രാഷ്ട്രത്തിലെ കോടിക്കണക്കിന് മനുഷ്യരുടെ കഞ്ഞിയില്‍ മണ്ണിടുന്ന വിധം ചെറുകിട വ്യാപാര രംഗത്ത് വിദേശ കുത്തകകള്‍ക്ക് അഴിഞ്ഞാടുവാന്‍ അനുവാദം നല്‍കുന്ന നടപടി നിരോധിക്കണം എന്ന് പതുക്കെപ്പോലും പറയാന്‍ തയ്യാറാവാത്ത ആര്‍.എസ്.എസ് ഗോവധ നിരോധനം രാഷ്ട്ര ഭക്തിയുടെ മാനബിന്ദുവാണെന്ന് ഉദ്‌ഘോഷിക്കുന്നത് കാണുമ്പോള്‍ വിവേകാനന്ദനെപ്പോലെ നമ്മള്‍ക്കും പറയേണ്ടി വരുന്നു; മനുഷ്യനെ വിഗണിച്ചുകൊണ്ടുള്ള കന്നാലി സേവാ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരുടെ അമ്മ കന്നാലി തന്നെയായിരിക്കണം!
വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധ
സര്‍വ വ്യാപിയായ മഹാവിഷ്ണു പശുവായി അവതരിച്ചിട്ടുണ്ടെന്ന് ഭാരതീയ പുരാണങ്ങള്‍ പറയുന്നില്ല. വിഷ്ണു മത്സ്യമായും കൂര്‍മ്മമായും പന്നിയായും ഒക്കെ അവതരിച്ചിട്ടുണ്ട്!
എന്നാല്‍ മത്സ്യത്തെ കൊല്ലുന്നതിനോ ആമകളെ കൊല്ലുന്നതിനോ പന്നിയെ കൊല്ലുന്നതിനോ എതിര്‍പ്പ് പ്രകടിപ്പിക്കാത്ത സംഘപരിവാര്‍ ഗോമാതാവിനെ കൊല്ലുന്നതാണ് മഹാപാപം, ഗോമാതാ പൂജയാണ് ശരിയായ പൂജ എന്ന പക്ഷക്കാരായാണ് നിലകൊള്ളുന്നത്!
എന്നാല്‍ യജ്ഞങ്ങളില്‍ ആയിരക്കണക്കിന് പശുക്കളെ കൊന്ന് ബലികഴിച്ചിരുന്ന ബ്രാഹ്മണ പൗരോഹത്യനടപടികള്‍ക്കെതിരെ ആഞ്ഞടിച്ച ബുദ്ധനെയാകട്ടെ യജ്ഞപുനരുജ്ജീവനത്തിന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്ന ആര്‍.എസ്.എസ്സുകാര്‍ക്ക് കണ്ടുകൂടതാനും.
പശുവിനെ കൊല്ലുന്ന മാതാചാര സമ്പ്രദായത്തിനെതിരെ ഭാരതീയചരിത്രത്തില്‍ തന്നെ ശക്തമായി ഇടപെട്ട് പ്രവര്‍ത്തിച്ച ശ്രീബുദ്ധനെ അവഗണിക്കുന്ന സംഘപരിവാരത്തിന്റെ ഗോപൂജ പ്രസ്ഥാനം അവരുടെ മറ്റ് പരിപാടികളോളം തന്നെ കാപട്യം നിറഞ്ഞ കെട്ടുകാഴ്ച്ചാ പരിപാടിയാണ്. []
ഇത്തരം “കന്നാലി സേവാ” നിരതന്മാര്‍ സ്വാമി വിവേകാന്ദന്റെ കാലത്തും ഉണ്ടായിരുന്നു. അതില്‍ ഉള്‍പ്പെട്ട ഒരു ഗോസേവ സമാജം പ്രചാരകന്‍ അമേരിക്കന്‍ സന്ദര്‍ശനമൊക്കെ കഴിഞ്ഞ് ബംഗാളിലെത്തിയ സ്വാമി വിവേകാനന്ദനെ സന്ദര്‍ശിച്ചു.
സമാജത്തിന് സ്വാമിയില്‍ നിന്ന് എന്തെങ്കിലും കനപ്പെട്ട സംഭാവന തരപ്പെടുത്തുക എന്നതായിരുന്നു പ്രചാരകന്റെ ഉദ്ദേശം. കന്നാലി സേവകനും സ്വാമി വിവേകാനന്ദനും തമ്മില്‍ നടന്ന ആ കൂടിക്കാഴ്ച്ച സ്വാമി വിവേകാനന്ദന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയ വിധം ഇവിടെ പകര്‍ത്താം,
“സ്വാമിജി: നിങ്ങളുടെ സാമാജത്തിന്റെ ഉദ്ദേശം എന്താണ്?
