അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ വിവാദങ്ങള്‍ക്ക് പിന്നാലെ കശ്മീര്‍ ഫയല്‍സിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി.
‘കശ്മീര്‍ ഫയല്‍സ്: അണ്‍റിപ്പോര്‍ട്ടഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തുടര്‍ഭാഗത്തിലൂടെ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യക്ക് പിന്നിലെ എല്ലാ യാഥാര്‍ത്ഥ്യങ്ങളും പുറത്തെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് അഗ്നിഹോത്രി ഇക്കാര്യം പരാമര്‍ശിച്ചത്.
‘നിങ്ങളുടെ ചാനലിലൂടെ ഞാന്‍ ഒരു പ്രഖ്യാപനം നടത്താന്‍ ആഗ്രഹിക്കുകയാണ്. കശ്മീരില്‍ നമുക്ക് നിരവധി കഥകളുണ്ട് അതില്‍ നിന്നും 10 സിനിമകള്‍ വരെ നിര്‍മിക്കാം. എന്നാല്‍, ഒരു സിനിമയെടുക്കാനായിരുന്നു എന്റെ തീരുമാനം. എന്നാല്‍, ഇപ്പോള്‍ മുഴുവന്‍ സത്യവും പുറത്തുകൊണ്ടുവരാന്‍ ആഗ്രഹിക്കുകയാണ്. ‘ദ കശ്മീര്‍ ഫയല്‍സ്: അണ്‍റിപ്പോര്‍ട്ടഡ്’ എന്ന പേരില്‍ സിനിമക്ക് തുടര്‍ച്ചയുണ്ടാവും,’ വിവേക് അഗ്നിഹോത്രി പറഞ്ഞു.
എന്നാല്‍ കശ്മീര്‍ ഫയല്‍സിന്റെ തുടര്‍ഭാഗങ്ങള്‍ വെബ് സീരീസായാണോ സിനിമയായാണോ പുറത്തിറക്കുന്നത് എന്ന് അഗ്നിഹോത്രി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഐ.എഫ്.എഫ്.ഐ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ)യുടെ സമാപനച്ചടങ്ങില്‍ വെച്ച് ഇസ്രഈലി സിനിമാ സംവിധായകനും ജൂറി ചെയര്‍പേഴ്‌സണുമായ നദാവ് ലാപിഡ് കശ്മീര്‍ ഫയല്‍സിനെ പരസ്യമായി വിമര്‍ശിച്ചത് വന്‍ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്.
മേളയിലെ മത്സര വിഭാഗത്തിലേക്ക് ഈ ചിത്രത്തെ ഒരിക്കലും പരിഗണിക്കാന്‍ പാടില്ലായിരുന്നെന്നാണ് നദാവ് ലാപിഡ് പറഞ്ഞത്. കലാപരമായ മൂല്യങ്ങളൊന്നുമില്ലാത്ത ചിത്രം പ്രൊപഗാണ്ട മാത്രമാണെന്നും നദാവ് പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ളവര്‍ വേദിയിലിരിക്കെയാണ് നദാവ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഈ പരിപാടിയിലെ സിനിമകളുടെ സമ്പന്നതക്കും വൈവിധ്യത്തിനും ഞാന്‍ ഫെസ്റ്റിവല്‍ തലവനോടും പ്രോഗാമിങ് ഡയറക്ടറോടും ആദ്യമേ തന്നെ നന്ദിയറിയിക്കുന്നു. നവാഗതരുടെ കാറ്റഗറിയില്‍ മത്സരത്തിനെത്തിയ ഏഴ് സിനിമകള്‍ ഞങ്ങള്‍ കണ്ടു, അന്താരാഷ്ട്ര വിഭാഗത്തിലെ ഏഴ് സിനിമകളും.
മേളയുടെ മുഖമുദ്രകളാണല്ലോ മത്സരത്തിനെത്തുന്ന ചിത്രങ്ങള്‍. ഈ വിഭാഗത്തിലെ 14 ചിത്രങ്ങള്‍ക്കും സിനിമാറ്റിക് ഗുണങ്ങളും പോരായ്മകളും ഉണ്ടായിരുന്നു. ഞങ്ങള്‍ക്കിടയില്‍ ആഴമേറിയ ചര്‍ച്ചകള്‍ക്ക് ഈ ചിത്രങ്ങള്‍ വഴിവെച്ചു.
പക്ഷെ 15ാമത്തെ ചിത്രമായ ദ കശ്മീരി ഫയല്‍സ് കണ്ട് ഞങ്ങളാകെ ഞെട്ടിപ്പോയി. ആ ചിത്രം ഞങ്ങളെ ശരിക്കും അസ്വസ്ഥപ്പെടുത്തി. കാരണം വളരെ വൃത്തികെട്ട ഒരു പ്രൊപഗണ്ട ചിത്രമായിരുന്നു അത്. ഇത്രയും പേരുകേട്ട ഒരു മേളയിലെ കലാമൂല്യമുള്ള സിനിമകള്‍ മത്സരിക്കുന്ന വിഭാഗത്തിലേക്ക് കടന്നുവരാനുള്ള ഒരു യോഗ്യതയും ആ ചിത്രത്തിനില്ലായിരുന്നു.
ഈ വേദിയില്‍ ഇങ്ങനെ അഭിപ്രായം തുറന്നുപറയുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല. വിമര്‍ശനങ്ങളെല്ലാം സ്വീകരിക്കാന്‍ കഴിയുന്ന ഒരു സ്പിരിറ്റ് ഈ മേളക്കുണ്ട്. കലയിലും ജീവിതത്തിലും വിമര്‍ശനങ്ങള്‍ അനിവാര്യമാണല്ലോ,’ എന്നായിരുന്നു നദാവിന്റെ വാക്കുകള്‍.
കശ്മീര്‍ ഫയല്‍സിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ നദാവ് ലാപിഡ് സ്വയം ലജ്ജിക്കണമെന്നും, ജൂറി അധ്യക്ഷ പദവി നദാവ് ലാപിഡ് ദുരുപയോഗിച്ചുവെന്നും, ഇന്ത്യ ഇസ്രഈല്‍ ബന്ധത്തിന് ഈ പരാമര്‍ശം വരുത്തിയ കോട്ടത്തെ അതിജീവിക്കുമെന്നും ഗിലോണ്‍ ട്വീറ്റ് ചെയ്തു.
അതേസമയം, തൊണ്ണൂറുകളില്‍ ജമ്മു കശ്മീരില്‍ നിന്നും കശ്മീരി പണ്ഡിറ്റുകള്‍ക്ക് പലായനം ചെയ്യേണ്ടി വന്ന സംഭവത്തെ ആസ്പദമാക്കി വിവേക്അഗ്നിഹോത്രി ഒരുക്കിയ ദ കശ്മീരി ഫയല്‍സിനെതിരെ റിലീസ് സമയത്ത് തന്നെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
ചിത്രം വിദ്വേഷ പ്രചരണങ്ങളും വ്യാജവാദങ്ങളും പടച്ചുവിടുകയാണെന്ന വിമര്‍ശനത്തോടൊപ്പം, ചിത്രം തെറ്റായ വസ്തുതകളാണ് അവതരിപ്പിക്കുന്നതെന്ന് ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടിയിരുന്നു. സിനിമക്കെതിരെ കശ്മീരി പണ്ഡിറ്റുകളും രംഗത്തെത്തിയിരുന്നു.