മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് നായകനായി എത്തുന്ന വിവാഹ ആവാഹനം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സാജന്‍ ആലുംമൂട്ടിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാമൂഹിക ആക്ഷേപഹാസ്യ വിഭാഗത്തില്‍ എത്തുന്ന ചിത്രമാണ് വിവാഹ ആവാഹനം. അജു വര്‍ഗീസിന്റെ ശബ്ദത്തില്‍ തുടങ്ങുന്ന ട്രെയ്‌ലറില്‍ നിലവിലെ സാമൂഹിക സാഹചര്യത്തെയും രാഷ്ട്രീയ പാര്‍ട്ടികളെയും പരിഹസിക്കുന്നുണ്ട്.
ഇത്തരത്തില്‍ കുറിക്ക് കൊള്ളുന്ന നിരവധി ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തില്‍ അരുണ്‍ എന്ന കഥാപാത്രമായിട്ടാണ് നിരഞ്ജ് എത്തുന്നത്. അജു വര്‍ഗീസും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഗുപ്‌തേട്ടന്‍ എന്ന കഥാപാത്രത്തെയാണ് അജു അവതരിപ്പിക്കുന്നത്.
നിശബ്ദം, അച്ചടക്കം, പ്രാഥമികം തുടങ്ങിയ വാക്കുകള്‍ ട്രെയ്‌ലറില്‍ എഴുതി കാണിക്കുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. രണ്ട് പേരുടെ വിവാഹത്തിലേക്ക് സമൂഹത്തിന്റെ പല മിഥ്യാധാരണകളും കടന്ന് വരുന്നത് സിനിമയില്‍ കാണാം. അന്ധവിശ്വാസവും അനാചാരങ്ങളും മനുഷ്യരില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയില്‍ ഹാസ്യ രൂപത്തില്‍ വരച്ച് കാണിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.
ഒരു അസാധാരണ വിവാഹം എന്ന ടാഗ് ലൈനോട് കൂടി എത്തുന്ന ചിത്രമാണ് വിവാഹ ആവാഹനം. സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ മിഥുന്‍ ആര്‍.ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. യഥാര്‍ത്ഥ സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരുക്കിയ ചിത്രത്തില്‍ പുതുമുഖ താരം നിതാരയാണ് നായിക. ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ചിത്രത്തിന് ശേഷം സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിവാഹ ആവാഹനം. നവംബര്‍ 18നാണ് ചിത്രത്തിന്റെ റിലീസ്.
സാജനൊപ്പം സംഗീത് സേനനും ചേര്‍ന്നാണ് ചിത്രത്തിലെ സംഭാഷണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
content highlight: vivaha avahanam movie trailer out