പ്രചാരകന്‍: ഞങ്ങള്‍ ഗോമാതാക്കളെ കശാപ്പുകാരുടെ കയ്യില്‍ നിന്ന് വാങ്ങി സംരക്ഷിക്കുന്നു. പശുക്കള്‍ക്ക് വേണ്ടി ഞങ്ങള്‍ സംരക്ഷണാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
സ്വാമിജി: അത് വളരെ നല്ലൊരു സംഗതിയാണ്. നിങ്ങളുടെ വരവിനം എന്താണ്?
പ്രചാരകന്‍: അങ്ങയെ പോലുള്ള ഉദാരശീലരുടെ സംഭാവന കൊണ്ടാണ് പ്രവര്‍ത്തനം നടത്തിപ്പോരുന്നത്.
സ്വാമിജി: നിങ്ങള്‍ക്ക് ഫണ്ട് എന്തുണ്ട്?-
പ്രചാരകന്‍: മാര്‍വാടികളാണ് സമാജത്തിന്റെ പ്രധാന സഹായികളും രക്ഷാധികാരികളും. അവര്‍ വലിയ തുക നല്‍കി സഹായിച്ചിട്ടുണ്ട്.
സ്വാമിജി: മധ്യേന്ത്യയില്‍ ഒരു കടുത്ത ക്ഷാമം പടര്‍ന്നുപിടിച്ചിരിക്കുന്നു. ഒമ്പത് ലക്ഷത്തോളം ആളുകള്‍ മരണമടഞ്ഞതായി ഇന്ത്യ ഗവണ്‍മെന്റ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ കണക്കാക്കിയിരിക്കുന്നു. ഈ പട്ടിണികൊണ്ട് പൊരിയുന്ന ജനങ്ങളെ മരണവക്ത്രത്തില്‍ നിന്ന് രക്ഷിക്കുവാന്‍ നിങ്ങളുടെ സമാജം എന്തെങ്കിലും ചെയ്യുന്നുണ്ടോ?
പ്രചാരകന്‍: ഞങ്ങള്‍ ക്ഷാമനിവാരണത്തിനും മറ്റും സഹായിക്കുന്നില്ല. ഗോമാതാക്കളെ രക്ഷിക്കുകമാത്രമാണ് ഞങ്ങളുടെ ലക്ഷ്യം
പശുക്കളേയും പക്ഷികളേയും പരിപാലിക്കുവാന്‍ കോടിക്കണക്കിന് പണം ചെലവഴിക്കുന്ന സമാജങ്ങളോട് മനുഷ്യ സ്‌നേഹമില്ലാത്ത സമാജങ്ങളോട് എനിക്ക് യാതൊരു സഹതാപവും ഇല്ല.
സ്വാമിജി: ലക്ഷക്കണക്കിന് നിങ്ങളുടെ സ്വദേശികളും സ്വമതസ്ഥരും ഈ കൊടിയ ദുരിതത്തിന് ഇരയാകുമ്പോള്‍ ഈ നിരാശ്രയ പ്രാണികള്‍ക്ക് ഒരു പിടി ചോറുകൊടുത്ത് സഹായിക്കുക നിങ്ങളുടെ കടമയാണെന്ന് നിങ്ങള്‍ കരുതുന്നില്ലേ?
പ്രചാരകന്‍: ഇല്ല, ഈ ക്ഷാമം ഏര്‍പ്പെട്ടത് അവരുടെ കര്‍മ്മത്തിന്റെ ഫലമാണ്. യഥാകര്‍മ്മ തഥാഫല. ഈ വാക്കുകള്‍ കേട്ട് സ്വാമിജിയുടെ മുഖം ചുവന്നു. അദ്ദേഹം ആക്രോശിച്ചു,
“”സര്‍ ആയിരക്കണക്കിന് ദീന സോദരങ്ങള്‍ പട്ടിണിയാല്‍ പൊരിഞ്ഞു ചാവുന്നത് കണ്ടുകൊണ്ടിരിക്കേ, അവരെ രക്ഷിക്കാന്‍ ഒരു പിടി ആഹാരം പോലും കൊടുക്കാതെ പശുക്കളേയും പക്ഷികളേയും പരിപാലിക്കുവാന്‍ കോടിക്കണക്കിന് പണം ചെലവഴിക്കുന്ന സമാജങ്ങളോട് മനുഷ്യ സ്‌നേഹമില്ലാത്ത സമാജങ്ങളോട് എനിക്ക് യാതൊരു സഹതാപവും ഇല്ല.
