| Tuesday, 16th January 2024, 4:51 pm

'മുഴുവന്‍ പിന്തുണയും ഡൊണാള്‍ഡ് ട്രംപിന്'; പ്രസിഡന്റ് പോരാട്ടത്തില്‍ നിന്ന് പിന്മാറി വിവേക് രാമസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ റിപ്പബ്ലിക്ക് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത് ഉണ്ടായ ബയോടെക് സംരംഭകനും ഇന്ത്യന്‍ അമേരിക്കന്‍ വംശജനനായ വിവേക് രാമസ്വാമി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ മികച്ച പ്രസിഡന്റ ആയ ട്രംപിനെ പിന്തുണക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് പിന്മാറ്റം . 2023 ല്‍ മത്സരത്തിനിറങ്ങിയപ്പോള്‍ രാഷ്ട്രീയത്തില്‍ താരതമ്യേനെ പുതുമുഖവും സമ്പന്നനുമായ രാമസ്വാമി കുടിയേറ്റത്തെ കുറിച്ചുള്ള വിവാദ പ്രസ്താവനകളിലൂടെ റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്കിടയില്‍ മികച്ച പിന്തുണയും അഭിപ്രായവും നേടിയെടുത്തിരുന്നു.

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ആദ്യ മത്സരമായ അയോവ കോക്കസിലെ മോശം പ്രകടനമാണ് 2024 ലെ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുള്ള കാരണം. 50 ശതമാനം വോട്ട് നേടി ട്രംപ് മുന്നില്‍ എത്തിയപ്പോള്‍ 7 .7 ശതമാനം വോട്ടുകളാണ് രാമസ്വാമി നേടിയത്.

‘ഈ രാത്രി ഞാന്‍ സത്യത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. തീര്‍ച്ചായായും ഇത് കഠിനമാണ്. പക്ഷേ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. അത്‌കൊണ്ട് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്ന് മുതല്‍ എന്റെ മുഴുവന്‍ പിന്തുണയും ട്രംപിനായിരിക്കും’, അദ്ദേഹം പറഞ്ഞു.

നിയമപ്രശ്‌നങ്ങളും ശക്തരായ രാഷ്ട്രീയ ശത്രുക്കളും ട്രംപിനെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയാക്കി മാറ്റിയെന്ന് രാമസ്വാമി അടുത്തിടെ വിമര്‍ശിച്ചിരുന്നു. ‘വഞ്ചന’ ‘ കുതന്ത്രം’ എന്ന വാക്കുകള്‍ ഉപയോഗിച്ചാണ് ട്രംപ് അതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.

സമ്പന്നനായ വിവേക് രാമസ്വാമി പാലക്കാട് വേരുകളുള്ള ഇന്ത്യന്‍ വശജനാണ്. 37വയസ്സുകാരനായ രാമസ്വാമിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയവരാണ്.

Content Highlight: Vivek Ramaswamy quits 2024 presidential race, endorses Donald Trump

We use cookies to give you the best possible experience. Learn more