ന്യൂദല്‍ഹി: നടനും മക്കള്‍ നീതിമയ്യം പാര്‍ട്ടി നേതാവുമായ കമല്‍ ഹസന്റെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നുവെന്ന പ്രസ്താവന അനാവശ്യമായിരുന്നെന്ന് ബോളിവുഡ് താരം വിവേക് ഒബ്രോയി.
‘നാഥുറാം വിനായക് ഗോഡ്‌സെ തീവ്രവാദിയായിരുന്നെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ പറഞ്ഞോളൂ, മഹാത്മാഗാന്ധിയെ വധിച്ച അദ്ദേഹത്തോട് എനിക്ക് പ്രത്യേക താല്‍പര്യമൊന്നുമില്ല. പക്ഷെ എന്തുകൊണ്ടാണ് അദ്ദേഹമൊരു ഹിന്ദുവാണെന്ന് പറയുന്നത്. നിങ്ങള്‍ എന്തുകൊണ്ട് ഹിന്ദുഫോബിയ വില്‍ക്കാന്‍ ശ്രമിക്കുന്നു.’വിവേക് ഒബ്രോയ് ചോദിക്കുന്നു.
തീവ്രവാദത്തിന് പ്രത്യേകിച്ച് മതമില്ലെന്ന യാഥാര്‍ത്ഥ്യം അദ്ദേഹം എപ്പോഴാണ് മനസ്സിലാക്കുകയെന്നും ഒബ്രോയി ചോദിച്ചു.ട്വിറ്ററിലൂടെയും വിവേക് ഒബ്രോയി ഇതേ കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തി.
പ്രിയപ്പെട്ട കമല്‍ഹാസന്‍ സര്‍, നിങ്ങളൊരു വലിയ കലാകാരനാണ്. കലയ്ക്ക് മതമില്ലാത്തത് പോലെതന്നെ തീവ്രവാദത്തിനും പ്രത്യേക മതമില്ല! ഗോഡ്‌സെ ഒരു തീവ്രവാദിയായിരുന്നെന്ന് നിങ്ങള്‍ക്ക് പറയാം. നിങ്ങള്‍ എന്തുകൊണ്ടാണ് ഹിന്ദുവിനെ പ്രത്യേകമായി പറഞ്ഞത്. അതിന് കാരണം നിങ്ങള്‍ മുസ്‌ലീം ഭൂരിപക്ഷമുള്ള സ്ഥലത്ത് മാത്രം വോട്ട് ചോദിക്കുന്നതിനാലാണ് എന്ന് വിവേക് ട്വിറ്ററില്‍ കുറിച്ചു.
‘സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അയാളുടെ പേര് നാഥുറാം ഗോഡ്സേയെന്നാണെന്നുമായിരുന്നു നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍ പറഞ്ഞത്. ചെന്നൈയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം.
അതേസമയം കമല്‍ഹാസന്റെ നാവ് മുറിച്ചുകളയണമെന്നായിരുന്നു ബി.ജെ.പി സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ നേതാവും ക്ഷീരവികസന മന്ത്രിയുമായ കെ.ടി രാജേന്ദ്ര ബാലാജി പറഞ്ഞത്.
അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവെയാണ് കമല്‍ ഹാസന്‍ ഗോഡ്‌സെയുടെ പേര് പരാമര്‍ശിച്ചത്. മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ല താന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചിരുന്നു.