നരേന്ദ്രമോദിയെക്കുറിച്ചുള്ള സിനിമയില്‍ അഭിനയിച്ചതിനാല്‍ പൊലീസ് കേസെടുക്കില്ല; വിവേക്ഒബ്രോയിയുടെ പങ്ക് അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി
national news
നരേന്ദ്രമോദിയെക്കുറിച്ചുള്ള സിനിമയില്‍ അഭിനയിച്ചതിനാല്‍ പൊലീസ് കേസെടുക്കില്ല; വിവേക്ഒബ്രോയിയുടെ പങ്ക് അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th October 2020, 8:12 pm

മുംബൈ: മയക്കുമരുന്നു കേസില്‍ ബോളിവുഡ് നടന്‍ വിവേക്ഒബ്രോയിയുടെ പങ്ക് അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ ദേശ്മുഖ്.

കഴിഞ്ഞ ദിവസം വിവേക് ഒബ്രോയിയുടെ വീട്ടില്‍ ബെംഗളൂരു പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വിവേകിന്റെ ബന്ധു ആദിത്യ അല്‍വയുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.

ബോളിവുഡ് താരങ്ങള്‍ പ്രതികളായ മയക്കുമരുന്ന് കേസ് അന്വേഷണത്തിന്റെ പരിധിയില്‍ വിവേക് ഒബ്രോയിയേയും ഉള്‍പ്പെടുത്തണമെന്നും അനില്‍ ദേശ്മുഖ് പറഞ്ഞു.

നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ കൃത്യമായി കേസ് അന്വേഷിച്ചില്ലെങ്കില്‍ മുംബൈ പൊലീസിനോട് അന്വേഷിക്കാന്‍ പറയുമെന്നും ദേശ്മുഖ് പറഞ്ഞു.

ബി.ജെ.പിയെ പിന്താങ്ങുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയില്‍ അഭിനയിക്കുകയും ചെയ്ത വിവേക് ഒബ്രോയിയ്‌ക്കെതിരെ പൊലീസ് കേസെടുക്കാന്‍ സാധ്യത കുറവാണെന്നും അനില്‍ ദേശ്മുഖ് കൂട്ടിച്ചേര്‍ത്തു.

നേരത്തേ ഒബ്രോയിയുടെ ഭാര്യ പ്രിയങ്ക ആല്‍വയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. ബെംഗളൂരുവിലുള്ള ആദിത്യ ആല്‍വയുടെ വീട്ടിലും കഴിഞ്ഞ മാസം പൊലീസ് പരിശോധന നടത്തിയിരുന്നു. കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. കര്‍ണാടക ചലച്ചിത്രമേഖലയിലെ ഗായകര്‍ക്കും അഭിനേതാക്കള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ഇയാള്‍ അന്വേഷണം നേരിടുന്നത്.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vivek Oberoi must be probed in drugs case says maharashtra home minister