വ്യക്തി പൂജയും ആള്‍ദൈവവത്കരണത്തിനും എതിരായ സന്ദേശങ്ങള്‍
Discourse
വ്യക്തി പൂജയും ആള്‍ദൈവവത്കരണത്തിനും എതിരായ സന്ദേശങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st March 2013, 4:47 pm

തന്നെയോ തന്റെ ഗുരുവിനേയോ ദൈവതുല്യം ആരാധിക്കണമെന്ന നിലപാടിനെ വിവേകാനന്ദന്‍ എല്ലാവിധത്തിലും നിഷിധ ഭാഷയില്‍ പ്രതികൂലിച്ചു. ദൈവദശകമെഴുതി ദൈവാരാധനയ്ക്ക് പ്രേരിപ്പിച്ച ശ്രീനാരായണ ഗുരു എന്ന ഭക്തമാനവനെ പോലും ദൈവമാക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടന്നുവരുന്ന ഇക്കാലത്ത് ആള്‍ ദൈവങ്ങളോടുള്ള സ്വാമി വിവേകാനന്ദന്റെ സമീപനങ്ങള്‍ തിരിച്ചറിയപ്പെടേണ്ടതും പ്രത്യേകം പഠനീയങ്ങളുമാണ്.


വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധ

ആള്‍ദൈവങ്ങളുടെ അഴിഞ്ഞാട്ടം കൊണ്ട് മലീമസവും ദുര്‍ഗന്ധപൂരിതവുമാണ് ഇക്കാലത്തെ ആദ്ധ്യാത്മിക മാര്‍ഗം. എന്നാല്‍ അത്തരം ആള്‍ദൈവാരാധനയെ സ്വാമി വിവേകാനന്ദന്‍ തരിമ്പും പ്രോത്സാഹിപ്പിച്ചിരുന്നില്ല.

തന്നെയോ തന്റെ ഗുരുവിനേയോ ദൈവതുല്യം ആരാധിക്കണമെന്ന നിലപാടിനെ വിവേകാനന്ദന്‍ എല്ലാവിധത്തിലും നിഷിധ ഭാഷയില്‍ പ്രതികൂലിച്ചു. ദൈവദശകമെഴുതി ദൈവാരാധനയ്ക്ക് പ്രേരിപ്പിച്ച ശ്രീനാരായണ ഗുരു എന്ന ഭക്തമാനവനെ പോലും ദൈവമാക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടന്നുവരുന്ന ഇക്കാലത്ത് ആള്‍ ദൈവങ്ങളോടുള്ള സ്വാമി വിവേകാനന്ദന്റെ സമീപനങ്ങള്‍ തിരിച്ചറിയപ്പെടേണ്ടതും പ്രത്യേകം പഠനീയങ്ങളുമാണ്.

ശ്രീരാമകൃഷ്ണ പരമഹംസരെ അത്ഭുത ശക്തിയുള്ള ദിവ്യപുരുഷനാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരോട് കയര്‍ത്തുകൊണ്ട് വിവേകാനന്ദന്‍ എഴുതുന്നു, ” രാമകൃഷ്ണന്റെ അത്ഭുതസിദ്ധിയെ പറ്റി എന്തൊരസംബന്ധം… അത്ഭുതങ്ങള്‍ എനിക്കറിഞ്ഞുകൂടാ, മനസ്സിലാകുന്നുമില്ല. വീഞ്ഞ് മരുന്നാക്കുക എന്നതല്ലാതെ രാമകൃഷ്ണന് ഈ ലോകത്ത് ഒരു പണിയും ഇല്ലായിരുന്നോ… ശ്രീരാമകൃഷ്ണന്‍ എന്ത് പ്രവര്‍ത്തിക്കുവാനും പഠിപ്പിക്കുവാനും വന്നു എന്ന് കാണിച്ച് കൊടുക്കുവാന്‍ വേണ്ടി അവിടുത്തെ ഒരു യഥാര്‍ത്ഥ ജീവചരിത്രം അവര്‍ക്കെഴുതാനാകുമെങ്കില്‍ എഴുതട്ടെ; വയ്യെങ്കില്‍ അവിടുത്തെ ജീവിതത്തെയും വചനങ്ങളേയും വികൃതമാക്കാതിരിക്കട്ടെ. ശ്രീരാമകൃഷ്ണനില്‍ മറിമായമല്ലാതെ മറ്റൊന്നും കാണാത്ത ഈ ആളുകള്‍ക്ക് ഈശ്വരനെ കാണണമത്രേ!

