ഓരോ സമ്മര്‍ വിന്‍ഡോയിലും ബ്രസീലിയന്‍ താരങ്ങള്‍ക്ക് പിറകെയാണ് പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളെല്ലാം. ഓരോ സീസണിലും പുതിയ താരങ്ങള്‍ വരുമ്പോള്‍ അവരുടെ സ്‌കില്ലും പ്രതിഭയുമൊക്കെ വെച്ച് ബ്രസീലിയന്‍ ഇതിഹാസങ്ങളുമായി താരതമ്യം ചെയ്യാറുള്ളതും പതിവാണ്.
എന്നാല്‍ കാലക്രമേണ ഇതൊക്കെ പൊള്ളയായ വാദങ്ങളാണെന്ന് തെളിയാറുമുണ്ട്. എന്നാല്‍ ഇക്കുറി കാനറികളുടെ നാട്ടില്‍ നിന്ന് പുതിയൊരു വെടിച്ചില്ല് ഐറ്റം താരമാണ് ക്യാമ്പ് നൗവിലേക്ക് കുടിയേറിയിരിക്കുന്നത്.
ബാഴ്‌സലോണ കഴിഞ്ഞ ദിവസം 35 മില്യണ്‍ യൂറോ നല്‍കിയാണ് 18കാരനായ കുട്ടിത്താരത്തെ ബ്രസീലില്‍ നിന്ന് റാഞ്ചിയത്. തെക്കു കിഴക്കന്‍ ബ്രസീലിയന്‍ നഗരമായ ടിമോറ്റിയോയില്‍ നിന്നാണ് വിറ്റോര്‍ റോക്ക് എന്ന ജൂനിയര്‍ റൊണാള്‍ഡോ വരുന്നത്.
കളിരീതികളും ശാരീരിക ശേഷിയുമെല്ലാം വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ബ്രസീലിന്റെ എക്കാലത്തേയും ഉയര്‍ന്ന ലോകകപ്പ് ഗോള്‍വേട്ടക്കാരന്‍ റൊണാള്‍ഡോ നസാരിയോയുമായാണ് യുവതാരം ഏറ്റവുമധികം താരതമ്യം ചെയ്യപ്പെടുന്നത്.
അമച്വര്‍ ലെവലില്‍ കളിച്ചിരുന്ന ഫുട്‌ബോളറായിരുന്നു വിറ്റോര്‍ റോക്കിന്റെ പിതാവ്. നല്ലൊരു ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായിരുന്ന പിതാവിന് കീഴിലാണ് താരം കളി പഠിച്ചത്. മകന്‍ സമപ്രായക്കാരേക്കാള്‍ മികവുറ്റ താരമാണെന്ന് തിരിച്ചറിഞ്ഞതോടെ പിതാവ് അവനെ ക്രുസേറോ എന്ന ഫുട്‌ബോള്‍ അക്കാദമിയില്‍ കളി പഠിക്കാന്‍ ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
പത്താം വയസില്‍ അമേരിക്ക മിനെയ്‌റോ അക്കാദമിയിലേക്ക് കൂടുമാറിയ താരം പിതാവിനെ പോലെ തന്നെ ഡിഫന്‍സീവ് മിഡ് ഫീല്‍ഡര്‍ റോളിലാണ് കളിച്ചിരുന്നത്. എന്നാല്‍ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഈ പൊസിഷനില്‍ നിന്ന് തന്നെ താരം ഗോളുകള്‍ അടിച്ചുകൂട്ടാന്‍ തുടങ്ങി.
പതിനഞ്ചാം വയസില്‍ അത്‌ലറ്റികോ പരാനെന്‍സില്‍ കളിച്ച താരം അതുവരെയുള്ളതില്‍ വെച്ച് ഏറ്റവുമുയര്‍ന്ന തുകയ്ക്കാണ് സൈന്‍ ചെയ്യപ്പെട്ടത്. അക്കൊല്ലം ബ്രസീലിയന്‍ കപ്പ് ഫൈനലിലും അദ്ദേഹം ടീമിനെയെത്തിച്ചു.
2022ല്‍ തന്നെ ബ്രസീലിന്റെ അണ്ടര്‍ 20 ടീമിലും വിറ്റോര്‍ ഇടം നേടി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടവും ഈ ടീം സ്വന്തമാക്കി. പിന്നാലെ മുന്‍ ബ്രസീലിയന്‍ ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോയുമായി താരത്തെ പലരും താരതമ്യപ്പെടുത്താനാരംഭിച്ചു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മോറോക്കോക്കെതിരായ മത്സരത്തില്‍ ബ്രസീല്‍ ദേശീയ ടീമിലും 16കാരന്‍ പയ്യന്‍ അരങ്ങേറി. മത്സരം ബ്രസീല്‍ 2-1ന് തോറ്റിരുന്നു.
ആധുനിക ഫുട്‌ബോളില്‍ ഏറെ പ്രാധാന്യമുള്ള രണ്ട് സവിശേഷതകളാണ് താരത്തിനുള്ളത്. കൗമാര താരത്തിന്റെ ഫിസിക്കാലിറ്റിയും റോ സ്‌കില്ലുകളും പന്ത് നേടിയെടുക്കുന്നതിലും എതിര്‍ താരങ്ങളെ വെട്ടിയൊഴിഞ്ഞ് മുന്നേറുന്നതിനും സഹായിക്കുന്നതാണ്.
ബോക്‌സിനകത്ത് വലംകാലന്‍ ഷോട്ടുകളിലൂടെ അപകടകാരിയാകാന്‍ വിറ്റോറിനാകും. സെന്‍ട്രല്‍ സ്‌ട്രൈക്കര്‍ റോളില്‍ ബ്രസീല്‍, ബാഴ്‌സലോണ ആരാധകര്‍ വരുംകാലത്ത് ഏറ്റവുമേറെ പാടിപ്പുകഴ്ത്താന്‍ പോകുന്നൊരു പേരായി വിറ്റോര്‍ റോക്ക് മാറുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.