കോടതിയലക്ഷ്യ കേസില്‍ വിവേക് അഗ്നിഹോത്രി നേരിട്ടെത്തി മാപ്പ് പറഞ്ഞു; വെറുതെ വിട്ട് ദല്‍ഹി ഹൈക്കോടതി
national news
കോടതിയലക്ഷ്യ കേസില്‍ വിവേക് അഗ്നിഹോത്രി നേരിട്ടെത്തി മാപ്പ് പറഞ്ഞു; വെറുതെ വിട്ട് ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th April 2023, 3:22 pm

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ച കേസില്‍ നേരിട്ടെത്തി മാപ്പ് ചോദിച്ച് സിനിമാ സംവിധായകന്‍ വിവേക് അഗ്നിഹോത്രി.

മാപ്പപേക്ഷ സ്വീകരിച്ച ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുല്‍, ജസ്റ്റിസ് വികാസ് മഹാരാജന്‍ എന്നിവരടങ്ങിയ ബെഞ്ച് കോടതിയലക്ഷ്യ കേസ് റദ്ദാക്കുകയും ഭാവിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

‘ ജുഡീഷ്യറിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും കോടതിയെ അപമാനിക്കാന്‍ മനപ്പൂര്‍വം ഉദ്ദേശിച്ചില്ലെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തിന് നല്‍കിയ നോട്ടീസ് പിന്‍വലിക്കുന്നു,’ ബെഞ്ച് പറഞ്ഞു.

 ഉത്തരവ് പ്രകാരമാണ് തിങ്കളാഴ്ച വിവേക് അഗ്നിഹോത്രി കോടതിയില്‍ ഹാജരയത്.

2018ല്‍ ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന എസ്. മുരധീധറിനെതിരെ പക്ഷപാതം ആരോപിച്ച് ട്വീറ്റ് ചെയ്തതാണ് അഗ്നിഹോത്രിക്കെതിരായ കേസ്. ഭീമാ കൊറേഗാവ് കേസില്‍ വീട്ടുതടങ്കലിലായ ആക്റ്റിവിസ്റ്റ് ഗൗതം നവ്‌ലഖയെ മോചിപ്പിച്ചതിനെതിരെയായിരുന്നു ട്വീറ്റ്.

തുടര്‍ന്ന് ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുക്കുകയായിരുന്നു.

പിന്നീട് കഴിഞ്ഞ ഡിസംബര്‍ ആറിന് സത്യവാങ്മൂലത്തിലൂടെ ഖേദം പ്രകടിപ്പിച്ച അഗ്നിഹോത്രിയോട് വ്യക്തിപരമായി ഖേദം പ്രകടിപ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ രാജ്യത്തെ എല്ലാ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും നീതിയുക്തമായ വിമര്‍ശനങ്ങള്‍ തങ്ങള്‍ സ്വീകരിക്കുമെന്നും ആര്‍.എസ്.എസ് സൈദ്ധാന്തികനായ എസ്. ഗുരുമൂര്‍ത്തിയുടെ കോടതിയലക്ഷ്യ കേസും പരിഗണിക്കുമ്പോള്‍ കോടതി വ്യക്തമാക്കി.

content highlight: Vivek Agnihotri came forward and apologized in contempt of court case; Delhi High Court acquitted