സ്വപ്രഭയില്‍ ഹിന്ദു മതത്തിന്റെ വ്യാപ്തി മുഴുവനും ഒരുവന് യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ കഴിയുമാറുള്ള ഒരു സാധാരണ ഗവേഷണ ദീപമായിരുന്നു ശ്രീരാമകൃഷ്ണന്റെ ജീവിതം.[]

ഋഷിമാരും അവതാരങ്ങളും യഥാര്‍ത്ഥത്തില്‍ പഠിപ്പിക്കുവാന്‍ ഉദ്ദേശിച്ചത് അവിടുന്ന് തന്റെ ജീവിതം കൊണ്ട് വെളിപ്പെടുത്തി. ഗ്രന്ഥങ്ങള്‍ സിദ്ധാന്തങ്ങളായിരുന്നു. അവിടുന്ന് സാക്ഷാത്കാരമായിരുന്നു.

ഈ മനുഷ്യന്‍ ജനതയുടെ അയ്യായിരം കൊല്ലത്തെ മനുഷ്യജീവിതം അമ്പത്തൊന്ന് കൊല്ലം കൊണ്ട് ജീവിക്കുകയും, അങ്ങനെ താന്‍ ഭാവിതലമുറകള്‍ക്കുള്ള ഉന്നത വിഷയപാഠമായി സ്വയം  ഭവിക്കുകയും ചെയ്തു.

തന്റെ മതം മാത്രം ശരി ബാക്കി മതങ്ങളെല്ലാം ഭോഷ്‌ക്ക് എന്ന നിലപാടില്‍ ഉള്ളത്ര മതഭ്രാന്തും സങ്കുചിതത്വവും വിഭാഗീയതയും തന്റെ ഗുരു മാത്രം ശരി എന്ന നിലപാടിലും ഉണ്ടെന്നായിരുന്നു വിവേകാനന്ദന്റെ അഭിപ്രായം.

അതായത് നാം മറ്റുള്ളവരെ പൊറുക്കണം എന്ന് മാത്രമല്ല, അവരെ വാസ്തവമായി ആശ്ലേഷിക്കണം. സര്‍വമതങ്ങളുടേയും അധിഷ്ഠാനം സത്യമാണെന്ന അവിടുത്തെ അവസ്ഥാ സിദ്ധാന്തം കൊണ്ടുമാത്രമേ വേദങ്ങളെ  വ്യാഖ്യാനിക്കുവാനും ശാസത്രങ്ങളെ പൊരുത്തപ്പെടുത്തുവാനും കഴിയൂ. ഇപ്പോള്‍ ഈ വഴിക്ക് അത്യന്തം ഉദ്‌ബോധകവും സുന്ദരവുമായ ഒരു ജീവിതം രേഖപ്പെടുത്താവുന്നതാണ്.” (വി.സ.സ. വാള്യം 5, പേജ് 213).

സതീര്‍ത്ഥ്യരായ ചിലര്‍ ആവേശം മൂത്ത് ശ്രീരാമകൃഷ്ണനെ വെള്ളത്തില്‍ നടക്കുന്നവനും രണ്ടിടത്ത് ഒരേസമയം പ്രത്യേക്ഷപ്പെടുന്നവനും ഒക്കെയാക്കി മാറ്റി. ഒരു അത്യത്ഭുത ആള്‍ദൈവമാകാന്‍ പാകത്തില്‍ ഒരു ജീവചരിത്രം എഴുതുവാന്‍ നടത്തിയ ശ്രമത്തിനെതിരായാണ് വിവേകാനന്ദന്‍ മേലുദ്ധരിച്ച വിധത്തില്‍ പ്രതിഷേധിച്ചത്.

