|

അന്ന് ഞാന്‍ അത് ചെയ്തില്ലായിരുന്നെങ്കില്‍ സെക്കന്റ് ഷോ ദുല്‍ഖറിന്റെ ആദ്യ പടമാകില്ലായിരുന്നു: വിവേക് രാമദേവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സെക്കന്‍ഡ് ഷോ. വിനി വിശ്വ ലാല്‍ തിരക്കഥയൊരുക്കിയ ചിത്രം കേരളത്തിലെ വിവിധയിനം ക്രിമിനല്‍ സംഘങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയായിരുന്നു.

ഒരു അനധികൃത മണല്‍ ഖനനക്കാരനില്‍ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ കള്ളക്കടത്ത് മുതലാളിയായി ഉയരുന്ന ലാലു എന്ന ഹരിലാലിന്റെ കഥയായിരുന്നു സെക്കന്‍ഡ് ഷോ. ഈ ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്.

സെക്കന്‍ഡ് ഷോയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സണ്ണി വെയ്ന്‍, ഗൗതമി നായര്‍ എന്നിവരുടെയും ആദ്യ ചിത്രമായിരുന്നു ഇത്. രോഹിണി, ബാബുരാജ്, സുധേഷ് ബെറി തുടങ്ങിയവരും ഒന്നിച്ച സെക്കന്‍ഡ് ഷോ ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്.

ദുല്‍ഖറിനെ താന്‍ സെക്കന്‍ഡ് ഷോയിലേക്ക് കൊണ്ടുവന്നതിനെ കുറിച്ച് പറയുകയാണ് ടാലെന്റ് മാനേജര്‍ വിവേക് രാമദേവന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സെക്കന്റ് ഷോ എന്ന പ്രൊജക്റ്റ് ദുല്‍ഖറിലേക്ക് എത്തിച്ച ആളാണ് ഞാന്‍. അന്ന് അത് ചെയ്തില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ സെക്കന്റ് ഷോ ദുല്‍ഖറിന്റെ ആദ്യ പടമാകില്ലായിരുന്നു. എന്നാല്‍ ദുല്‍ഖര്‍ എന്തായാലും സിനിമയിലേക്ക് വരുമായിരുന്നു. ആ കാര്യത്തില്‍ ഇന്നും ആര്‍ക്കും ഒരു സംശയവുമില്ല.

എന്നാല്‍ അന്ന് ആര്‍ക്കും ദുല്‍ഖറിനെ അറിയില്ലായിരുന്നു. ഫോട്ടോസ് പോലും എവിടെയും ഉണ്ടായിരുന്നില്ല. പിന്നെ ഏതോ ഒരു ഷോയില്‍ വന്ന ഫോട്ടോയോ മറ്റോ ഉണ്ടായിരുന്നു. ആരോ ആ ഫോട്ടോ കാണിച്ചു തന്നിരുന്നു. വിനിക്കും ശ്രീനാഥിനും പ്രൊഡ്യൂസറിനും ദുല്‍ഖറിനെ അറിയില്ലായിരുന്നു. പ്രൊഡ്യൂസര്‍ പുതിയ ആളായിരുന്നു,’ വിവേക് രാമദേവന്‍ പറഞ്ഞു.


Content Highlight: Vivek Ramadevan Talks About Dulquer Salmaan’s First Movie