രിസ്തുവിനും മുഹമ്മദ് നബിക്കും കഴിഞ്ഞിട്ടുണ്ട്. ഒരാള്‍ എത്രത്തോളം നിസ്വാര്‍ത്ഥിയാണോ അത്രത്തോളം ത്യാഗമൂര്‍ത്തിയാണ്. അത്രയ്ക്ക് ഈശ്വരീയതയുള്ളയാളുമാണ്.

ഇതാണ് വിവേകാനന്ദന്‍ പ്രബോധിപ്പിച്ച ഈശ്വരീയത. അദ്ദേഹം നിന്ദിച്ച ലൗകികത സ്വാര്‍ത്ഥതയാണ്. മക്കള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ ചെയ്യുന്ന കണക്കറ്റ ത്യാഗങ്ങളാലാണ് മാതാപിതാക്കളില്‍ നാം ഈശ്വരീയത ദര്‍ശിക്കുന്നത്.

മാതാപിതാക്കള്‍ ത്യാഗരഹിതരാണെങ്കില്‍ സ്വന്തം കാര്യം മാത്രം നോക്കുന്നവരാണെങ്കില്‍ അവരോട് മക്കള്‍ക്ക് സ്‌നേഹാദരങ്ങള്‍ തോന്നുകയില്ല. ഇണചേര്‍ന്ന് പെറുക മാത്രം ചെയ്താല്‍ ഒരു പുരുഷന്‍ അച്ഛനോ സ്ത്രീ അമ്മയോ ആവുകയില്ലെന്നര്‍ത്ഥം.

അതിനാല്‍ ത്യാഗമുള്ളിടത്തേ ഈശ്വരീയതയുള്ളൂ. ത്യാഗമാകട്ടെ അവനവന് വേണ്ടിയല്ലാതെ ജീവിക്കലും അവനവനെ വെടിഞ്ഞും മറ്റുള്ളവരെ ജീവിപ്പിക്കലുമാകുന്നു. ഒരു സ്ത്രീ അമ്മയും ഒരു പുരുഷന്‍ അച്ഛനുമാകുന്നത് മേല്‍പ്പറഞ്ഞ ത്യാഗം ജീവിതസ്വഭാവമാകുന്നിടത്താണ്.

ഇത്രയും പറഞ്ഞതില്‍ നിന്ന് തന്നെ ബുദ്ധനും ക്രിസ്തുവും മുഹമ്മദും മാര്‍ക്‌സും ഗാന്ധിയും നാരായണഗുരുവും ഭഗത് സിംഗും ഈശ്വരീയതയുള്ളവരാണെന്ന് പറയാന്‍ വിവേകാനന്ദ ദര്‍ശനം നമ്മെ പ്രാപ്തരാക്കുന്നു എന്ന് ബോധ്യമാകും. എന്തെന്നാല്‍ മേല്‍പ്പറഞ്ഞ ചരിത്രപുരുഷന്മാരെല്ലാം അവന് അവന് വേണ്ടി ജീവിച്ചവരല്ല. അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കിയ വിവേകികളാണെന്നത് തന്നെ. ആ നിസ്വാര്‍ത്ഥതയാണ് വേദവേദാന്ത പാരംഗതനായ വിവേകാനന്ദന്‍ മാനിച്ച ഈശ്വരീയത.

മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)

ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)

ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)

ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)

വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).

വിവേകാനന്ദന്റെ ജനാധിപത്യവും ആര്‍.എസ്സ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദവും (ഭാഗം:6)

ശ്രീബുദ്ധന്‍ ആവേശിച്ച വിവേകാനന്ദഹൃദയം (ഭാഗം:9)

സ്ത്രീകളെ പറ്റി വിവേകാനന്ദന്‍ (ഭാഗം:10)

വ്യക്തി പൂജയും ആള്‍ദൈവവത്കരണത്തിനും എതിരായ സന്ദേശങ്ങള്‍(ഭാഗം:11)

വിശക്കുന്ന മനുഷ്യരെ വിഗണിക്കുന്നവരുടെ കന്നാലി സേവാ സിദ്ധാന്തം (ഭാഗം:12)

വിവേകാനന്ദനും സംസ്‌കൃതഭാഷാഭിമാനവും(ഭാഗം:13)

മതഭ്രാന്തുകളെപ്പറ്റി വിവേകാനന്ദന്‍(ഭാഗം:14)

മാംസഹാരം മ്ലേച്ഛമോ?(ഭാഗം:15)

സംവരണവും വിവേകാനന്ദ മതവും(ഭാഗം:16)

വിഗ്രഹാരാധനയും ശ്രീരാമകൃഷ്ണപരമഹംസരും(ഭാഗം:17)

വിവേകാനന്ദന്റെ സമത്വദര്‍ശവും സമരസമീപനവും(ഭാഗം:18)

വിവേകാനന്ദന്‍ വിഭാവനം ചെയ്ത ക്ഷേത്രം(ഭാഗം:19)

ദ്രവ്യവും മനസ്സും ആത്മീയ വിരുദ്ധതയും(ഭാഗം:20)

We use cookies to give you the best possible experience. Learn more