ഇത്തരം പ്രതിഷേധ ശബ്ദങ്ങള്‍ വിവേകാനന്ദ സാഹിത്യത്തില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. മാതൃകയ്ക്ക് മറ്റൊരെണ്ണം എഴുതാം. “എല്ലാ പ്രവാചകന്മാരുടെയും ശിഷ്യന്മാര്‍ എക്കാലവും ഗുരുനാഥന്റെ ആശയത്തെ “ആളി”നോട് അഭേദ്യമാംവിധം കൂട്ടിക്കലര്‍ത്തിയിട്ടുണ്ട്; ഒടുവില്‍ ആളിന് വേണ്ടി ആശയത്തെ കൊലചെയ്തിട്ടുമുണ്ട്. ശ്രീരാമകൃഷ്ണന്റെ ശിഷ്യന്മാര്‍ അതുതന്നെ ചെയ്യാതിരിക്കുവാന്‍ കരുതണം. ആശയത്തിന് വേണ്ടി പ്രവര്‍ത്തിക്കുക ആളിന് വേണ്ടിയല്ല.” (വി.സ. വാള്യം 5, പേജ് 247)

തന്റെ മതം മാത്രം ശരി ബാക്കി മതങ്ങളെല്ലാം ഭോഷ്‌ക്ക് എന്ന നിലപാടില്‍ ഉള്ളത്ര മതഭ്രാന്തും സങ്കുചിതത്വവും വിഭാഗീയതയും തന്റെ ഗുരു മാത്രം ശരി എന്ന നിലപാടിലും ഉണ്ടെന്നായിരുന്നു വിവേകാനന്ദന്റെ അഭിപ്രായം.

ശ്രീരാമകൃഷ്ണന്‍ ലോക മംഗളത്തിന് വേണ്ടിയാണ്, പേരിനും പുകഴിനും വേണ്ടിയല്ല അവതരിച്ചതെന്ന് ഓര്‍മിക്കണം. അവിടുത്തെ സന്ദേശം പ്രചരിപ്പിക്കുക. അവിടുത്തെ പേര് പറയേണ്ട ആവശ്യമില്ല- അവിടുത്തെ പേര് താനേ പ്രചരിച്ച് കൊള്ളും. എന്റെ ഗുരുവിനെ മാനിക്കതന്നെ വേണം എന്ന് നിങ്ങള്‍ പറഞ്ഞുതുടങ്ങുമ്പോള്‍ തന്നെ ഒരു മതസമ്പ്രദായം സ്ഥാപിക്കലാവും- എല്ലാം വ്യര്‍ത്ഥമാവുകുയും ചെയ്യും.

അദ്ദേഹം എഴുതുന്നു, “ശ്രീരാമകൃഷ്ണന്‍ ലോക മംഗളത്തിന് വേണ്ടിയാണ്, പേരിനും പുകഴിനും വേണ്ടിയല്ല അവതരിച്ചതെന്ന് ഓര്‍മിക്കണം. അവിടുത്തെ സന്ദേശം പ്രചരിപ്പിക്കുക. അവിടുത്തെ പേര് പറയേണ്ട ആവശ്യമില്ല- അവിടുത്തെ പേര് താനേ പ്രചരിച്ച് കൊള്ളും. എന്റെ ഗുരുവിനെ മാനിക്കതന്നെ വേണം എന്ന് നിങ്ങള്‍ പറഞ്ഞുതുടങ്ങുമ്പോള്‍ തന്നെ ഒരു മതസമ്പ്രദായം സ്ഥാപിക്കലാവും- എല്ലാം വ്യര്‍ത്ഥമാവുകുയും ചെയ്യും.” (വി.സ.സ വാള്യം 5, പേജ് 190).