അമ്മാതിരി സംഘടനകളില്‍ നിന്ന് എന്തെങ്കിലും പൊതു നന്മ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. മനുഷ്യര്‍ മരിക്കുന്നത് അവരുടെ കര്‍മ്മം കൊണ്ടാണ്. അതിനാലവര്‍ മരിക്കട്ടെ ഇമ്മാതിരി ക്രൂരവാക്കുകള്‍ പറയുവാന്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ?
കര്‍മ്മ സിദ്ധാന്തത്തെ ഇമ്മാതിരി ഉപയോഗിക്കുന്ന പക്ഷം അന്യര്‍ക്ക് ഉപകാരം ചെയ്യാനുള്ള യാതൊരു പ്രവര്‍ത്തനത്തിന്റേയും ആവശ്യമില്ലല്ലോ അത് നിങ്ങളുടെ പ്രവര്‍ത്തനത്തിനും ഇതുപോലെ ബാധകമാണ്.
പശുക്കള്‍ കശാപ്പുകാരുടെ കയ്യില്‍പ്പെടുന്നതും കൊല്ലപ്പെടുന്നതും അവയുടെ മുന്‍ജന്മത്തിലെ അല്ലെങ്കില്‍ പൂര്‍ണ ജന്മത്തിലെ കര്‍മ്മങ്ങളുടെ ഫലമായിട്ടാണ്. അതുകൊണ്ട് നാം അവയ്ക്ക് വേണ്ടി യാതൊന്നും ചെയ്യേണ്ടതായിട്ടില്ല””
പ്രചാരകന്‍ ആകപ്പാടെ ഇളിഭ്യനായി. എങ്കിലും അയാള്‍ പറഞ്ഞു, “” അതെ അങ്ങ് പറയുന്നത് വാസ്തവം തന്നെ. എന്നിരുന്നാലും പശു നമ്മുടെ മാതാവാകുന്നു എന്ന് നമ്മുടെ ശാസ്ത്രഞ്ജര്‍ പറയുന്നുണ്ടല്ലോ “”
ഇതുകേട്ട് തമാശ തോന്നിയ സ്വാമിജി പറഞ്ഞു: “”അതെ പശു നമ്മുടെ അമ്മയാണെന്ന സംഗതി എനിക്ക് ശരിക്കും മനസിലാക്കാന്‍ കഴിയും. അല്ലാഞ്ഞാല്‍ ഇമ്മാതിരി കേമന്മാരായ മക്കള്‍ക്ക് മറ്റാര് ജന്മം കൊടുക്കും ? “”
(ശ്രീമദ് വിവേകാനന്ദ സ്വാമികള്‍ ജീവചരിത്രം ഗ്രന്ഥകര്‍ത്ത:സിദ്ധിനാഥാനന്ദ സ്വാമികള്‍ പേജുകള്‍: 656,657,658)
രാഷ്ട്രത്തിലെ കോടിക്കണക്കിന് മനുഷ്യരുടെ കഞ്ഞിയില്‍ മണ്ണിടുന്ന വിധം ചെറുകിട വ്യാപാര രംഗത്ത് വിദേശ കുത്തകകള്‍ക്ക് അഴിഞ്ഞാടുവാന്‍ അനുവാദം നല്‍കുന്ന നടപടി നിരോധിക്കണം എന്ന് പതുക്കെപ്പോലും പറയാന്‍ തയ്യാറാവാത്ത ആര്‍.എസ്.എസ് ഗോവധ നിരോധനം രാഷ്ട്ര ഭക്തിയുടെ മാനബിന്ദുവാണെന്ന് ഉദ്‌ഘോഷിക്കുന്നത് കാണുമ്പോള്‍ വിവേകാനന്ദനെപ്പോലെ നമ്മള്‍ക്കും പറയേണ്ടി വരുന്നു; മനുഷ്യനെ വിഗണിച്ചുകൊണ്ടുള്ള കന്നാലി സേവാ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരുടെ അമ്മ കന്നാലി തന്നെയായിരിക്കണം! ഇത്തരം കന്നാലി സേവാ പ്രവര്‍ത്തനങ്ങള്‍ ഭാരതത്തിലെ മനുഷ്യത്വത്തെ നിര്‍മ്മൂലനം ചെയ്യുന്നു. അതിനെ ചെറുക്കാന്‍ വിവേകാനന്ദ വിചാരങ്ങളിലെ മനുഷ്യത്വ ബോധം നമ്മെ സഹായിക്കട്ടെ!
മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)
ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)
ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)
ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)
വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).
വിവേകാനന്ദന്റെ ജനാധിപത്യവും ആര്‍.എസ്സ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദവും (ഭാഗം:6)