മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു താരപുത്രനെന്ന പദവിയില്‍ വളരെ പെട്ടെന്ന് സ്വന്തമായി ഒരു താരപദവിയിലേക്ക് ഉയരാന്‍ ദുല്‍ഖറിന് സാധിച്ചിരുന്നു.
2012ല്‍ പുറത്തിറങ്ങിയ സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് സെക്കന്‍ഡ് ഷോയ്ക്ക് വിനി വിശ്വ ലാലായിരുന്നു തിരക്കഥയൊരുക്കിയത്.
ദുല്‍ഖറിനെ ഈ സിനിമയിലേക്ക് പരിഗണിച്ചത് എങ്ങനെയാണെന്ന് പറയുകയാണ് ടാലെന്റ് മാനേജര്‍ വിവേക് രാമദേവന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സെക്കന്റ് ഷോ എന്ന പ്രൊജക്റ്റ് ദുല്‍ഖറിലേക്ക് എത്തിച്ച ആളാണ് ഞാന്‍. അന്ന് അത് ചെയ്തില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ സെക്കന്റ് ഷോ ദുല്‍ഖറിന്റെ ആദ്യ പടമാകില്ലായിരുന്നു. എന്നാല്‍ ദുല്‍ഖര്‍ എന്തായാലും സിനിമയിലേക്ക് വരുമായിരുന്നു. ആ കാര്യത്തില്‍ ഇന്നും ആര്‍ക്കും ഒരു സംശയവുമില്ല.
എന്നാല്‍ അന്ന് ആര്‍ക്കും ദുല്‍ഖറിനെ അറിയില്ലായിരുന്നു. ഫോട്ടോസ് പോലും എവിടെയും ഉണ്ടായിരുന്നില്ല. പിന്നെ ഏതോ ഒരു ഷോയില്‍ വന്ന ഫോട്ടോയോ മറ്റോ ഉണ്ടായിരുന്നു. ആരോ ആ ഫോട്ടോ കാണിച്ചു തന്നിരുന്നു. വിനിക്കും ശ്രീനാഥിനും പ്രൊഡ്യൂസറിനും ദുല്‍ഖറിനെ അറിയില്ലായിരുന്നു. പ്രൊഡ്യൂസര്‍ പുതിയ ആളായിരുന്നു.
സെക്കന്റ് ഷോ കാസ്റ്റിങ്ങിന് വേണ്ടി എന്റെ അടുത്തേക്ക് വന്ന പ്രൊജക്റ്റായിരുന്നു. ഹീറോയായി ആരെ കാസ്റ്റ് ചെയ്യാം എന്ന ചോദ്യം വന്നപ്പോഴാണ് ഈ സിനിമ എന്റെ മുന്നില്‍ എത്തിയത്. പ്രൊഡ്യൂസര്‍ അഡ്വാന്‍സ് കൊടുത്തിരുന്നു.
പിന്നെ ആ സിനിമയില്‍ സണ്ണി വെയ്‌നും മറ്റുള്ളവരും ആദ്യമേ തന്നെ കാസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഹീറോ മാത്രം അവസാനം വരെ കാസ്റ്റ് ചെയ്യപ്പെട്ടില്ല. ആരെ കാസ്റ്റ് ചെയ്യാമെന്ന ചോദ്യവുമായി അവര്‍ എന്റെ അടുത്തേക്ക് വന്നു. പല ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഇടയിലാണ് വിനു നമുക്ക് വേറെ അപ്രോച്ച് ചിന്തിച്ചുകൂടെ എന്ന് ചോദിച്ചത്.
അങ്ങനെയാണ് മമ്മൂക്കയുടെ മകനെ കൊണ്ടുവന്നാലോ എന്ന ചോദ്യം വരുന്നത്. ദുല്‍ഖര്‍ എന്ന പേര് പോലും അന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്തായാലും ചോദിച്ചു നോക്കാമെന്ന് ഞാന്‍ പറഞ്ഞു. മമ്മൂക്കയുമായി അങ്ങനെ ഒരു ആക്‌സസ് എനിക്ക് ഉണ്ടായിരുന്നു,’ വിവേക് രാമദേവന്‍ പറഞ്ഞു.
Content Highlight: Vivek Ramadevan Talk About Second Show Movie