വിവേകാനന്ദസ്വാമികള്‍ ഇന്നുണ്ടായിരുന്നെങ്കില്‍ സ്വാമി അഗ്നിവേശിനെ ആക്രമിച്ചവരാല്‍ ആക്രമിക്കപ്പെടും; സന്ദീപാനന്ദഗിരി
Kerala News
വിവേകാനന്ദസ്വാമികള്‍ ഇന്നുണ്ടായിരുന്നെങ്കില്‍ സ്വാമി അഗ്നിവേശിനെ ആക്രമിച്ചവരാല്‍ ആക്രമിക്കപ്പെടും; സന്ദീപാനന്ദഗിരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th July 2018, 9:50 am

തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സ്വാമി അഗ്നിവേശിനെ ആക്രമിച്ചവരാല്‍ തീര്‍ച്ചയായും ആക്രമിക്കപ്പെടുമെന്ന് സ്വാമി സന്ദീപാനന്ദഗിരി. ഭാരതത്തിന്റെ വഴി വിചാരത്തിന്റെതാണെന്നും മറിച്ച് വികാരത്തിന്റെതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വാമി അഗ്നിവേശിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്ക് വെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്വാമി അഗ്‌നിവേശിനെ ആദ്യമായി കാണുന്നത് 2009 ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ നടന്ന ലോകമതമഹാസമ്മേളനത്തില്‍ വെച്ചാണെന്നും ഭാരതീയ ധര്‍മ്മശാസ്ത്രങ്ങളിലുള്ള സ്വാമിജിയുടെ അറിവ് ആരേയും അതിശയിപ്പിക്കുന്നതാണെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

Also Read സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ നല്‍കിയ ആയിരക്കണക്കിന് മുസ്‌ലീങ്ങളുടെ പേരുകള്‍ പറഞ്ഞു തരാം; സ്വാമി അഗ്‌നിവേശ്

അതേസമയം സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം നേരിട്ട സ്വാമി അഗ്നിവേശിനു സി.പി.ഐ.എം സംരക്ഷണമൊരുക്കി . സി.പി.ഐ.എം നേതാവ് രാം ചന്ദ്ര ഠാക്കൂറിന്റെ നേതൃത്വത്തിലാണ് കയ്യില്‍ ചെങ്കൊടിയേന്തിയ പ്രവര്‍ത്തകര്‍ ജാര്‍ഖണ്ഡിലെ റാഞ്ചി റയില്‍വേ സ്റ്റേഷനില്‍ നിന്നും ബി.എന്‍.ആര്‍ ഹോട്ടലിലേക്ക് അഗ്‌നിവേശിന് സംരക്ഷണം ഒരുക്കിയത്.

കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ പാകൂരില്‍ വച്ചാണ് ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് എണ്‍പത് വയസ്സുകാരനായ അഗ്നിവേശിനെ ക്രൂരമായി ആക്രമിച്ചത്. അഗ്നിവേശിനെ തടഞ്ഞു വച്ച് മര്‍ദ്ദിച്ച സംഘം അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തിരുന്നു.

Also Read അഗ്നിവേശിനെതിരായ ആക്രമണം ജയ് ശ്രീറാം മുഴക്കിക്കൊണ്ട്; ദൈവത്തെ കളങ്കിതമാക്കാന്‍ ഇതില്‍പ്പരം എന്തുവേണമെന്ന് വി.എസ്

ലിഠിപദായില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അഗ്നിവേശ്. പ്രദേശത്ത് സന്ദര്‍ശനം നടത്താന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ അഗ്നിവേശ് താമസിക്കുന്ന ഹോട്ടലിനു പുറത്ത് രാവിലെ മുതല്‍ക്കു തന്നെ തമ്പടിച്ചിരുന്നു.

ഹോട്ടലിനു പുറത്തുവന്ന ഉടനെ സ്വാമി അഗ്നിവേശിനെ പ്രവര്‍ത്തകര്‍ വളയുകയും ആക്രമിക്കുകയുമായിരുന്നു. അദ്ദേഹത്തിനെതിരായ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു.

സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

സ്വാമി അഗ്‌നിവേശിനെ ആദ്യമായി കാണുന്നത് 2009 ആസ്‌ത്രേലിയയിലെ മെല്‍ബണില്‍ നടന്ന ലോകമതമഹാസമ്മേളനത്തില്‍ വെച്ചാണ്.പാര്‍ലമെന്റില്‍ സ്വാമിജി നടത്തിയ പ്രസംഗം ഏവരേയും ആവേശം കൊള്ളിച്ചിരുന്നു. പിറ്റേ ദിവസം ശ്രീ ശ്രീ രവിശങ്കര്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമായി ഒരു ഉച്ചയൂണു സത്ക്കാരം തന്നിരുന്നു. ഒരുപാട് കാര്യങ്ങളെക്കുറിച്ച് ഞങ്ങളന്ന് സംസാരിച്ചു. അന്നായിരുന്നു ഞാന്‍ സ്വാമിജിയെ വളരെ അടുത്ത് പരിചയപ്പെടുന്നത്.  ഭാരതീയ ധര്‍മ്മശാസ്ത്രങ്ങളിലുള്ള സ്വാമിജിയുടെ അറിവ് ആരേയും അതിശയിപ്പിക്കുന്നതാണ്.  വിവേകാനന്ദ സ്വാമികള്‍ ഇന്നുണ്ടായിരുന്നുവെങ്കില്‍ സ്വാമി അഗ്‌നിവേശിനെ ആക്രമിച്ചവരാല്‍ തീര്‍ച്ചയായും ആക്രമിക്കപ്പെടും.  ഭാരതത്തിന്റെ വഴി വിചാരത്തിന്റേതാണ് മറിച്ച് വികാരത്തിന്റേതല്ല.