| Wednesday, 6th July 2022, 2:52 pm

പൃഥ്വിയോട് നോ പറയാൻ പറ്റില്ല: വിവേക് ഒബ്രോയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് സിനിമ ഗ്രൂപ്പുകളിലെ പ്രധാന ചർച്ച. പൃഥ്വിയും വിവേക് ഒബ്രോയിയും  ഒന്നിച്ചെത്തുന്ന ഈ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്കുള്ളത്. കടുവയുടെ പ്രൊമോഷന്റെ ഭാഗമായി കൊടുക്കുന്ന അഭിമുഖങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.

പൃഥ്വിയുമായുള്ള സൗഹൃദത്തെ കുറിച്ചും പ്രിത്വിരാജിനോട് നോ പറയാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും പറയുകയാണ് വിവേക് ഒബ്രോയ്. ക്ലബ് എഫ്. എം നു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയുടെ കാര്യത്തിൽ എനിക്ക് പൃഥ്വിരാജിനോട് നോ പറയാൻ പറ്റില്ല. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. ഞങ്ങൾ ഒന്നിച്ച് ചെലവഴിച്ച സമയങ്ങളിൽ വലിയ രീതിയിലുള്ള ബഹുമാനവും സ്നേഹവും പ്രശംസയും ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എനിക്ക് അദ്ദേഹത്തിനോട് തോന്നിയിട്ടുണ്ട്. സ്വാർത്ഥമായി ചിന്തിക്കുന്ന ആളല്ല പൃഥ്വിരാജ്.

അദ്ദേഹം മലയാളം സിനിമക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്, പലരും ചെയ്യാൻ മടിക്കുന്നത്. മലയാള സിനിമ ഷൂട്ട് ചെയ്യുന്ന രീതിയും കഥയുമെല്ലാമാണ് അത് ഞാൻ ആസ്വദിക്കാനുള്ള കാരണങ്ങൾ.

പൃഥ്വി ഒരുപാട് നല്ല കാര്യങ്ങൾ മലയാള സിനിമയിൽ ചെയ്യുന്നുണ്ട്. വിജയമാണോ പരാജയമാണോ എന്നതിലല്ല കാര്യം, ശ്രമിക്കുന്നതിലാണ്. ആ ശ്രമം സത്യസന്ധമാണ്. പണത്തിനുവേണ്ടി മാത്രമാണ് അദ്ദേഹം ഇതൊക്കെ ചെയ്യുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ഞങ്ങൾക്ക് രണ്ടുപേർക്കും ഇരുപത് വർഷത്തെ കരിയർ ഉണ്ട്. ഞങ്ങളെ സംബന്ധിച്ച് ചെയ്യുന്ന വർക്കിന്റെ ക്വാളിറ്റിയാണ് പ്രധാനം. ചിലപ്പോൾ ഞങ്ങൾ പരാജയപ്പെട്ടേക്കാം. പക്ഷെ അത് കുഴപ്പമില്ല. ഞങ്ങളെ സംബന്ധിച്ച് ഈ ശ്രമമാണ് ഞങ്ങളുടെ വിജയം,’ വിവേക് പറഞ്ഞു.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.

കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

Content Highlight: Vivek Oberoi says that he can’t say no to prithviraj

We use cookies to give you the best possible experience. Learn more