| Sunday, 3rd September 2023, 4:43 pm

കശ്മീര്‍ ഫയല്‍സിന് പിന്നാലെ വന്ന മുസ്‌ലിം വിരുദ്ധ ആഹ്വാനങ്ങളില്‍ ഉത്തരം പറയേണ്ട ആവശ്യമെനിക്കില്ല: വിവേക് അഗ്നിഹോത്രി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കശ്മിര്‍ ഫയല്‍സ് എന്ന തന്റെ ചിത്രം കണ്ട് ആളുകള്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് തനിക്ക് ഉത്തരം പറയേണ്ട ആവശ്യമില്ലെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. പ്രേക്ഷകര്‍ തിയേറ്ററില്‍ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുമെന്നും അതാണ് ഇവിടുത്തെ രീതിയെന്നും വിവേക് പറഞ്ഞു. എ.ബി.സി ന്യൂസിന്റെ സൗത്ത് ഏഷ്യന്‍ കറസ്പോണ്ടന്റ് ആവണി ഡയാസ് നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കശ്മീര്‍ ഫയല്‍സ് ഇറങ്ങിയതിന് ശേഷം ഉയര്‍ന്ന മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളെ പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അതിന് ഉത്തരം നല്‍കേണ്ട ആവശ്യം എനിക്കില്ല. സിനിമ കണ്ട് ആളുകള്‍ പലതും ചെയ്യാറുണ്ട്. അത് ഇവിടുത്തെ സംസ്‌കാരമാണ്. തിയേറ്ററുകളില്‍ തന്നെ വികാരം പ്രകടിപ്പിക്കുന്നവരാണ് അവര്‍. വലിയ താരങ്ങളുടെ സിനിമ കണ്ട് അവര്‍ തിയേറ്ററില്‍ ഡാന്‍സ് കളിക്കാറുണ്ട്, വില്ലനെ ചീത്ത വിളിക്കാറുണ്ട്, നിങ്ങള്‍ക്ക് ഇന്ത്യയിലെ രീതികളെ പറ്റി അറിയാത്തതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്.

ഒരുപാട് ആളുകള്‍ക്ക് ഇഷ്ടപ്പെട്ട സിനിമയാണ് കശ്മീര്‍ ഫയല്‍സ്. അവര്‍ ഈ സിനിമ കണ്ട് കരഞ്ഞു,’ വിവേക് പറഞ്ഞു.

എന്നാല്‍ സിനിമ കണ്ട് ഉയര്‍ന്ന മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളെ പറ്റിയാണ് താന്‍ ചോദിച്ചത് എന്ന് മാധ്യമപ്രവര്‍ത്തക ചോദിച്ചപ്പോള്‍ തീര്‍ച്ചയായും ഉണ്ട് എന്നാണ് അഗ്നിഹോത്രി പറഞ്ഞത്.

‘അതിനെ പറ്റി ഞാന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് തെറ്റാണ്. ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിരുന്നു. എന്നിട്ടും ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അതിന് ഞാന്‍ ഉത്തരവാദിയല്ല. ലോകത്ത് സംഭവിക്കുന്നതിനെല്ലാം ഉത്തരം പറയാന്‍ ഞാന്‍ ബാധ്യസ്ഥനല്ല,’ വിവേക് പറഞ്ഞു. അഭിമുഖം പൂര്‍ത്തിയാക്കാതെ വിവേക് ഇടക്ക് വെച്ച് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.

Content Highlight: Vivek Agnihotri says he doesn’t need to answer for the slogans after watching his film Kashmir Files

We use cookies to give you the best possible experience. Learn more