ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി തന്നെ ഒരു പരിപാടിക്ക് വിളിച്ച് അപമാനിച്ചെന്ന് വിവാദ ചിത്രമായ കാശ്മീര്‍ ഫയല്‍സിന്റെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി.
മെയ് 31ാം തീയതിയില്‍ തന്നെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു പോഗ്രാമിനായി വിളിച്ചിരുന്നുവെന്നും എന്നാല്‍ പരിപാടി തുടങ്ങാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് അബദ്ധം പറ്റിയതാണെന്നും താങ്കളെ ഹോസ്റ്റ് ചെയ്യാന്‍ സാധിക്കില്ലായെന്നും ഓക്‌സ്‌ഫോര്‍ഡ് അറിയിച്ചതായി വിവേക് അഗ്‌നിഹോത്രി
ട്വീറ്റില്‍ വെളിപ്പെടുത്തി.
ട്വീറ്റ് ചെയ്ത വീഡിയൊയിലാണ് വിവേക് ഇതെല്ലാം പറയുന്നത്. ഓക്‌സ്‌ഫോര്‍ഡ് ഹിന്ദു ഫോബിക്കായത്‌കൊണ്ടാണ് ഇങ്ങനെ കാണിച്ചതെന്നും എല്ലാവരും തന്നെ സപ്പോര്‍ട്ട് ചെയ്യണമെന്നും വിവേക് ആവശ്യപ്പെട്ടു.
‘പരിപാടിയെ കുറിച്ചുള്ള കാര്യമെല്ലാം ഇ-മെയില്‍ വഴി സംസാരിച്ചതാണ്, പക്ഷേ കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ്, ഞങ്ങള്‍ക്ക് ഒരു തെറ്റ് സംഭവിച്ചു, വേറെ രണ്ട് ബുക്കിംഗ് ഉണ്ടായിരുന്നു, അതുകൊണ്ട് അവര്‍ക്ക് എന്നെ ഹോസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു. എന്നോട് ചോദിക്കുക പോലും ചെയ്യാതെ അവര്‍ തിയതി ജൂലൈ ഒന്നിലേക്ക് മാറ്റി, കാരണം അന്ന് വിദ്യാര്‍ത്ഥികളാരും അവിടെ ഉണ്ടാകില്ല, അതില്‍ ഒരു പോയിന്റും ഞാന്‍ കാണുന്നില്ല,’ വിവേക് പറഞ്ഞു.
ട്വിറ്ററില്‍ വിവേക് എഴുതിയത് ഇങ്ങനെ, ഹിന്ദുഫോബിക്കായ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ മറ്റൊരു ഹിന്ദു ശബ്ദംകൂടി നിയന്ത്രിക്കപ്പെടുന്നു. അവര്‍ എന്നെ ഒഴിവാക്കി. വാസ്തവത്തില്‍ അവര്‍ ഹിന്ദു വംശഹത്യയാണ് ചെയ്യുന്നത്. ഇതിലുടെ ഓക്‌സ്‌ഫോര്‍ഡില്‍ ന്യൂനപക്ഷമായ ഹിന്ദു വിദ്യാര്‍ത്ഥികളെയും അവര്‍ ഒഴിവാക്കുകയാണ്.
അവിടെ യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടയാള്‍ ഒരു പാകിസ്ഥാനിയാണ്. പ്രയാസകരമായ ഈ പോരാട്ടത്തില്‍ എന്നെ പിന്തുണയ്ക്കുകയും ഈ ട്വീറ്റ് ഷെയര്‍ ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്തിച്ചു. സര്‍വകലാശാലയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.
‘എന്നെ എല്ലാവരും ഇസ്‌ലാമോഫോബിക്ക് എന്നാണ് വിളിക്കുന്നത്. ആയിരങ്ങളോളം വരുന്ന കാശ്മീരി ഹിന്ദുക്കളെ വധിക്കുന്നത് ഹിന്ദുഫോബിക്കല്ലേ, പക്ഷെ സത്യത്തെക്കുറിച്ച് സിനിമ എടുത്താല്‍ ഇസ്‌ലാമോഫോബിക്കാകും,’ വിവേക് തുടര്‍ന്നു
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും അവിടെ ഹിന്ദുക്കള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ വീഡിയോയില്‍ കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഒരു കഥകൂടി വിവേക് വിവരിക്കുന്നുണ്ട്.
അവസാന നിമിഷം എന്നെ പരിപാടിയില്‍ നിന്നും അവര്‍ ഒഴിവാക്കിയിരുന്നു, കുറച്ച് പാകിസ്ഥാനി മുസ്‌ലിം വിദ്യാര്‍ഥികളും കാശ്മീരി മുസ്‌ലിം വിദ്യാര്‍ഥികളും സമരം ചെയ്തതിനാലാണ് ഈ തീരുമാനമുണ്ടായത്.
ഇതിന് കാരണമായി അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് താന്‍ മോദിയെ സപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണെന്നും വിവേക് പറഞ്ഞു.
2022 മാര്‍ച്ചിലായിരുന്നു വിവേകിന്റെ ചിത്രമായ ദ കശ്മീര്‍ ഫയല്‍സ് റിലീസ് ചെയതത്. 1990 കളില്‍ കാശ്മീര്‍ താഴ്വരയില്‍ കശ്മീരി ഹിന്ദുക്കളെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളും പലായനവും കേന്ദ്രീകരിച്ചായിരുന്നു ചിത്രം. ചൂടേറിയ ചര്‍ച്ചകളില്‍ സിനിമ ഇടംപിടിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പലരും ചിത്രത്തെ പ്രശംസിച്ചപ്പോള്‍, അതിനുകണക്കായി വിമര്‍ശനങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ മെയ് മാസം സിംഗപ്പൂരില്‍ സിനിമ നിരോധിച്ചിരുന്നു.
Content Highlights: Vivek Agnihotra says he is cancelled by oxford university