വീണ്ടും ഇതേ സന്ദേശം വിവേകാനന്ദന്‍ മറ്റൊരിടത്ത് ഇങ്ങനെ  രേഖപ്പെടുത്തുന്നു. “ശ്രീരാമകൃഷ്ണദേവന്‍ എന്റെ ഗുരുവായിരുന്നു എന്നത് കൊണ്ട് ഞാന്‍ അവിടുത്തെ പറ്റി വിചാരിക്കും പോലെ ലോകവും വിചാരിക്കണമെന്നുണ്ടോ? അങ്ങനെ നിര്‍ബന്ധിച്ചാല്‍ എല്ലാം വ്യര്‍ത്ഥമാകും.

ഗുരുവിനെ ഈശ്വരനായി പൂജിക്കുന്ന രീതി ബംഗാളിലേ ഉള്ളൂ… നിങ്ങളും ത്യാഗികള്‍; ഞാനും ത്യാഗി. സങ്കുചിതമായ ഈ സംഘഭാവമോ മതമോ പുലര്‍ത്തുന്നതെന്തിന്? ഏത് ദേശത്തിലും ഈശ്വരേച്ഛയനുസരിച്ച് പോവുക.”(വി.സ.സ വാള്യം 5, പേജ് 268).

നല്ലത് എവിടെ നിന്നും സ്വീകരിക്കുക. എല്ലാ ഗുരുക്കന്മാരേയും ധര്‍മഗ്രന്ഥങ്ങളേയും സ്വഗുരുവിനേയും അവിടുത്തെ ഉദ്‌ബോധനങ്ങളേയും എന്നത് പോലെ തന്നെ വിലമതിക്കുക.

ആളിന് വേണ്ടി ആശയത്തെ കൊല ചെയ്യാതിരിക്കുക. ഗുരുഭക്തി, മതഭക്തി, സിദ്ധാന്ത ഭക്തി, തുടങ്ങിയ നിലകളിലുള്ള സര്‍വസങ്കോചഭാവങ്ങളേയും അതിവര്‍ത്തിക്കുക. ഇതൊക്കെയായിരുന്നു വിവേകാനന്ദ സന്ദേശം.

വ്യക്തിപൂജയുടെ ആള്‍ദൈവവത്കരണത്തിന് കടകവിരുദ്ധമായ ഈ നിലപാടുകള്‍  ആളുകളെ ദൈവമാക്കി ആത്മീയത കച്ചവടമാക്കപ്പെട്ട ഇക്കാലത്ത് അത്യന്തം പ്രസക്തവും പ്രചരണയോഗ്യങ്ങളുമാണ്!

“വ്യക്തിപൂജയല്ലീശ്വര പൂജ” എന്നറിയുവാനുള്ള വിവേകം കൈവരിക്കുന്ന ഒരു ലോകത്തുമാത്രമേ യഥാര്‍ത്ഥ ആദ്ധ്യാത്മികത അനുഭവപ്പെടുകയുള്ളൂ- അവിടേക്കാണ് വിവേകാനന്ദ സന്ദേശം വിരല്‍ ചൂണ്ടിക്കാണിക്കുന്നത്!

അതിനാല്‍ വിവേകാനന്ദ ചിത്രങ്ങള്‍ കവലകളില്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടല്ല മറിച്ച് വിവേകാനന്ദ ചിന്തകള്‍ ഹൃദയങ്ങളില്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് അദ്ദേഹത്തെ നാം യഥാര്‍ത്ഥത്തില്‍ ആദരിക്കേണ്ടത്.

മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)

ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)

ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)

ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)

വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).

വിവേകാനന്ദന്റെ ജനാധിപത്യവും ആര്‍.എസ്സ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദവും (ഭാഗം:6)