എ.ബി.സി ന്യൂസിന്(ഓസ്‌ട്രേലിയയുടെ നാഷണല്‍ ബ്രോഡ്കാസ്റ്റര്‍) നല്‍കിയ അഭിമുഖം പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോയി ദി കാശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി.
ബോളിവുഡ് സിനിമകളെ എങ്ങനെയാണ് രാഷ്ട്രീയ പ്രൊപ്പഗണ്ടക്ക് വേണ്ടി ഉപയോഗിക്കുന്നതെന്ന വിഷയത്തിലുള്ള ഡോക്യുമെന്ററിക്ക്(bollywood: The politics behind the scense) വേണ്ടി നല്‍കിയ പ്രതികരണത്തിലാണ് വിവേക് അഗ്നിഹോത്രി ഉത്തരംമുട്ടി അഭിമുഖം നിര്‍ത്തിയത്.
എ.ബി.സി ന്യൂസിന്റെ സൗത്ത് ഏഷ്യന്‍ കറസ്‌പോണ്ടന്റ് ആവണി ഡയാസായിരുന്നു അഭിമുഖം നടത്തിയത്. മൂന്ന് ആഴ്ച മുമ്പ് പുറത്തുവന്ന ഡോക്യൂമെന്ററി സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയാകുന്നുണ്ട്.
സമൂഹത്തില്‍ ധ്രൂവീകരണത്തിന് ഉപയോഗിച്ച ചിത്രമാണ് കാശ്മീര്‍ ഫയല്‍സെന്നും നിലവില്‍ വാക്‌സിന്‍ വാര്‍ എന്ന സിനിയമയുടെ തിരക്കിലാണ് വിവേഗ് അഗ്നിഹോത്രിയെന്നുമുള്ള അവതാരകയുടെ മുഖവരയോടെയാണ് അഭിമുഖം ആരംഭിക്കുന്നത്. സര്‍ക്കാര്‍ പ്രധിനിതികള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ കാശ്മീര്‍ ഫയല്‍സിനെ പ്രൊമോട്ട് ചെയ്തില്ലേ? ബി.ജെ.പിയുടെ പിന്തുണ ചിത്രത്തനുണ്ടായില്ലേ തുടങ്ങി കാശ്മീര്‍ ഫയല്‍സ് റിലീസ് സമയത്ത് ഉയര്‍ന്നുവന്ന പലവിധത്തിലുള്ള ചോദ്യങ്ങള്‍ ആവണി അഭിമുഖത്തില്‍ ഉയര്‍ത്തുന്നുണ്ട്.
ഇതിനിടയിലാണ് സംവിധായകന്റെ മാനേജര്‍ വന്ന് അഭിമുഖം അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുന്നത്. ഈ സമയം നിങ്ങള്‍ എവിടെ നിന്നാണ് വന്നതെന്നും നിങ്ങളുടെ ഉദ്ദേശം എന്താണെന്നുമൊക്കെ ആഗ്നിഹോത്രി അവതാരകയോട് പറയുന്നുണ്ട്. ഈ ദൃശ്യങ്ങളടക്കമാണ് എ.ബി.സി ന്യൂസ് ഡോക്യമെന്ററിയിലുള്ളത്.
ഇന്ത്യയുടെ സോഫ്റ്റ് പവറായി ഒരു സിനിമ മാറിയത് കാശ്മീര്‍ ഫയല്‍സോടെയാണെന്നാണ് അഭിമുഖത്തില്‍ അഗ്നിഹോത്രി അവകാശപ്പെടുന്നത്. ഈ സമയം എന്താണ് സോഫ്റ്റ് പവറെന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ലോകം മുഴുവന്‍ കാശ്മീര്‍ പണ്ഡിറ്റുകളുടെ പ്രശ്‌നം അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നാണ് മറുപടി. ഈ സമയം എന്തുകൊണ്ട് കാശ്മീരില്‍ കൊല്ലപ്പെടുന്ന മുസ്‌ലിങ്ങളെക്കുറിച്ച് സിനിമ പ്രദിപാതിക്കുന്നില്ലെന്ന് ആവണി തിരിച്ച് ചോദിക്കുന്നു.
മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷത്തിന് ചിത്രം കാരണമായില്ലേ, തീയേറ്ററില്‍ വരെ കൊലവിളി മുദ്രാവാക്യം വിളികളുണ്ടായില്ലേ എന്ന ചോദ്യത്തിന് അതിന് താന്‍ ഉത്തരം നല്‍കേണ്ടതില്ലെന്നാണ് അഗ്നിഹോത്രി പറയുന്നത്.
Content Highlight: Vivek Agnihotri walked out of an interview with ABC News