ന്യൂദല്‍ഹി: ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചനെ അധിക്ഷേപിച്ചുകൊണ്ടുള്ള ട്രോള്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് നടന്‍ വിവേക് ഒബ്റോയ്.
തന്റെ തമാശ ഒരു സ്ത്രീക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന് തക്കതായ പരിഹാരം ഉണ്ടാകണമെന്നും പറഞ്ഞാണ് വിവേക് മാപ്പ് പറഞ്ഞത്.
ചിലപ്പോഴൊക്കെ ഒരാള്‍ക്ക് തമാശയും നിരുപദ്രവും ആയി തോന്നുന്നവ മറ്റുള്ളവര്‍ക്ക് അങ്ങനെയായിരിക്കണമെന്നില്ലെന്നും വിവേക് ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷമായി അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട രണ്ടായിരത്തോളം വരുന്ന സ്ത്രീകളുടെ ശാക്തീകരണത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചുവരുന്നതെന്നും ഒരു സ്ത്രീയെ പോലും അപമാനിക്കുന്നത് തനിക്ക് ചിന്തിക്കാന്‍ കഴിയില്ലെന്നും വിവേക് പറഞ്ഞു.
വിവാദമായ ട്വീറ്റും വിവേക് ഒബ്രോയ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഐശ്വര്യാ റായിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തില്‍ മീം പ്രചരിപ്പിച്ച സംഭവത്തില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്നായിരുന്നു ഇന്നലെ വിവേക് ഒബ്രോയ് പ്രതികരിച്ചത്.
ഐശ്വര്യ റായിയുമായുണ്ടായിരുന്ന പ്രണയ ബന്ധത്തെ ഇലക്ഷന്‍ ട്രോളാക്കിയ വിവേകിനെതിരെ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിവേകിന്റെ പ്രതികരണം.
‘ആളുകള്‍ എന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെടുന്നു. മാപ്പു പറയുന്നതില്‍ എനിക്ക് പ്രശ്നമില്ല. എന്നാല്‍ ഞാന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് പറയണം. ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പു പറയും. ഞാന്‍ തെറ്റ് ചെയ്തായി തോന്നുന്നില്ല. അതിനെന്താണ് കുഴപ്പം. ആരോ ആ മീം ട്വീറ്റ് ചെയ്തു, ഞാന്‍ അത് ആസ്വദിച്ചു’- എന്നായിരുന്നു വിവേകിന്റെ പ്രതികരണം.
സല്‍മാനുമായുണ്ടായിരുന്ന ഐശ്വര്യയുടെ പ്രണയത്തെ അഭിപ്രായ സര്‍വേയായും പിന്നീട് വിവേക് ഒബ്രോയുമായുള്ള പ്രണയത്തെ എക്സിറ്റ് പോളുമായിട്ടും അഭിഷേക് ബച്ചനെ കല്ല്യാണം കഴിച്ചത് തെരഞ്ഞെടുപ്പ് ഫലമായിട്ടുമായിരുന്നു വിവേക് ട്രോള്‍ ഇറക്കിയത്.
രാഷ്ട്രീയമില്ല… വെറും ജീവിതം മാത്രമാണെന്നും ട്രോള്‍ വളരെ ക്രിയാത്മകമായി ചെയ്തിരിക്കുന്നുവെന്നും അടികുറിപ്പ് എഴുതുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിവേക് ഒബ്‌റോയ്ക്ക് എതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
വിവേകിനെ വിമര്‍ശിച്ച് ബോളിവുഡ് താരം സോനം കപൂര്‍ ആയിരുന്നു ആദ്യം രംഗത്തെത്തിയത്. എന്നാല്‍ സോനം കപൂറിന്റെ നടപടി ഓവര്‍ ആക്ടിങ് ആണെന്നായിരുന്നു വിവേക് പരിഹസിച്ചത്.