രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത കമ്പനി എന്ന ഗ്യാങ്സ്റ്റര്‍ ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് വിവേക് ഒബ്രോയ്. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം നേടാന്‍ വിവേകിന് സാധിച്ചു. നായകനായും വില്ലനായും തിളങ്ങിനിന്ന വിവേക് ഒബ്രോയ് മോഹന്‍ലാല്‍ നായകനായ ലൂസിഫറിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു.
വിവേകിന്റെ ആദ്യചിത്രമായ കമ്പനിയില്‍ മോഹന്‍ലാലും പ്രധാനവേഷത്തിലെത്തിയിരുന്നു. മുംബൈയിലെ ഗ്യാങ്സ്റ്റര്‍ ലോകത്തിന്റെ കഥപറഞ്ഞ ചിത്രത്തില്‍ വീരപ്പള്ളി ശ്രീനിവാസന്‍ എന്ന പൊലീസ് ഓഫീസറായാണ് മോഹന്‍ലാല്‍ വേഷമിട്ടത്. മോഹന്‍ലാലിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് വിവേക് ഒബ്രോയ്.
സംസാരിക്കുന്നതിന്റെ ഇടയില്‍ ഒരു പേപ്പര്‍ വെയ്റ്റ് എടുത്ത് കറക്കുന്നുണ്ട്. ഡയലോഗും ആ ആക്ടിവിറ്റിയും സിങ്ക് ചെയ്തുകൊണ്ടാണ് അദ്ദേഹം അഭിനയിച്ചത്. ഞാന്‍ അത് കണ്ട് അത്ഭുതത്തോടെ നോക്കിനിന്നു- വിവേക് ഒബ്രോയ്
മോഹന്‍ലാലിന്റെ ഓഫീസിലെത്തിയ ശേഷമുള്ള സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ അദ്ദേഹം സ്‌ക്രിപ്റ്റിലില്ലാത്ത കാര്യങ്ങള്‍ കൈയില്‍ നിന്ന് ഇട്ടെന്ന് വിവേക് ഒബ്രോയ് പറഞ്ഞു. ആ സീനില്‍ ഡയലോഗ് പറയുന്നതിനിടയില്‍ ഒരു പേപ്പര്‍ വെയ്റ്റ് എടുത്ത് കറക്കിക്കൊണ്ട് സംസാരിച്ചെന്നും രണ്ട് പ്രവൃത്തിയും വളരെ നല്ല രീതിയില്‍ സിങ്ക് ആയെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ ജീനിയസ് ആക്ടിങ് കണ്ട് താന്‍ അത്ഭുതപ്പെട്ടെന്നും തന്റെ കൗണ്ടര്‍ ഡയലോഗ് മറന്നുപോയെന്നും വിവേക് ഒബ്രോയ് പറഞ്ഞു. ക്യാമറ തന്റെ നേരെ തിരിച്ചപ്പോള്‍ താന്‍ മിണ്ടാതെ നില്‍ക്കുകയായിരുന്നെന്നും രാം ഗോപാല്‍ വര്‍മ തന്നോട് എന്തുപറ്റിയെന്ന് ചോദിച്ചെന്നും വിവേക് ഒബ്രോയ് കൂട്ടിച്ചേര്‍ത്തു. ലൂസിഫറിലെ വേഷം ചെയ്യാമോ എന്ന് ചോദിച്ച് തന്നെ വിളിച്ചത് മോഹന്‍ലാലായിരുന്നെന്നും അദ്ദേഹത്തോടൊപ്പം മലയാളത്തില്‍ അരങ്ങേറുന്നത് വലിയ കാര്യമായിരുന്നെന്നും വിവേക് ഒബ്രോയ് പറഞ്ഞു.
‘എന്റെ ആദ്യ സിനിമയായിരുന്നു കമ്പനി. ആ സിനിമയില്‍ ലാല്‍ സാറും ഒരു പ്രധാന വേഷത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് ഞാനും ലാല്‍ സാറും തമ്മില്‍ ഒരു സീനുണ്ടായിരുന്നു. അതില്‍ അദ്ദേഹം എന്നോട് ഡയലോഗ് പറയുന്നതിനിടയില്‍ സ്‌ക്രിപ്റ്റിലില്ലാത്ത ഒരു കാര്യം ചെയ്തു.
സംസാരിക്കുന്നതിന്റെ ഇടയില്‍ ഒരു പേപ്പര്‍ വെയ്റ്റ് എടുത്ത് കറക്കുന്നുണ്ട്. ഡയലോഗും ആ ആക്ടിവിറ്റിയും സിങ്ക് ചെയ്തുകൊണ്ടാണ് അദ്ദേഹം അഭിനയിച്ചത്. ഞാന്‍ അത് കണ്ട് അത്ഭുതത്തോടെ നോക്കിനിന്നു. എന്തൊരു ജീനിയസാണ് അദ്ദേഹമെന്ന് എനിക്ക് തോന്നി. അടുത്ത ഡയലോഗ് പറയേണ്ടത് ഞാനാണ്.
ക്യാമറ എന്റെ നേര്‍ക്ക് തിരിച്ചപ്പോഴും ഞാന്‍ മിണ്ടാതെ നില്‍ക്കുകയാണ്. ആര്‍.ജി.വി. സാര്‍ എന്നോട് എന്തുപറ്റി എന്നൊക്കെ ചോദിച്ചു. ലാല്‍ സാറാണ് എന്നെ ലൂസിഫറിലേക്ക് വിളിച്ചത്. ‘ഹിന്ദിയിലെ ആദ്യ സിനിമ എന്റെയൊപ്പം ചെയ്തു, ഇപ്പോള്‍ മലയാളത്തിലെ ആദ്യ സിനിമ എന്റെയൊപ്പം ചെയ്യുന്നോ’ എന്നാണ് ചോദിച്ചത്. ഞാന്‍ അപ്പോള്‍ തന്നെ സമ്മതിച്ചു,’ വിവേക് ഒബ്രോയ് പറഞ്ഞു.
Content Highlight: Vivek Oberoi share the shooting experience with Mohanlal in Company movie