| Sunday, 20th August 2023, 3:19 pm

'ഷാരൂഖിന്റെയും കരണിന്റെയും ചിത്രങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിച്ചു, അതുകൊണ്ട് സത്യസന്ധമായി കഥ പറയണമെന്ന് തീരുമാനിച്ചു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരണ്‍ ജോഹറിന്റെയും ഷാരൂഖ് ഖാന്റെയും സിനിമകളാണ് ഇന്ത്യയുടെ സാംസ്‌കാരികഘടനയെ നശിപ്പിച്ചതെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. അതുകൊണ്ടാണ് യഥാര്‍ത്ഥവും സത്യസന്ധവുമായ കഥകള്‍ പറയേണ്ടതുണ്ടെന്ന് താന്‍ തീരുമാനിച്ചതെന്ന് വിവേക് അഗ്‌നിഹോത്രി പറഞ്ഞു. ദീര്‍ഘ കാലം താന്‍ ഇടതുപക്ഷക്കാരനായിരുന്നുവെന്നും കുട്ടികളുണ്ടായതിന് ശേഷമാണ് ഒരുപാട് കാര്യങ്ങള്‍ മനസിലായതെന്നും അദ്ദേഹം പറഞ്ഞു. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിവേക്.

‘ജീവിതത്തിന്റെ വലിയൊരു ഭാഗവും ഇടതുപക്ഷക്കാരനായാണു ഞാന്‍ ജീവിച്ചത്. കുട്ടികളുണ്ടായപ്പോഴാണ് ഒരുപാടു കാര്യങ്ങള്‍ മനസിലാക്കുന്നത്. എന്റെ മക്കള്‍ വളരുമ്പോള്‍ ഈ രാജ്യത്തുനിന്ന് അവര്‍ക്ക് എന്തു ലഭിക്കുമെന്ന് ആലോചിക്കാറുണ്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ തത്വശാസ്ത്രങ്ങള്‍ ഉള്ളടങ്ങിയ ഒരു രാജ്യമായതുകൊണ്ടാണു നൂറ്റാണ്ടുകളോളം നാം അതിജീവിച്ചു മുന്നോട്ടുപോയതെന്ന തിരിച്ചറിവ് വരുന്നത് അങ്ങനെയാണ്.

ഇടതുപക്ഷ ആശയം കാരണം നമ്മുടെ രാജ്യത്തോടു ബന്ധമുള്ളതിനോടെല്ലാം വെറുപ്പായിരുന്നു. ലോകത്ത് എവിടെയൊക്കെ പോയാലും എല്ലാത്തിനോടും വെറുപ്പായിരുന്നു. അങ്ങനെയാണ് യാഥാര്‍ത്ഥ്യബോധത്തിലേക്കും വേരുകളിലേക്കും ഇറങ്ങണമെന്നു തീരുമാനിക്കുന്നത്. അത് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

സൂപ്പര്‍ സ്റ്റാറായുള്ള അമിതാഭ് ബച്ചന്റെ അരങ്ങേറ്റത്തിനുശേഷം ഇന്ത്യന്‍ സിനിമ ഒരിക്കലും യഥാര്‍ത്ഥ കഥകള്‍ പറഞ്ഞിട്ടില്ല. ദീവാറിലല്ല, ഷെഹിന്‍ഷ ഇറങ്ങിയതിന് ശേഷമാണ് അത് സംഭവിച്ചത്. പ്രത്യേകിച്ചും കരണ്‍ ജോഹറിന്റെയും ഷാരൂഖ് ഖാന്റെയും സിനിമകള്‍. അവയാണ് ഇന്ത്യയുടെ സാംസ്‌കാരികഘടനയെ തന്നെ അപകടകരമായ തരത്തില്‍ നശിപ്പിച്ചത്. അതുകൊണ്ടാണു യഥാര്‍ത്ഥവും സത്യസന്ധവുമായ കഥകള്‍ പറയേണ്ടതുണ്ടെന്നു ഞാന്‍ തീരുമാനിച്ചതെന്നും,’ വിവേക് അഗ്‌നിഹോത്രി പറഞ്ഞു.

Content Highlight: Vivek Agnihotri says Karan Johar and Shah Rukh Khan’s films have destroyed India’s cultur

We use cookies to give you the best possible experience. Learn more