Advertisement
Film News
പ്ലേബോയ് മാസിക വാങ്ങുന്നത്രയും ആളുകള്‍ ഗീത വാങ്ങില്ലല്ലോ; വാക്‌സിന്‍ വാര്‍ കാണാന്‍ ആളില്ലാത്തതില്‍ അഗ്നിഹോത്രി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 02, 12:13 pm
Monday, 2nd October 2023, 5:43 pm

ദി കശ്മീര്‍ ഫയല്‍സിന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് ദി വാക്‌സിന്‍ വാര്‍. കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞരെ പ്രമേയമാക്കി ചെയ്ത ചിത്രത്തിന് തിയേറ്ററില്‍ അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്. 10 കോടി മുടക്കി നിര്‍മിച്ച ചിത്രത്തിന് ആദ്യദിനത്തില്‍ ഒരു കോടി മാത്രമാണ് നേടാനായത്.

വാക്‌സിന്റെ വാറിന് തിയേറ്ററില്‍ നിന്നും ലഭിക്കുന്ന തണുപ്പന്‍ പ്രതികരണത്തില്‍ പ്രതികരിക്കുകയാണ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. പ്ലേബോയ് മാസിക മേടിക്കുന്ന അത്രയും ആളുകള്‍ ഗീത മേടിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ എന്നാണ് വിവേക് ഇതിനോട് പ്രതികരിച്ചത്. സിദ്ധാര്‍ത്ഥ കണ്ണന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്ലേബോയ് മാസിക വാങ്ങുന്നത്രയും ആളുകള്‍ ഗീത മേടിക്കുമെന്ന് പ്രതീക്ഷിക്കാനാവിലല്ലോ. ഇതെങ്ങനെ സംഭവിക്കും. ഈ ലോകത്തിന്റെ യാഥാര്‍ത്ഥ്യം വ്യത്യസ്തമാണ്.

ഈ സിനിമ കണ്ട 90 ശതമാനം ആളുകളും സംതൃപ്തരാണ്. ഒരു നെഗറ്റീവ് റിവ്യു പോലും നിങ്ങള്‍ക്ക് കാണാനാവില്ല. ഇത് അത്ഭുതകരമായ സിനിമയാണെന്നാണ് എല്ലാവരും പറയുന്നത്. ഈ സിനിമ കണ്ട് നിങ്ങള്‍ ചിരിക്കും, കണ്ണുനീര്‍ വരും, എന്നാല്‍ തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ അഭിമാനമാവും തോന്നുക. ഈ സിനിമയില്‍ നിന്നും ഞങ്ങള്‍ ഒരുപാട് പഠിച്ചു,’ വിവേക് അഗ്നിഹോത്രി പറഞ്ഞു.

റിലീസ് ചെയ്ത നാല് ദിവസമാകുമ്പോഴേക്കും ആഗോള ബോക്‌സ് ഓഫീസില്‍ വാക്‌സിന്‍ വാര്‍ ആകെ നേടിയത് 5.70 കോടി രൂപയാണ്. നാന പടേക്കര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ അനുപം ഖേര്‍, സപ്തമി ഗൗഡ, പരിതോഷ് സാന്‍ഡ്, സ്‌നേഹ മിലാന്‍ഡ്, ദിവ്യ സേത്ത് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Vivek Agnihotri’s response on the lukewarm response for the Vaccine War