ദുല്‍ക്കറിനെ സെക്കന്‍ഡ് ഷോയെന്ന സിനിമയിലേക്ക് കൊണ്ടുവന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ടാലെന്റ് മാനേജര്‍ വിവേക് രാമദേവന്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് വിനി വിശ്വ ലാല്‍ തിരക്കഥയൊരുക്കിയ ചിത്രമാണ് സെക്കന്‍ഡ് ഷോ. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദുല്‍ഖറിനെ സെക്കന്റ് ഷോയില്‍ കാസ്റ്റ് ചെയ്യുന്ന കാര്യം മമ്മൂക്കയോട് ഞാന്‍ ചോദിച്ചു. ആദ്യം മമ്മൂക്ക പറഞ്ഞത് അവന്‍ ബിസിനസൊക്കെ ചെയ്ത് നില്‍ക്കുകയാണ് എന്നായിരുന്നു. ആ കഥ കേട്ടപ്പോള്‍ നല്ലതായി തോന്നിയെന്നും ദുല്‍ഖര്‍ ചെയ്താല്‍ നന്നായിരിക്കുമെന്നും ഞാന്‍ പറഞ്ഞു. അപ്പോഴും മമ്മൂക്ക നെഗറ്റീവായിട്ടാണ് സംസാരിച്ചത്. അവസാനം ഞാന്‍ മമ്മൂക്കയോട് ആ കഥ കേട്ട് നോക്കാന്‍ ആവശ്യപെട്ടു. മമ്മൂക്ക ഓക്കേ പറഞ്ഞു. നമ്മളെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു അങ്ങനെ ഒക്കെ പറഞ്ഞത്. പിന്നെയും മമ്മൂക്കയെ കണ്ടപ്പോള്‍ കഥ കേള്‍ക്കാമെന്ന് തന്നെയായിരുന്നു മറുപടി. വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ ആദ്യമേ തന്നെ നടക്കില്ലെന്ന് പറഞ്ഞതല്ലേ എന്നായിരുന്നു മമ്മൂക്ക ചോദിച്ചത്. ഇക്ക കേള്‍ക്കാമെന്ന് പറഞ്ഞതല്ലേയെന്ന് ചോദിച്ചപ്പോള്‍ മറുപടി കേള്‍ക്കാമെന്ന് തന്നെയായി. എന്നിട്ടും കുറേ റീസണുകള്‍ പറയുമായിരുന്നു.
ഇതിനിടയില്‍ കുറേ ഗ്യാപ് വന്നു. ദിവസവും മമ്മൂക്കയുടെ മുന്നില്‍ ചെന്ന് ഒരേ കാര്യം പറയാന്‍ നമുക്കും ചമ്മലുണ്ടായിരുന്നു. അങ്ങനെ അവസാന ശ്രമം എന്നോണം ഒരു തവണ കൂടെ മമ്മൂക്കയുടെ അടുത്തേക്ക് പോയി. അന്ന് മമ്മൂക്ക പറഞ്ഞത് എനിക്ക് എന്റെ കഥ കേള്‍ക്കാന്‍ സമയമില്ല, പിന്നെയാണ് പടം ചെയ്യാന്‍ ഉദ്ദേശിക്കാത്ത അവന്റെ കഥ എന്നായിരുന്നു. എങ്കില്‍ മമ്മൂക്ക അവന്റെ നമ്പര്‍ തരുമോ ഞാന്‍ നേരിട്ട് കണ്ട് സംസാരിക്കാമെന്ന് പറഞ്ഞു. ‘എന്നാല്‍ ശരി കൊണ്ടുപോ’ എന്ന് പറഞ്ഞ മമ്മൂക്ക ദുല്‍ഖറിന്റെ നമ്പര്‍ തന്നു. അങ്ങനെ ഞാന്‍ ദുല്‍ഖറിനെ വിളിച്ചു. അവന്‍ കഥ കേള്‍ക്കാമെന്ന് പറഞ്ഞതോടെ ഞാന്‍ നിങ്ങളായി ദുല്‍ഖറായി എന്ന് പറഞ്ഞ് ആ നമ്പര്‍ ശ്രീനാഥിന് കൊടുത്തു. ദുല്‍ഖറിന് ആ സമയത്ത് താത്പര്യം ഉണ്ടായിരുന്നില്ല, പകരം ന്യൂട്രലായിരുന്നു. എനിക്ക് തോന്നുന്നത് അവര്‍ പരസ്പരം കണ്ടു കഴിഞ്ഞപ്പോഴാണ് ദുല്‍ഖറിന് ഓക്കേ ആയതെന്നാണ്.
ശ്രീനാഥായിട്ടും വിനിയുമായിട്ടും ഈ ഗ്യാങ്ങായിട്ടും ഉണ്ടായ വൈബ് കാരണമാണ് ദുല്‍ഖര്‍ സെക്കന്റ് ഷോ ചെയ്യാന്‍ കാരണമായതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അവര്‍ വന്നപ്പോള്‍ ദുല്‍ഖര്‍ നല്ല പോസിറ്റീവായിരുന്നു. അപ്പോഴും ഞാന്‍ ആ സിനിമ നടക്കുമെന്ന് വിശ്വസിച്ചിരുന്നില്ല. ഒരിക്കലും നടക്കാത്ത കാര്യമായാണ് തോന്നിയത്. അവര്‍ക്കിടയിലെ കണക്ഷന്‍ തന്നെയാകും വര്‍ക്കായത്. കുറുപ്പ് വരെ അവരെ എത്തിച്ചതും ആ കണക്ഷന്‍ തന്നെയാകും. അവര്‍ തമ്മില്‍ ക്ലോസായ ബോണ്ടിങ് ഉണ്ടായിരുന്നു. ആ ടീമും ദുല്‍ഖറിന്റെ കരിയറും തമ്മില്‍ കണക്ടഡാണ്. അതൊക്കെ ഒരു ബ്ലസിങ്ങാണ്. എല്ലാം സംഭവിച്ചു പോകുന്നതാണ്,’ വിവേക് രാമദേവന്‍ പറഞ്ഞു.
Content Highlight: Vivek Ramadevan Talks About Mammootty