| Thursday, 14th July 2022, 2:20 pm

വിവേക് ഒബ്രോയ് സെക്കന്റ് ഓപ്ഷനായിരുന്നു, ആ നടനായിരുന്നു എന്റെ മനസില്‍; കടുവ തിരക്കഥാകൃത്ത് ജിനു പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് കടുവ. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം തന്നെ കയ്യടി നേടിയ താരമായിരുന്നു വിവേക് ഒബ്രോയ്.

ഐ.ജി ജോസഫ് ചാണ്ടി ഐ.പി.എസായി തകര്‍ത്താടുകയായിരുന്നു ചിത്രത്തില്‍ താരം. ലൂസിഫര്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിയും വിവേക് ഒബ്രോയിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു കടുവ. ലൂസിഫറിലെപ്പോലെ തന്നെ കടുവയിലേയും വിവേകിന്റെ കഥാപാത്രം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

എന്നാല്‍ ചിത്രത്തില്‍ ജോസഫ് ചാണ്ടി ഐ.പി.എസ് എന്ന കഥാപാത്രം ചെയ്യാന്‍ താന്‍ മനസില്‍ കണ്ടിരുന്നത് വിവേക് ഒബ്രോയിയെ ആയിരുന്നില്ലെന്ന് പറയുകയാണ് തിരക്കഥാകൃത്തായ ജിനു എബ്രഹാം. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തിരക്കഥ എഴുതുന്ന സമയം മുതല്‍ തന്റെ മനസില്‍ ഉണ്ടായിരുന്ന ആ താരത്തെ കുറിച്ച് ജിനു സംസാരിക്കുന്നത്.

കടുവ എന്ന ചിത്രത്തില്‍ ഏതൊക്കെ താരങ്ങള്‍ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്ന ചോദ്യത്തിന് പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു (ചിരി) എന്നായിരുന്നു ജിനുവിന്റെ മറുപടി.

തിരക്കഥ എഴുതുമ്പോള്‍ വിവേക് ഒബ്രോയിയുടെ മുഖമായിരുന്നോ വില്ലന് എന്ന ചോദ്യത്തിന് അല്ല അരവിന്ദ് സ്വാമിയുടെ മുഖമായിരുന്നു മനസില്‍ എന്നായിരുന്നു ജിനുവിന്റെ മറുപടി.

‘ ഞങ്ങള്‍ അരവിന്ദ് സ്വാമിയെ കോണ്‍ടാക്ട് ചെയ്തിരുന്നു. അപ്പോഴാണ് അദ്ദേഹം മലയാളത്തില്‍ മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തുവെന്ന് അറിഞ്ഞത്. രണ്ട് സിനിമകള്‍ തമ്മില്‍ ഡേറ്റ് ക്ലാഷ് ഉണ്ടായി. അതിന് ശേഷമാണ് വിവേക് ഒബ്രോയില്‍ എത്തുന്നത്. എന്റെ മനസിലെ സെക്കന്റ് ഓപ്ഷനായിരുന്നു വിവേക് ഒബ്രോയ്.

അതുപോലെ അലന്‍സിയര്‍ ചേട്ടന് പകരം സിദ്ദിഖായിരുന്നു ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം രണ്ട് ദിവസം വന്ന് അഭിനയിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം കൊവിഡ് വന്ന് പടം നിര്‍ത്തിക്കഴിഞ്ഞപ്പോള്‍ പുള്ളിക്ക് ഡേറ്റ് പ്രശ്‌നമായി. പിന്നീട് അലന്‍സിയര്‍ ചേട്ടനെ വെച്ച് റീ ഷൂട്ട് ചെയ്തതാണ്.

ഷാജോണിന്റെ കഥാപാത്രത്തെ അദ്ദേഹത്തെ തന്നെ കണ്ടാണ് എഴുതിയത്. അതുപോലെ അദ്ദേഹത്തിന്റെ അച്ഛനായി അബു സലീം ചേട്ടനെ തന്നെയായിരുന്നു കണ്ടത്. കുറച്ചധികം സീനുകളും അദ്ദേഹത്തിന്റേത് ഷൂട്ട് ചെയ്തിരുന്നു. പിന്നെ ട്രിം ചെയ്യേണ്ടി വന്നതാണ്, ജിനു പറഞ്ഞു.

ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും കൂടിയാണ് ജിനു എബ്രഹാം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്.

Content Highlight: Vivek Oberoi is not my first option says kaduva movie script writter

We use cookies to give you the best possible experience. Learn more